ഖത്തര്‍ കവര്‍ച്ച; ബാലകൃഷ്ണന്‍ എല്ലാം തുറന്നുപറഞ്ഞു, കിട്ടിയത് രണ്ട് ലക്ഷം രൂപ, ഒന്നും അറിയില്ലായിരുന്നു
ഖത്തര്‍ കെഎംസിസി ഓഫീസില്‍ നിന്ന് എട്ട് കോടി രൂപ കവര്‍ന്ന സംഭവത്തില്‍ അറസ്റ്റിലായ കൊയിലാണ്ടി സ്വദേശി ബാലകൃഷ്ണന്‍ കുറ്റമേല്‍ക്കുന്ന വീഡിയോ പുറത്ത്. അറബിയുടെ ലോക്കറിന്റെ താക്കോല്‍ നഷ്ടപ്പെട്ടെന്നും ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തുറക്കണമെന്നും പറഞ്ഞാണ് തനിക്ക് വിസ നല്‍കിയതും ദോഹയിലേക്ക് കൊണ്ടുപോയതും എന്ന് ബാലകൃഷ്ണന്‍ പറയുന്നു.
നാട്ടില്‍ വെല്‍ഡര്‍ ജോലി ചെയ്യുന്ന ആളാണ് ബാലകൃഷ്ണന്‍. ലോക്കര്‍ തുറന്നാല്‍ പണം കിട്ടുമെന്ന് വിശ്വസിപ്പിച്ചിരുന്നു. ഷാജി, റാഷിദ്, സ്വാലിഹ് എന്നിവരാണ് കൂടെ ഉണ്ടായിരുന്നത്. ലോക്കര്‍ പൊളിച്ച ശേഷം താന്‍ റൂമിലേക്ക് പോയി. അന്നു തന്നെ നാട്ടിലേക്ക് തിരിക്കുകയും ചെയ്തു. ഖത്തറില്‍ വച്ച് അര ലക്ഷം രൂപയും നാട്ടിലെത്തിയ ശേഷം ഒന്നര ലക്ഷം രൂപയും തന്നു എന്നും ബാലകൃഷ്ണന്‍ വീഡിയോയില്‍ പറയുന്നു.

സംഘടനയുടെ 'സ്‌നേഹ സുരക്ഷ' ക്ഷേമ പദ്ധതിക്കായി മാറ്റിവെച്ചിരുന്ന തുകയാണ് മോഷ്ടിച്ചത് എന്നാണ് ബാലകൃഷ്ണന്‍ പറയുന്നത്. ലോക്കര്‍ തുറന്നപ്പോള്‍ ഷാജി പണം കൈക്കലാക്കിയെന്നും, കമറു എന്ന് വിളിക്കപ്പെടുന്ന മറ്റൊരാളാണ് ഈ കൃത്യത്തിന് നേതൃത്വം നല്‍കിയതെന്നും ബാലകൃഷ്ണന്‍ ആരോപിച്ചു. കോഴിക്കോട്ടേക്ക് മടങ്ങാനുള്ള ടിക്കറ്റ് ഷാജിയാണ് എടുത്തുനല്‍കിയതെന്നും, തന്റെ ജീവന് ഭീഷണിയുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
അതേസമയം ആരോപണങ്ങളില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും, മറ്റ് പ്രതികളുടെ പങ്ക് അവരെ ചോദ്യം ചെയ്ത ശേഷം മാത്രമേ സ്ഥിരീകരിക്കാന്‍ കഴിയൂ എന്നും പൊലീസ് അറിയിച്ചു. ബാലകൃഷ്ണനെ കൂടാതെ റാഷി, സാലിഹ്, ബോംബെ ഷാജി, കമറുദ്ദീന്‍, ഹസ്സന്‍ എന്നിവരെയും പ്രതി ചേര്‍ത്ത് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മറ്റ് പ്രതികള്‍ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.
പത്ത് ലക്ഷം രൂപ തരുമെന്ന് ഷാജി ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞിരുന്നു. വിസയും വിമാന ടിക്കറ്റും എടുത്തുതരുമെന്നും പറഞ്ഞു. ലോക്കര്‍ തുറന്ന് പണവുമായി അവര്‍ പോയി. സായിബാബയാണ് തനിക്ക് പണം തന്നത് എന്നും ബാലകൃഷ്ണന്‍ പറയുന്നു. ഈ വീഡിയോ മുസ്ലിം ലീഗ് നേതാക്കള്‍ പോലീസിന് കൈമാറിയിട്ടുണ്ട്.
ബാലകൃഷ്ണന്‍ മാത്രമാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. ഇയാള്‍ പ്രാദേശിക ബിജെപി നേതാവാണ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചിരുന്നു. മുസ്ലിം ലീഗുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ചിലര്‍ക്ക് സംഭവത്തില്‍ പങ്കുണ്ട് എന്ന് ആരോപണമുണ്ട്. ഒരുപക്ഷേ, വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതികളുടെ എണ്ണം കൂടിയേക്കും. ഖത്തറില്‍ നിന്ന് ഭീമന്‍ തുക നഷ്ടമായിട്ടും അവിടെ പരാതി നല്‍കാതിരുന്നത് സംശയത്തിന് ഇടയാക്കിയിരുന്നു.
കൊയിലാണ്ടിയിലുള്ളവരാണ് സംഭവത്തിന് പിന്നില്‍ എന്ന് മനസിലാക്കിയാണ് കെഎംസിസി ഭാരവാഹികള്‍ കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കിയത്. 2025 സെപ്തംബറിലാണ് കേസിന് ആസ്പദമായ സംഭവം. കോടികള്‍ നഷ്ടമായിട്ടും നടപടി ഇല്ലാത്തതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ച ചില പ്രവര്‍ത്തകര്‍ക്കെതിരെ മുസ്ലിം ലീഗ് നേതൃത്വം നടപടി എടുത്തിരുന്നു.
ഖത്തറിലെ അല്‍ തുമാമയിലാണ് കെഎംസിസി ഓഫീസ്. ഇവിടെയുള്ള ജീവനക്കാരനെ കെട്ടിയിട്ടാണ് പ്രതികള്‍ കവര്‍ച്ച നടത്തിയതത്രെ. പണം മോഷ്ടിച്ച ശേഷം എല്ലാവരും ഖത്തര്‍ വിട്ടു. ഇത്രയും പണം എന്തിന് സൂക്ഷിച്ചു, പണം ഇവിടെയുണ്ട് എന്ന് ആരാണ് പ്രതികളെ അറിയിച്ചത് തുടങ്ങിയ കാര്യങ്ങള്‍ കൂടി വ്യക്തമാകാനുണ്ട്.
ലോക്കര്‍ പൊളിക്കാനാണ് ബാലകൃഷ്ണനെ സംഘം ഖത്തറിലേക്ക് കൊണ്ടുപോയത്. രണ്ടു മാസം മുമ്പാണ് കൊയിലാണ്ടി പോലീസില്‍ കെഎംസിസി ഭാരവാഹിയായ കണ്ണൂര്‍ സ്വദേശി പരാതി നല്‍കിയത്. അന്വേഷണം നടക്കുന്നതിനിടെ ബാലകൃഷ്ണന്‍ പോലീസില്‍ കീഴടങ്ങുകയായിരുന്നു. ഇതിന് മുമ്പ് മുസ്ലിം ലീഗ് നേതാക്കളോട് എല്ലാം തുറന്നുപറയുന്നതിന്റെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.


Click it and Unblock the Notifications
