കനുഗോലുവിന് തുറന്ന കത്തുമായി പിവി അന്‍വർ: കേരളത്തിലെ കോണ്‍ഗ്രസ് രക്ഷപ്പെടാന്‍ എന്ത് ചെയ്യണം
കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചരണ ചുമതല ഏറ്റെടുത്തിരിക്കുന്ന കനുഗോലുവിന് തുറന്ന കത്തുമായി പിവി അന്‍വർ എംഎല്‍എ. "കേരളത്തിലെ സാഹചര്യങ്ങൾ നിങ്ങൾക്ക് അറിയാൻ വയ്യാഞ്ഞിട്ടാണ്. നിങ്ങൾ മുൻപ് പണിയെടുത്ത കർണ്ണാടകയല്ല കേരളം എന്നൊരു മിനിമം ധാരണ താങ്കൾക്ക് ഉണ്ടാവേണ്ടതുണ്ട്." എന്നാണ് പിവി അന്‍വർ ഫേസ്ബുക്കില്‍ കുറിച്ചത്. സാക്ഷാൽ അമിത് ഷാ,നേരിട്ട് വന്ന് ആളും അർത്ഥവും നൽകിയിട്ടും "ആകെയുള്ള ഒരു അക്കൗണ്ട് ഞങ്ങൾ പൂട്ടിക്കും" എന്ന് പ്രഖ്യാപിച്ച്,അത് നടപ്പിലാക്കി കാണിച്ച പിണറായി വിജയനാണ് ഞങ്ങളുടെ മുഖ്യമന്ത്രിയെന്നും അദ്ദേഹം കുറിച്ചു. പിവി അന്‍വറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

പ്രിയപ്പെട്ട ശ്രീ.കനുഗോലു അറിയാൻ..
കേരളത്തിലെ സാഹചര്യങ്ങൾ നിങ്ങൾക്ക് അറിയാൻ വയ്യാഞ്ഞിട്ടാണ്. നിങ്ങൾ മുൻപ് പണിയെടുത്ത കർണ്ണാടകയല്ല "കേരളം" എന്നൊരു മിനിമം ധാരണ താങ്കൾക്ക് ഉണ്ടാവേണ്ടതുണ്ട്.
കർണ്ണാടകയിലെ കോൺഗ്രസ്സല്ല കേരളത്തിലേത്.എ മുതൽ ഇസഡ് വരെയുള്ള ഗ്രൂപ്പുകൾ ഇടകലർന്ന,ചാവക്കാട്ടും ഗുരുവായൂരിലും ഗ്രൂപ്പുകാർ തമ്മിൽ പരസ്പ്പരം വെട്ടിക്കൊന്ന ചരിത്രമുള്ള കോൺഗ്രസാണ് ഇവിടുള്ളത്. എല്ലാവർക്കും നേതാവാകണം,അവർക്കെല്ലാം അധികാരത്തിലെത്തണം, അതിനായി അവർ എന്ത് നെറികേടും ചെയ്യും. ജനങ്ങളോട് ഒരു പ്രതിബദ്ധതയും അവർക്കുണ്ടാകില്ല. അത് മലയാളികൾ മനസ്സിലാക്കിയതിന്റെ പ്രതിഫലനമാണ് ഇന്നത്തെ ഇടതുപക്ഷത്തിന്റെ തുടർഭരണം. അത് കൊണ്ട് കതിരിൽ കൊണ്ട് താങ്കളെന്നല്ല, ആരൊക്കെ വളം വച്ചിട്ടും കാര്യമില്ല. അവർ മാറില്ല. നന്നാവില്ല.
ഇനി ഇവിടുത്തെ ജനങ്ങളെ കുറിച്ച് പറയാം.അത്യാവശ്യം ചിന്താശേഷിയും,രാഷ്ട്രീയ ധാരണയുമുള്ള ജനങ്ങളാണ് കേരളത്തിലേത്. രാഷ്ട്രീയം അവരെ ആരും പറഞ്ഞ് പഠിപ്പിക്കേണ്ടതില്ല. ആരാണ് ജനങ്ങൾക്ക് ഒപ്പമുള്ളതെന്ന് ആരും അവർക്ക് ചൂണ്ടി കാണിക്കേണ്ടതില്ല.
അവർക്ക് ആവശ്യം നാടിന്റെ വികസനവും സമൂഹത്തിന്റെ ഉന്നതിയുമാണ്. ഇടതുപക്ഷം അത് വൃത്തിയായി നടപ്പിലാക്കുന്നുണ്ടെന്ന് ജനങ്ങൾ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും അംഗീകരിച്ചിട്ടുണ്ട്. അസാധ്യമെന്ന് കരുതിയിരുന്ന ദേശീയപാതാ വികസനം,ഗെയിൽ പൈപ്പ് ലൈൻ പദ്ധതി എന്നിവയൊക്കെ നടപ്പിലാക്കി കാണിച്ച ഇടതുപക്ഷത്തെ അല്ലാതെ മറ്റാരേ അവർക്ക് അംഗീകരിക്കാനാവും!
ജനങ്ങൾക്ക് വേണ്ടത് വികസനം നടപ്പിലാക്കുന്നവരെയാണ്.
വികസനം മുടക്കികളെയല്ല.എന്തിലും ഏതിലും മുടക്കം മാത്രം പറയുന്ന "നെഗറ്റിവിറ്റി സിൻഡ്രോം" ബാധിച്ച ഒരു കൂട്ടം സാമൂഹിക വിപത്തുകളായി കണക്കാക്കി ഇവരെ ജനം മാറ്റി നിർത്താൻ തുടങ്ങിയിട്ട് ഏഴ് കൊല്ലം പൂർത്തിയായിട്ടുണ്ട്.അതിനുള്ള മരുന്ന് വല്ലതും ലഭ്യമാണെങ്കിൽ ഇവർക്ക് കൊടുക്കണം.
അടുത്തതായി ഒഴിവാക്കേണ്ടത്, യു ഡി എഫ് അടുത്തിടെ സ്ഥിരം പരീക്ഷിച്ച് തോറ്റ് തൊപ്പിയിടുന്ന ഒരു ഐറ്റമാണ്. കേരളത്തിലെ ഒരു കൂട്ടം മാധ്യമങ്ങളുടെ സഹായത്തോടെ സർക്കാരിനെതിരെ വ്യാജപ്രചരണങ്ങൾ നടത്തി,അവസാനം അതൊക്കെ പൊളിഞ്ഞ് ദയനീയമായി പരാജയപ്പെടുന്ന കലാപരിപാടി. ഇത് കൊണ്ട് പൊതുവിൽ ഒരു ഗുണമുണ്ടായിട്ടുണ്ട്. ഇത്തരം സർക്കാർ വിരുദ്ധ വാർത്തകളുടെ ഉറവിടമായ ചില മാധ്യമങ്ങളുടെ ക്രെഡിബിലിറ്റി എന്താണെന്ന് ഇന്ന് ജനങ്ങൾ വിലയിരുത്തുന്നുണ്ട്.
തൽപ്പരകക്ഷികളുടെ വീഡിയോ ബൈറ്റ് എടുത്ത് ചില യൂട്യൂബ് ചാനലുകൾ വഴി പ്രചരിപ്പിക്കുന്ന പുതിയ ഒരുതരം ബോർ പരിപാടിയും ജനങ്ങൾക്കിടയിൽ തിരിച്ചറിയപ്പെടുന്നുണ്ട്. ആത്യന്തികമായി വികസനം മാത്രമാണ് ഇവിടുത്തെ ജനങ്ങൾ വിലയിരുത്തുന്നത്, അംഗീകരിക്കുന്നത്.
പറഞ്ഞ് വന്നത് എന്താണെന്ന് വച്ചാൽ,അറിയാവുന്ന എല്ലാ പണികളുമെടുത്തോളൂ. പോയിന്റുകൾ എഴുതികൊടുത്ത് പത്രസമ്മേളങ്ങൾ നടത്തിച്ചോളൂ. ഒരു കാര്യവും ഉണ്ടാവാൻ പോകുന്നില്ല. ഈ സർക്കാരിനെ ബാധിക്കുന്ന, തകർക്കാനുള്ള ഒരു ശ്രമങ്ങളും ഈ നാട്ടിൽ വിജയിക്കില്ല. അങ്ങനെ ഒന്നുണ്ടായാൽ"പ്രതിരോധിക്കണം"എന്ന് സി.പി.ഐ.എം നിർദ്ദേശം നൽകേണ്ടതൊന്നുമില്ല എന്ന് നിങ്ങൾ മനസ്സിലാക്കണം. ഏത് പിആർ ഏജൻസി "എന്തൊക്കെ പൊളിറ്റിക്കൽ സ്റ്റ്രാറ്റജി ഇറക്കി കളിച്ചാലും", പ്രതിരോധത്തിന്റെ കോട്ട കെട്ടി ഈ സർക്കാരിനെ സംരക്ഷിക്കാൻ ലക്ഷക്കണക്കിന് സൈബർ സഖാക്കൾ തയ്യാറായി നിൽപ്പുണ്ടെന്ന് വെറുതെയെങ്കിലും ഒന്ന് മനസ്സിലാക്കി വയ്ക്കണം.
സാക്ഷാൽ അമിത് ഷാ,നേരിട്ട് വന്ന് ആളും അർത്ഥവും നൽകിയിട്ടും "ആകെയുള്ള ഒരു അക്കൗണ്ട് ഞങ്ങൾ പൂട്ടിക്കും" എന്ന് പ്രഖ്യാപിച്ച്,അത് നടപ്പിലാക്കി കാണിച്ച പിണറായി വിജയനാണ് ഞങ്ങളുടെ മുഖ്യമന്ത്രി.
വെറുതെ ഇവിടെ നിന്ന് സമയവും,
ഭാവിയും ഇല്ലാതാക്കേണ്ട.!
No Grass will walk..












Click it and Unblock the Notifications