'രാഹുലിനെ പിവി അൻവർ അങ്ങോട്ട് വിളിച്ച് വരാൻ ആവശ്യപ്പെട്ടു'; ഷാഫി പറമ്പിൽ
രാഹുൽ മാങ്കൂട്ടത്തിലിനോട് പി വി അൻവർ അങ്ങോട്ട് പോയി കാണാൻ ആവശ്യപ്പെട്ടതാണെന്ന് ഷാഫി പറമ്പിൽ എം പി. അന്‍വറിനെ സന്ദർശിച്ച രാഹുലിന്റെ നടപടിയെ വിഡി സതീശനടക്കം തള്ളി രംഗത്തെത്തിയതിന് പിന്നാലെയാണ് ഷാഫിയുടെ മലക്കംമറിച്ചിൽ. ആരാണ് തുടരേണ്ടത്, ആരാണ് പോകേണ്ടത് എന്ന് ജനങ്ങൾക്ക് നല്ല ബോധ്യമുണ്ട്. ഈ തിരഞ്ഞെടുപ്പ് എന്തിന്റെ പേരിലാണ് പോരാടേണ്ടതെന്ന കൃത്യമായ ധാരണ ജനങ്ങൾക്കുണ്ടെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
'വന്യമൃഗങ്ങളുടെ ഇവിടുത്തെ ശല്യം സഹിക്കാൻ കഴിയാത്ത ജനങ്ങൾ അത് പരിഹരിക്കാത്ത സർക്കാരിന്റെ ശല്യം തീർക്കാൻ കാത്തിരിക്കുകയാണ്. ഭരണത്തുടർച്ചയുടെ അല്ല ഭരണമാറ്റത്തിന്റെ സൂചനയാണ് നിലമ്പൂരിൽ നിന്നും ഉണ്ടാകാൻ പോകുന്നത്. ഞങ്ങൾ നഷ്ടപ്പെട്ടതിനെ തിരിച്ചുപിടിക്കുന്ന തിരഞ്ഞെടുപ്പായി നിലമ്പൂരിലെ തിരഞ്ഞെടുപ്പ് മാറും.

ജനങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് കോൺഗ്രസിന് ലഭിക്കുന്നത്. ആര്യാടൻ ഷൗക്കത്തിന് നിരവധി പേരുടെ പിന്തുണയുണ്ട്. തെല്ലും അഹങ്കാരമില്ലാതെ ആത്മവിശ്വാസത്തോടെ തന്നെ നേരിടും. ഈ സർക്കാർ മാറണമെന്നത് കേരളത്തിലെ ഭൂരിപക്ഷം വരുന്ന ജനങ്ങളുടെ ചിന്തയാണ്.
പിവി അൻവറിനെ കാണാൻ പോയത് സ്വന്തം ഇഷ്ടപ്രകാരമാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ സമ്മതിച്ച കാര്യമാണ്. ഞാൻ മനസിലാക്കിയത് അയാളെ വിളിച്ചുവരുത്തിയതാവും എന്നാണ്. കാണണം എന്ന് അയാളോട് അങ്ങട് ആവശ്യപ്പെട്ടൂവെന്നാണ് ഞാൻ മനസിലാക്കിയത്. അതെന്തായാലും രാഹുൽ വ്യക്തമാക്കി കഴിഞ്ഞു. നേതൃത്വവും വ്യക്തമാക്കി കഴിഞ്ഞു.
പിണറായിസത്തിനെതിരെ മാറ്റമുണ്ടാക്കാൻ കഴിയുന്ന ഏക മുന്നണി യുഡിഎഫ് ആണ്. അത് ജനങ്ങൾ അംഗീകരിച്ചതാണ്, ലോക്സഭ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പിലുമെല്ലാം ഞങ്ങൾ അക്കാര്യം കണ്ടതാണ്, ഷാഫി പറഞ്ഞു. അതേസമയം രാഹുൽ മാങ്കൂട്ടത്തിലിന്റെ സന്ദർശനത്തെ കുറിച്ച് പിവി അൻവറും ഇന്ന് പ്രതികരിച്ചിരുന്നു. 'രാഹുൽ മാങ്കൂട്ടത്തിൽ ഇന്നലെ വന്ന് നിങ്ങൾ ക്ഷമിക്കണമെന്ന് പറഞ്ഞു, ഞാൻ പറഞ്ഞു മത്സരത്തിനില്ല എന്ന്, ജനങ്ങൾ തീരുമാനിക്കട്ടെയെന്ന്. അദ്ദേഹം പറഞ്ഞു നിങ്ങൾ ഒറ്റപ്പെടേണ്ടവനല്ല, ഞാൻ നേതൃത്വവുമായി ആലോചിക്കട്ടെ എന്ന് എന്നോടുള്ള സൗഹൃദബന്ധത്തിന്റെ പേരിൽ പറഞ്ഞിട്ട് പോയ ആ വ്യക്തിയെ മൂലക്കലാക്കി ഇന്ന് പറയുകയാണ് യു ഡി എഫ് വാതിലടിച്ചു എന്ന്', അൻവർ പ്രതികരിച്ചു. ഇന്ന് രാത്രിയോടെയാണ് രാബുൽ അൻവറിന്റെ വസതിയിലെത്തിയത്. താൻ മത്സരിക്കുമെന്ന് അൻവർ വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു കൂടിക്കാഴ്ച. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.












Click it and Unblock the Notifications