'ഞാൻ നടുപക്ഷത്ത് നിൽക്കും,സിപിഎം പാർലമെന്ററി പാർട്ടി യോഗത്തിനുമില്ല'; എൽഡിഎഫ് ബന്ധം ഉപേക്ഷിച്ച് പിവി അൻവർ
തിരുവനന്തപുരം: എംഎൽഎ സ്ഥാനം രാജിവെയ്ക്കില്ലെന്ന് പിവി അൻവർ. അതേസമയം ഇനി സിപിഎം പാർലമെന്ററി യോഗത്തിൽ പങ്കെടുക്കില്ലെന്നും അൻവർ പറഞ്ഞു. ഇനി നിയമസഭയിൽ പ്രത്യേകം ഇരിക്കും. അതിനായി സ്പീക്കറോട് അനുവാദം ചോദിക്കും. ഞായറാഴ്ച നിലമ്പൂരിൽ പൊതുസമ്മേളനം വിളിക്കുന്നുണ്ട്. അന്ന് തന്റെ മുന്നോട്ടുള്ള നീക്കം ജനങ്ങളെ അറിയിക്കുമെന്നും അൻവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
'ഇടതും വലതുമല്ല, ഞാൻ നടുക്ഷത്ത് നിൽക്കും. സ്പീക്കറോട് നടുവിലൊരു സീറ്റ് നൽകാൻ ആവശ്യപ്പെടും. കോൺഗ്രസിൽ നിന്ന് ഏതായും പുറത്താക്കി , ഇവിടെ എവിടേയും എത്തിയിട്ടുമില്ല. മലപ്പുറത്ത് നിന്ന് വലിഞ്ഞ് കയറി വന്ന കോൺഗ്രസുകാരനാണല്ലോ. ലീഗ് എന്തായാലും എടുക്കില്ല. കോൺഗ്രസുകാർ അടുപ്പിക്കില്ല, ബി ജെ പിയിലേക്ക് പോകാനും പറ്റില്ല, അപ്പോൾ പിന്നെ മറ്റെന്താണ് ചെയ്യാൻ സാധിക്കുക. ഞാൻ ജനങ്ങളെ കണ്ടാണ് ജീവിക്കുന്നത്.

എം എൽ എ സ്ഥാനം രാജിവെക്കില്ല. അതൊന്നും ആരും കരുതേണ്ട. ജനങ്ങളാണ് എം എൽ എ എന്ന മൂന്നക്ഷരം തനിക്ക് നൽകിയത്. അതോണ്ട് അതൊന്നും ആരും മനസിൽ കരുതേണ്ട. ഈ ഒന്നേ മുക്കാൽ കൊല്ലം ഞാൻ എം എൽ എ ആയി ഇവിടെ തന്നെ ഉണ്ടാകും. ജനങ്ങളെയാണ് ഞാൻ ബോധ്യപ്പെടുത്തുക. ഞായറാഴ്ചയോ തിങ്കളാഴ്ചയോ നിലമ്പൂരിൽ പൊതുസമ്മേളനം വിളിക്കും. ജനങ്ങളെ അടുത്ത നീക്കം അറിയിക്കും', അൻവർ പറഞ്ഞു.
മുഖ്യമന്ത്രി എന്നെ വഞ്ചിച്ചുവെന്ന് മനസിലായതിനാലാണ് ഞാൻ ഇപ്പോൾ തുറന്ന് സംസാരിക്കുന്നത്. ഞാൻ പാവപ്പെട്ട സഖാക്കൾക്ക് വേണ്ടിയാണ് സംസാരിച്ചത്. എന്നെ കള്ളനാക്കി, പേടിപ്പിച്ചു, ഭിഷണിപ്പെടുത്താനായിരുന്നു ശ്രമം. പാർലമെന്ററി പാർട്ടി യോഗത്തിൽ ഈ വിഷയങ്ങളൊക്കെ ഉന്നയിക്കണമെന്ന് പറയുന്നതൊക്കെ അടുത്ത തമാശയാണ്. സാധരണ നിയലയിൽ നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസമാണ് യോഗം നടക്കുക, അല്ലെങ്കിൽ തലേദിവസം. ഞാൻ യോഗത്തിൽ പങ്കെടുക്കാറുണ്ട്. അവിടെ എന്ത് പറയാനാണ്? അവിടെ നിന്ന് കാര്യങ്ങൾ ഇങ്ങോട്ട് പറയും. ഞാൻ പറഞ്ഞിട്ടുണ്ട്, അതൊക്കെ ഞാൻ നിർത്തി. ഈ വരുന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ താൻ പങ്കെടുക്കില്ല. ഞാൻ എന്തിന് ഇനി പങ്കെടുക്കണം.
പാർട്ടി പ്രവർത്തകരിലും കോടതിയിലുമാണ് എന്റെ വിശ്വാസം. ഈ നാട്ടിലെ സാധാരണക്കാർക്ക് വേണ്ടി പോരാടുന്ന സഖാക്കൻമാർക്കൊപ്പമാണ് താൻ. ആ ഡിവൈഎഫ്ഐക്കാരൊക്കെ ഇപ്പോഴും പൊതിച്ചോറ് കൊടുക്കുകയാണ്. അവർ എന്നോടൊപ്പമാണ്. എനിക്ക് അവരോടാണ് സ്നേഹം. അവർക്കൊപ്പം താൻ ഉണ്ടാകും', പിവി അൻവർ പറഞ്ഞു.












Click it and Unblock the Notifications