ടിക്കറ്റുണ്ടായിട്ടും യാത്ര വിലക്കി; കേരള ഹൈക്കോടതി ജഡ്ജിക്ക് ഖത്തര്‍ എയര്‍വേയ്‌സ് നല്‍കേണ്ടത് ലക്ഷങ്ങള്‍
കൊച്ചി: സാധുവായ ടിക്കറ്റ് ഉണ്ടായിട്ടും യാത്ര വിലക്കിയ വിമാനക്കമ്പനിക്കെതിരെ ഉപഭോക്തൃ കോടതി വിധി. യാത്രക്കാരന് ഏഴര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസായിരുന്നു യാത്രക്കാരന്‍. ഇദ്ദേഹം ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു. ഖത്തര്‍ എയര്‍വേയ്‌സാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.
2018ല്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ബെച്ചു കുര്യന്‍ തോമസ് ഹൈക്കോടതി അഭിഭാഷകനായിരിക്കെ നെടുമ്പാശേരിയില്‍ നിന്ന് സ്‌കോട്ട്‌ലാന്‍ഡിലേക്കാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. ദോഹ വഴിയായിരുന്നു യാത്ര ടിക്കറ്റ്. ദോഹയില്‍ നിന്നും എന്‍ഡിബറോയിലേക്കുള്ള യാത്രയാണ് തടസപ്പെട്ടത്.

ഇതേ തുടര്‍ന്ന് വ്യക്തിപരമായ നഷ്ടമുണ്ടായെന്നും പരാതിപ്പെട്ടപ്പോള്‍ വിമാനക്കമ്പനി തന്നെ അപമാനിച്ചെന്നും പരാതിയില്‍ പറയുന്നു. നഷ്ടപരിഹാരം 30 ദിവസത്തിനുള്ളില്‍ നല്‍കണം. ഇല്ലെങ്കില്‍ ഒമ്പത് ശതമാനം പരിശയോടെ നല്‍കേണ്ടിവരും. പരാതിക്കാരന്‍ ജഡ്ജ് ആയതിനാല്‍ അഡ്വക്കേറ്റ് കമ്മിഷനെ വച്ചായിരുന്നു വിസ്താരം നടത്തിയത്.
ഖത്തര്‍ എയര്‍വേയ്‌സ്
ഖത്തറിലെ ദോഹ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിമാനക്കമ്പനിയാണ് ഖത്തര്‍ എയര്‍വേയ്‌സ്. ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, അമേരിക്ക, ഓഷ്യാനിയ എന്നിവിടങ്ങളിലെ 150 ലധികം അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഖത്തര്‍ എയര്‍വേയ്‌സ് പ്രവര്‍ത്തിക്കുന്നുണ്ട്. കമ്പനിയുടെ പൂര്‍ണ ഉടമസ്ഥത ഖത്തര്‍ സര്‍ക്കാരിന്റെതാണ് . മുന്‍ വിദേശകാര്യ മന്ത്രിയില്‍ നിന്നും മറ്റ് ഷെയര്‍ഹോള്‍ഡര്‍മാരില്‍ നിന്നും 50% ഓഹരികള്‍ വാങ്ങിയതിനെത്തുടര്‍ന്ന് ഖത്തര്‍ എയര്‍വേയ്സ് പൂര്‍ണമായും സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
200ല്‍ കൂടുതല്‍ വിമാനങ്ങള്‍ ഖത്തര്‍ എയര്‍വേയ്‌സിന്റെ കൈവശമുണ്ടെന്നാണ് റിപ്പോര്‍ട്ട്. കമ്പനിയുടെ കീഴില്‍ പതിനായിരക്കണക്കിന് ജീവനക്കാരാണ് ജോലി ചെയ്യുന്നത്. അടുത്തിടെ ഏതാനും എയര്‍ ബസ് 380 വിമാനങ്ങളുടെ സര്‍വീസ് ഘട്ടം ഘട്ടമായി നിര്‍ത്തലാക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു. എയര്‍ ബസ് 380 തകരാറുകള്‍ നേരിടുന്നുണ്ടെന്നും വരും വര്‍ഷങ്ങളില്‍ അവയുടെ ഉപയോഗം നിര്‍ത്തലാക്കുമെന്നാണ് ഖത്തര്‍ അറിയിച്ചത്. ഇതിന് പകരം എ 350 വിമാനങ്ങളാണ് ഉപയോഗിക്കുക. 2020ല്‍ കൊവിഡ് കാലത്താണ് എ 350 വിമാനങ്ങളുടെ തകരാര്‍ കണ്ടെത്തിയത്.












Click it and Unblock the Notifications