'ബാഹുബലിക്ക് പോലും ഇത്രയും ജൂനിയര്‍ ആര്‍ട്ടിസ്റ്റ് വേണ്ടി വന്നിട്ടുണ്ടാവില്ല'; റോഡ് ഷോ നടത്തി അന്‍വര്‍ എയറില്‍
പാലക്കാട് കഴിഞ്ഞ ദിവസം നടത്തിയ 'ശക്തിപ്രകടനത്തിലൂടെ' എയറിലായി നിലമ്പൂര്‍ എംഎല്‍എയും ഡിഎംകെ നേതാവുമായ പിവി അന്‍വര്‍. പാലക്കാട് തന്റെ കരുത്ത് തെളിയിക്കാന്‍ എന്ന പേരില്‍ അന്‍വര്‍ നടത്തിയ റോഡ് ഷോയില്‍ പങ്കെടുക്കാനെത്തിയ ഭൂരിഭാഗം പേരേയും ഏജന്റ് മുഖേന എത്തിച്ചതാണ് എന്ന് വ്യക്തമായതോടെയാണ് പണി പാളിയത്. പരിപാടിയില്‍ അന്‍വറിന്റെ പ്ലക്കാര്‍ഡുമേന്തി എത്തിയവരാണ് തങ്ങളെ ഏജന്റുമാര്‍ എത്തിച്ചതാണ് എന്ന് വ്യക്തമാക്കിയത്.
ദിവസക്കൂലിയ്ക്കാണ് തങ്ങള്‍ എത്തിയത് എന്നും സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാരായി പോകാറുണ്ട് എന്നും ഇവര്‍ തന്നെ മാധ്യമങ്ങളോട് പറഞ്ഞു. ഡിഎംകെയില്‍ ചേര്‍ന്നിട്ട് കുറേ കാലം ആയോ എന്ന് ചോദ്യത്തിന് താന്‍ കുറേ ഷൂട്ടിംഗിനൊക്കെ പോകാറുണ്ട് എന്നായിരുന്നു ഒരു സ്ത്രീയുടെ മറുപടി. എറണാകുളത്തും മറ്റും ഇങ്ങനെ പോകാറുണ്ട് എന്നും പുഷ്പ എന്ന സ്ത്രീയാണ് തങ്ങളെ എത്തിച്ചത് എന്നും മറ്റൊരു സ്ത്രീ പറഞ്ഞു.

15 പേരാണ് തങ്ങള്‍ക്കൊപ്പം വന്നത് എന്നും ഇവര്‍ വ്യക്തമാക്കി. സാധാരണ ഇത്തരം പരിപാടിയില്‍ പങ്കെടുത്താല്‍ 500-600 രൂപ കിട്ടാറുണ്ട് എന്നും ഗുരുവായൂരമ്പല നടയില്‍ എന്ന സിനിമയിലൊക്കെ അഭിനയിച്ചിട്ടുണ്ട് എന്നുമാണ് മറ്റൊരു സ്ത്രീ പറഞ്ഞത്. എന്നാല്‍ ഇതിന് പിന്നില്‍ സിപിഎം ആണ് എന്നും പുറത്ത് നിന്ന് ആളെയിറക്കി പരിപാടി മനപൂര്‍വം അലങ്കോലമാക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നുമായിരുന്നു അന്‍വറിന്റെ പ്രതികരണം.
ഏതായാലും അന്‍വറിന് സോഷ്യല്‍ മീഡിയയിലാകെ ട്രോളുകളുടെ പൂരമാണ്. ഇതും വെച്ചാണ് കോണ്‍ഗ്രസിനോട് അന്‍വര്‍ വിലപേശിയത് എന്നും കോണ്‍ഗ്രസിന് പറ്റിയ കൂട്ടാളി തന്നെയാണ് അന്‍വര്‍ എന്നുമാണ് പലരും പറയുന്നത്. 'ഞാനിതിനെ പോസിറ്റീവായി കാണുന്നു. കാരണം കുറെ പേര്‍ക്ക് ദിവസം വേതനം ലഭിച്ച ഒരു പരിപാടിയാണ് ഇത്', എന്നാണ് മറ്റൊരാള്‍ കമന്റായി രേഖപ്പെടുത്തിയത്.
ആ സ്ത്രീകള്‍ സത്യം പറഞ്ഞതിനാല്‍ ഇനി അവര്‍ക്ക് കാശ് കിട്ടാതെ വരുമോ എന്ന ആശങ്കയാണ് മറ്റൊരാള്‍ പങ്ക് വെക്കുന്നത്. ഇത് കൂടാതെ എമ്പുരാന്റെ ഷൂട്ടിംഗിന് അന്‍വറിന്റെ കൈയില്‍ നിന്ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ തേടുന്ന പൃഥ്വിരാജിന്റെ മീമുകളും സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പടം വിജയിക്കട്ടെ, അല്ല പരിപാടി വിജയിക്കട്ടെ എന്ന് പറഞ്ഞ സ്ത്രീയുടെ വീഡിയോയും ട്രോളായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.
ശക്തി പ്രകടനത്തിന് വന്നത് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണെങ്കില്‍ കൊട്ടിക്കലാശത്തിന് വരാന്‍ പോകുന്നത് രജനീകാന്തായിരിക്കും, ജയ് അമ്പൂക്കാ എന്നാണ് മറ്റൊരാളുടെ കമന്റ്. 'ശക്തി പ്രകടനത്തിന് വന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ മുഴുവന്‍ സീനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ആകുമെന്ന് പിവി അന്‍വര്‍' എന്നാണ് മറ്റൊരാള്‍ അന്‍വറിന്റെ പേജില്‍ കമന്റായി രേഖപ്പെടുത്തിയിരിക്കുന്നത്. ബാഹുബലിക്ക് പോലും ഇത്രയും ജൂനിയര്‍ ആര്‍ട്ടിസ്റ്റ് വേണ്ടി വന്നിട്ടുണ്ടാവില്ല എന്നാണ് മറ്റെരാളുടെ പരിഹാസം.
ഇന്നലെയാണ് പാലക്കാട് മണ്ഡലത്തിലെ തന്റെ സ്ഥാനാര്‍ത്ഥിയായിരുന്ന മിന്‍ഹാജിനെ പിവി അന്‍വര്‍ പിന്‍വലിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെ ഡിഎംകെ പിന്തുണയ്ക്കും എന്നും അന്‍വര്‍ പ്രഖ്യാപിച്ചിരുന്നു. വയനാട്ടിലും യുഡിഎഫിനാണ് അന്‍വറിന്റെ പിന്തുണയെങ്കിലും ചേലക്കരയില്‍ രമ്യ ഹരിദാസിനെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുണ്ട്.












Click it and Unblock the Notifications