സതീശന്‍ വനവാസത്തിന് പോകണോയെന്ന് ചോദ്യം; വാക്ക് പാലിക്കണമല്ലോയെന്ന് കെ സുധാകരൻ
യുഡിഎഫിന് അധികാരം കിട്ടിയാല്‍ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന അഭിപ്രായത്തില്‍ മാറ്റമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. സംസ്ഥാനത്ത് യുഡിഎഫ് വലിയ വിജയം നേടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. അധികാരം കിട്ടിയില്ലെങ്കില്‍ സതീശന്‍ വനവാസത്തിന് പോകണയെന്ന ചോദ്യത്തിന് നേതാക്കൾ വാക്ക് പാലിക്കണമല്ലോയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അദ്ദേഹത്തിന് അത്തരമൊരു വനവാസത്തിന് പോകാൻ ഇടവരാതിരിക്കട്ടെയെന്നാണ് തങ്ങളുടെ പ്രാർത്ഥനയെന്നും സുധാകരൻ പ്രതികരിച്ചു.
'അദ്ദേഹം അങ്ങനെ പോകാൻ ഇരിക്കട്ടെ , നമ്മളെല്ലാം അതിനുവേണ്ടി പ്രാർത്ഥിക്കാം. സീറ്റ് കിട്ടിയില്ലെങ്കിൽ വനവാസത്തിന് പോകേണ്ടി വരും. സ്വാഭാവികമായിട്ടും വാക്ക് പാലിക്കുന്ന നേതാക്കന്മാരാണെങ്കിൽ പോകണ്ടേ. അതിൽ നമുക്ക് സങ്കടവും പ്രയാസവും ഉണ്ട്. അതുകൊണ്ട് ഞാനൊക്കെ പ്രാർത്ഥിക്കുന്നത് അങ്ങനെ സംഭവിക്കാതിരിക്കട്ടെയെന്നാണ് ', സുധാകരൻ പറഞ്ഞു. യു.ഡി.എഫിന് എത്ര സീറ്റുകൾ കിട്ടുമെന്ന് ഇപ്പോൾ പറയാനാകില്ല. അങ്ങനെ പ്രത്യേക കണക്കുകളൊന്നും എടുത്തിട്ടില്ല. പാർട്ടി അത്തരമൊരു സർവ്വെ നടത്തി ഞങ്ങളുമായി എന്തെങ്കിലുമൊരു കണക്ക് പങ്കുവെച്ചിട്ടില്ല. പാർട്ടിക്ക് സ്വാഭാവികമായും കണക്കുണ്ടാകും.

യു.ഡി.എഫിന് സാധ്യത ഉണ്ട്. മൂന്നാം തുടർഭരണമൊക്കെ ഉണ്ടാകുമെന്ന സാധ്യതകൾ ജനങ്ങൾ വിശ്വസിക്കുന്നുണ്ടോയെന്ന് അവരോട് ചോദിക്ക്. മുഖ്യമന്ത്രിയായി ആര് വരണമെന്ന് ചോദിച്ചാൽ രമേശ് ചെന്നിത്തല വരണമെന്നതാണ് ആഗ്രഹം. ആ പേരിൽ തന്നെ ഞാൻ ഉറച്ച് നിൽക്കുന്നു. വനിത മുഖ്യമന്ത്രി വേണമെന്നതൊക്കെ രാഹുൽ ഗാന്ധിയുടെ അഭിപ്രായമല്ലേയെന്നും സുധാകരൻ ചോദിച്ചു. വീണ്ടും നമുക്ക് കെപിസി പ്രസിഡന്‍റ് ആകുമോയെന്ന ചോദ്യത്തിന് രാഷ്ട്രീയത്തിൽ ഒന്നും മുൻകൂട്ടി പ്രവചിക്കാൻ സാധിക്കില്ലെന്നും സമയോചിതമായി തീരുമാനം എടുക്കുകയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് എല്ലായിടത്തും യുഡിഎഫ് തരംഗം ഉണ്ടാകുമെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കഴിഞ്ഞ ദിവസം പറഞ്ഞത്. നൂറിലധികം സീറ്റുമായി യു ഡി എഫ് അധികാരത്തിൽ വരും .സർക്കാരിനെതിരായ അതിശക്തമായ പ്രതിഷേധം ജനങ്ങളുടെ ഇടയിലുണ്ട്. യു ഡി എഫ് വന്നാൽ കേരളത്തിൽ മാറ്റം ഉണ്ടാകും എന്ന ഉറച്ച പ്രതീക്ഷയിലാണ് ജനങ്ങളെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് അധികാരത്തിലെത്തിയില്ലെങ്കിൽ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും കടിച്ച് തൂങ്ങാനില്ലെന്നും നേരത്തേ സതീശൻ പറഞ്ഞിരുന്നു.
അതേസമയം സംസ്ഥാനത്ത് ഇക്കുറി എൽ ഡി എഫും യു ഡി എഫും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് സർവ്വേകൾ പ്രവചിക്കുന്നത്. 140 സീറ്റിൽ 71 സീറ്റുകളാണ് ഭൂരിപക്ഷത്തിന് ആവശ്യം.












Click it and Unblock the Notifications