പുതിയ നിയമലംഘനം.. പിവി അൻവർ എംഎൽഎയുടെ വാട്ടർ തീം പാർക്കിന് ആരോഗ്യ വകുപ്പിന്റെ അനുമതിയില്ല
തിരുവമ്പാടി: ഭരണകക്ഷി എംഎല്‍എ പിവി അന്‍വറിന്റെ വാട്ടര്‍തീം പാര്‍ക്കിന് ആരോഗ്യ വകുപ്പിന്റേയും അനുമതിയില്ലെന്ന് റിപ്പോര്‍ട്ട്. നിയമങ്ങള്‍ കാറ്റില്‍ പറത്തി പ്രവര്‍ത്തിക്കുന്നതിന്റെ പേരില്‍ നേരത്തെ തന്നെ വിവാദത്തിലാണ് കക്കാടം പൊയിലില്‍ പ്രവര്‍ത്തിക്കുന്ന എംഎല്‍എയുടെ വാട്ടര്‍തീം പാര്‍ക്ക്. പാര്‍ക്കിന്റെ നിര്‍മ്മാണം അനധികൃതമാണ് എന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. അതിനിടെയാണ് പുതിയ വിവാദം. ഇത്തരമൊരു പാര്‍ക്കിന് ആരോഗ്യവകുപ്പിന്റെ അനുമതി നിര്‍ബന്ധമാണെന്നിരിക്കേ എംഎല്‍എ അപേക്ഷ പോലും സമര്‍പ്പിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. വെള്ളവുമായി ബന്ധപ്പെട്ടാണ് പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ എന്നത് കൊണ്ടാണ് വാട്ടര്‍ തീം പാര്‍ക്കുകള്‍ക്ക് ആരോഗ്യ വകുപ്പിന്റെ എന്‍ഒസി നിര്‍ബന്ധമാക്കിയിരിക്കുന്നത്.

എംഎല്‍എയുടെ നിയമലംഘനം സംബന്ധിച്ച വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരമുള്ള അന്വേഷണത്തിലാണ് പുറത്ത് വന്നിരിക്കുന്നത്. ആരോഗ്യവകുപ്പിന്റേതായി തദ്ദേശസ്ഥാപനങ്ങളുടെ ഭക്ഷ്യസുരക്ഷാ വിഭാഗം നല്‍കുന്ന സാനിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റാണ് സമര്‍പ്പിച്ചിരിക്കുന്നതെന്ന് വിവരാവകാശ രേഖകളില്‍ നിന്നും വ്യക്തമാണ്. പാര്‍ക്കിന്റെ പ്രവര്‍ത്തനാനുമതി സംബന്ധിച്ച കേസ് നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. എംഎല്‍എയുടെ പാര്‍ക്കുമായി ബന്ധപ്പെട്ട് എട്ടോളം നിയമലംഘനങ്ങള്‍ പുറത്ത് വന്നിരുന്നു. ഈ വിവാദങ്ങള്‍ നിയമസഭയില്‍ ഉള്‍പ്പെടെ ഉന്നയിക്കപ്പെട്ടിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ എംഎല്‍എ തിരുത്തല്‍ നടപടികള്‍ തുടങ്ങിയിരുന്നു. അതിനിടെയാണ് പുതിയ നിയമലംഘനവും പുറത്തായിരിക്കുന്നത്.












Click it and Unblock the Notifications