എഡിജിപി ആർഎസ്എസ് നേതാവിനെ കണ്ടത് വിഡി സതീശന് വേണ്ടി: പിവി അന്‍വർ
മലപ്പുറം: പ്രതിപക്ഷ നേതാവ് വിഡി സതീശന് വേണ്ടിയാണ് എ ഡി ജി പി എംആർ അജിത് കുമാർ ആർ എസ് എസ് നേതാവ് ദത്താത്രേയ ഹൊസബലയുമായി കൂടിക്കാഴ്ച നടത്തിയതെന്ന് പിവി അന്‍വർ എം എല്‍ എ. എ ഡി ജിപി ക്ക് ആർ എസ് എസുമായും യു ഡി എഫുമായും ബന്ധമുണ്ട്. ഇവർ ഇത്തരത്തിൽ പല പ്രശ്നങ്ങളും സർക്കാരിനും ഇടതുപക്ഷത്തിനുമെതിരെ ഉണ്ടാക്കുകയാണ്. എന്നിട്ടും എ ഡി ജി പിയും ആർ എസ് എസുമായുള്ള കൂടിക്കാഴ്ചയുടെ കുറ്റം മുഖ്യമന്ത്രി മേൽ ചാർത്തി രക്ഷപ്പെടാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നതെന്നും പിവി അന്‍വർ ആരോപിച്ചു.
വിഡി സതീശനെ പ്രതിസ്ഥാനത്ത് നിർത്തുന്ന പുനർജ്ജനി കേസ് അന്വേഷണം അട്ടിമറിച്ചത് എ ഡി ജി പി ഇടപെട്ടാണ്. പ്രതിപക്ഷ നേതാവിന് ധൈര്യമുണ്ടെങ്കിൽ പുനർജനി കേസിൽ ഇഡി അന്വേഷണം ആവശ്യപ്പെടുകയാണ് വേണ്ടതെന്നും പിവി അന്‍വർ മലപ്പുറത്ത് മാധ്യമപ്രവർത്തകരോടായി പറഞ്ഞു.

കേരളാ പോലീസിൽ ചില പുഴുക്കുത്തുകൾ ഉണ്ടെന്നും,അവർ എത്ര ഉന്നതരായാലും നടപടി ഉണ്ടാകുമെന്നും ബഹുമാനപ്പെട്ട മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും അന്‍വർ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. നല്ലവരായ നിരവധി പോലീസ് ഉദ്യോഗസ്ഥരുള്ള പോലീസ് സേനയ്ക്കാകെ കളങ്കമായി കൊണ്ട്,പോലീസിലെ ഒരു ചെറിയ വിഭാഗം ക്രിമിനലുകൾ ജീവിതം തകർത്ത നിസ്സഹായരായ നിരവധി മനുഷ്യർ നമ്മൾക്ക് ചുറ്റുമുണ്ട്.
എ ഡി ജി പി എംആർ അജിത്ത് കുമാർ,മലപ്പുറം എസ് പി സുജിത്ത് ദാസ് എന്നിവർ ഇതിൽ പ്രമുഖരാണെന്നാണ് വ്യക്തിപരമായുള്ള എന്റെ വിശ്വാസം. സംസ്ഥാനത്ത് നടന്ന പല ക്രൈമുകളിലും ഇവർ നേരിട്ട് ഇടപെട്ടിട്ടുണ്ട് എന്ന കൃത്യമായ ബോധ്യമുണ്ട്.അത് വെളിച്ചത്ത് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് നമ്മൾ.
കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് വൻ സ്വർണ്ണക്കടത്തും കൊള്ളയും അടുത്തിടെയായി നടക്കുന്നുണ്ട്. മലപ്പുറം മുൻ എസ് പി സുജിത്ത് ദാസും സംഘവുമാണ് ഇതിന്റെ പിന്നിൽ. സ്വർണ്ണം പൊട്ടിക്കലിനൊപ്പം,നിയമപരമായി സ്വർണ്ണം കൊണ്ടുവരുന്ന ആളുകളെ വരെ ഇവർ കൊള്ളയടിച്ചിട്ടുണ്ട് എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറാൻ തയ്യാറായിട്ടുള്ളവർക്കും എന്നെ ബന്ധപ്പെടാമെന്നും അദ്ദേഹം പറഞ്ഞു.
പോലീസിലെ ഒരു ചെറിയ വിഭാഗം നടത്തിയിട്ടുള്ള ഇത്തരം ക്രിമിനൽ ആക്ടിവിറ്റികളെ പറ്റി വിവരം നൽകാൻ കഴിയുന്ന ആളുകൾ ധൈര്യത്തോടെ മുൻപോട്ട് വരികയാണ് വേണ്ടത്.ഇത്തരം വിവരങ്ങൾ കൃത്യമാണെങ്കിൽ,അവർക്കൊപ്പം തന്നെ ഈ സർക്കാർ ഉണ്ടാകും.മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് അവർക്ക് ആവശ്യമായ സഹായങ്ങളും സുരക്ഷയും നമ്മൾ നൽകമെന്നും എംഎല്‍എ വ്യക്തമാക്കിയിരുന്നു.
അതേസമയം, ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് എ ഡി ജി പി തന്നെ സമ്മതിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന് നല്‍കിയ വിശദീകരണത്തിലാണ് കൂടിക്കാഴ്ച നടന്നുവെന്ന് എ ഡി ജി പി സമ്മതിക്കുന്നത്. സ്വകാര്യ സന്ദർശനമായിരുന്നുവെന്നും ഒപ്പം പഠിച്ച ആളുടെ ക്ഷണപ്രകാരമാണ് പോയതെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.












Click it and Unblock the Notifications