മലപ്പുറം 'മൂരി റിപ്പബ്ലിക്കല്ല': കെ ഷാജിക്കെതിരെ പിവി അന്‍വർ, പികെ കുഞ്ഞാലിക്കുട്ടിക്ക് പുകഴ്ത്തലും
മുസ്ലിം ലീഗ് നേതാക്കളായ കെഎം ഷാജിയെ രൂക്ഷമായി വിമർശിച്ചും പികെ കുഞ്ഞാലിക്കുട്ടിയെ പ്രശംസിച്ചും പിവി അന്‍വർ എംഎല്‍എ. താനൂർ ബോട്ട് അപകടവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് എംഎല്‍എയുടെ പ്രതികരണം. പിണറായി വിജയൻ ഞങ്ങളുടെ ഔദാര്യത്തിന്റെ ഭാഗമായി താനൂരിൽ വന്ന് പോയെന്ന് കെഎം ഷാജി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് 14 ജില്ലകളിലും വന്ന് പോകാൻ ഇവിടെ ഒരുത്തന്റെയും ഔദാര്യം ആവശ്യമില്ല. അങ്ങനെ പ്രഖ്യാപിക്കാൻ മലപ്പുറം ജില്ല ഒരുത്തന്റെയും തറവാട്ട് സ്വത്തല്ലെന്നാണ് ഇതിനോട് പിവി അന്‍വർ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിക്കുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ഇന്നത്തെ മുസ്ലീം ലീഗിന്റെ രാഷ്ട്രീയത്തെ രണ്ടായി തന്നെ തരം തിരിക്കാം. ഒന്നാമത്തേത്, സ്വന്തം രാഷ്ട്രീയത്തിൽ ഊന്നി നിന്ന് കൊണ്ട് തന്നെ പക്വതയോടെ നിലപാടെടുക്കുന്ന, നാടിന്റെ വിഷമം പൊതുവിഷയമായി കണ്ട് അതിൽ രാഷ്ട്രീയം ചേർക്കാതെ ജനങ്ങൾക്കൊപ്പം നിൽക്കുന്ന പി.കെ.കുഞ്ഞാലികുട്ടി സാഹിബിന്റെ രാഷ്ട്രീയം. താനൂർ ദുരന്തവേളയിൽ അദ്ദേഹം ഉയർത്തിയ നിലപാട് അങ്ങേയറ്റം അഭിനന്ദനം അർഹിക്കുന്നതാണ്. ഒരുപക്ഷേ,കേരളം ആഗ്രഹിക്കുന്നതും അർഹിക്കുന്നതും അദ്ദേഹത്തെ പോലെ ഒരു പ്രതിപക്ഷ നേതാവിനെയാണ്. അത്ര പക്വതയോടെയാണ് അദ്ദേഹത്തിന്റെ ഇടപെടൽ.

മറുവശത്ത്, അഹങ്കാരത്തിന്റെ ചില പ്രതിരൂപങ്ങളുണ്ട്. "പിണറായി വിജയൻ ആരാണ്?ഒരു പഞ്ചായത്ത് മെമ്പറെങ്കിലുമാണോ?" എന്ന ചോദ്യം ഉയർത്തിയയിടത്ത് നിന്ന് ഒരു പഞ്ചായത്ത് മെമ്പർ പോലും അല്ലാതെ,"ഞാൻ ഫൈറ്റ് ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയനോടാണ്"എന്ന് പറയിക്കുന്ന നിലയിലേക്ക് പടച്ചവൻ ഈ രണ്ടാംകിട വിഭാഗത്തെ കൊണ്ടെത്തിച്ചിട്ടുണ്ട്. പി കെ കുഞ്ഞാലികുട്ടി ഉയർത്തിയ രാഷ്ട്രീയം, അദ്ദേഹത്തിന്റെ ഗ്രാഫിനെ ഉയർത്തിയിട്ടുണ്ട് എന്ന തോന്നൽ ഈ രണ്ടാംകിട വിഭാഗത്തെ നല്ലവണ്ണം ചൊടിപ്പിച്ചിട്ടുണ്ട്. അങ്ങനിപ്പോ കുഞ്ഞാപ്പ ആളാവേണ്ട എന്ന ലൈൻ.!
ഈ സൂക്കേടിന്റെ ഭാഗമായാണ് പിണറായി വിജയൻ ഞങ്ങളുടെ ഔദാര്യത്തിന്റെ ഭാഗമായി താനൂരിൽ വന്ന് പോയെന്നുള്ള സ്റ്റേറ്റ്‌മെന്റ്. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് 14 ജില്ലകളിലും വന്ന് പോകാൻ ഇവിടെ ഒരുത്തന്റെയും ഔദാര്യം ആവശ്യമില്ല. അങ്ങനെ പ്രഖ്യാപിക്കാൻ മലപ്പുറം ജില്ല ഒരുത്തന്റെയും തറവാട്ട് സ്വത്തല്ല. അങ്ങനെ വല്ല തോന്നലുമുണ്ടെങ്കിൽ,അതങ്ങ് മറന്നേക്കണം.ഒരു പഞ്ചായത്ത് മെമ്പർ പോലുമല്ലാത്തവന്റെ, അതിന്റെ പേരിൽ കിളിപോയ ഒരുത്തന്റെ ജൽപ്പനങ്ങൾ എന്നേ ഇതിനെ കാണാനാവൂ. മലപ്പുറം കേരളത്തിൽ തന്നെയാണ് കോയ.അല്ലാണ്ടെ കേരളം മലപ്പുറത്തല്ല. മലപ്പുറം"മൂരി റിപ്പബ്ലിക്കല്ല". അമ്മാതിരി ഫത്വ ഒക്കെയങ്ങ് കയ്യിൽ വച്ചാൽ മതി.












Click it and Unblock the Notifications