പിവി അന്‍വർ എംഎല്‍എ സ്ഥാനം രാജിവെച്ചു: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലേക്ക്; മത്സരിക്കില്ലെന്ന് അന്‍വർ
തിരുവനന്തപുരം: പിവി അന്‍വർ എം എല്‍ എ സ്ഥാനം രാജിവെച്ചു. നിയമസഭ ചേംമ്പറിലെത്തി സ്പീക്കർ എഎന്‍ ഷംസീറിനെ കണ്ട് രാജിക്കത്ത് കൈമാറി. തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേർന്ന പിവി അന്‍വറിന് മുന്നില്‍ അയോഗ്യത ഭീഷണിയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് രാജി. സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച ജനപ്രതിനിധി പദവി രാജിവെക്കാതെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയില്‍ ചേരുകയാണെങ്കില്‍ അയോഗ്യത നേരിടേണ്ടി വരും എന്നാണ് ചട്ടം.
എം എല്‍ എ സ്ഥാനം നീക്കിയ കാറിലായിരുന്നു പി വി അന്‍വർ സ്പീക്കറെ കാണാനായി എത്തിയത്. അന്‍വർ രാജിവെച്ചതോടെ നിലമ്പൂരില്‍ 6 മാസത്തിനുള്ളില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കും. ഈ തിരഞ്ഞെടുപ്പില്‍ യു ഡി എഫും അന്‍വറും എന്ത് നിലപാട് സ്വീകരിക്കും എന്നത് പ്രധാനമാണ്. യു ഡി എഫ് പ്രവേശനത്തിനായി അന്‍വർ പല തവണ ശ്രമിച്ചെങ്കിലും മെല്ലേപ്പോക്ക് നയമാണ് കോണ്‍ഗ്രസ് സ്വീകരിച്ച് വരുന്നത്. ഇതിന് ഇടയിലാണ് കാലാവധി തീരാന്‍ ഒന്നര വർഷം ബാക്കി നില്‍ക്കെ അന്‍വർ എം എല്‍ എ സ്ഥാനം രാജിവെക്കുന്നത്.

ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി അന്‍വർ തന്നെ മത്സരിക്കാനാണ് സാധ്യത. തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനർജി മുന്നോട്ട് വെച്ച നിർദേശവും ഇതായിരുന്നു. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ രാജ്യസഭാ സീറ്റ് തൃണമൂല്‍ അന്‍വറിന് വാഗ്ദാനം ചെയ്തതായും സൂചനയുണ്ട്. അന്‍വറുമായി സഹകരിക്കാന്‍ തീരുമാനിച്ചാല്‍ നിലമ്പൂർ ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് അദ്ദേഹത്തെ പിന്തുണച്ചേക്കും.
അന്‍വറിനെ നിലമ്പൂരില്‍ പിന്തുണച്ചാല്‍ അത് മലപ്പുറത്തെ കോണ്‍ഗ്രസിനുള്ളില്‍ വലിയ എതിർപ്പുകള്‍ക്ക് ഇടയാക്കും. യു ഡി എഫിലേക്ക് കടക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി ഉപതിരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ മത്സരിക്കാതെ യു ഡി എഫിനെ പിന്തുണച്ചുകൊണ്ട് അന്‍വർ മാറി നില്‍ക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. യു ഡി എഫും എല്‍ ഡി എഫും പിന്തുണക്കാതെ വരികയും നിലമ്പൂരില്‍ പരാജയപ്പെടുകയും ചെയ്താല്‍ അത് അന്‍വറിന് വലിയ തിരിച്ചടിയാകും. ഈ സാഹചര്യത്തില്‍ യു ഡി എഫിനോടൊപ്പം ചേർന്ന് നിന്നുകൊണ്ട് 2026 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ സുരക്ഷിതമായ സീറ്റ് ഉറപ്പിക്കാനുള്ള ശ്രമങ്ങള്‍ അന്‍വറിന്റെ ഭാഗത്ത് നിന്നും ഉണ്ടായേക്കും.
2016 ലെ നിയമസഭ തിരഞ്ഞെടുപ്പിലാണ് എല്‍ ഡി എഫ് പിന്തുണയോടെ നിലമ്പൂരില്‍ നിന്നും ആദ്യമായി വിജയിക്കുന്നത്. അന്ന് യു ഡി എഫിലെ ആര്യാടന്‍ ഷൗക്കത്തിനെതിരെ 11504 വോട്ടുകള്‍ക്കായിരുന്നു അന്‍വറിന്റെ വിജയം. 2021 ല്‍ 2794 വോട്ടുകള്‍ക്ക് വികെ പ്രകാശിനെ പരാജയപ്പെടുത്തി രണ്ടാംതവണയും അദ്ദേഹം നിയമസഭയിലേക്ക് എത്തി.












Click it and Unblock the Notifications