ലക്ഷ്മണരേഖ ലംഘിച്ചാണ് ഇവിടെ എത്തിയത്, അല്ലെങ്കില്‍ വീട്ടിലിരിക്കുമായിരുന്നു; ഗവര്‍ണറോട് ആര്‍ ബിന്ദു
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എതിരെ വീണ്ടും രൂക്ഷ വിമര്‍ശനമുയര്‍ത്തി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. മന്ത്രിമാര്‍ ലക്ഷ്മണരേഖ കടക്കുന്നു എന്ന ഗവര്‍ണറുടെ വിമര്‍ശനത്തിനായിരുന്നു ആര്‍ ബിന്ദു ഇന്ന് മറുപടിയുമായി രംഗത്തെത്തിയത്. ഉന്നത വിദ്യാഭ്യാസ മേഖലയെ മെച്ചപ്പെടുത്തുക മാത്രമാണ് ലക്ഷ്യം എന്ന് മന്ത്രി വ്യക്തമാക്കി.
ലക്ഷ്മണ രേഖകള്‍ ഒരുപാട് ലംഘിച്ച് തന്നെയാണ് ഇവിടെ ഇരിക്കുന്നത് എന്നും അല്ലെങ്കില്‍ വീടിന്റെ പരിമിത വൃത്തത്തില്‍ ഇരിക്കുമായിരുന്നല്ലോ എന്നുമായിരുന്നു ആര്‍ ബിന്ദു ചോദിച്ചത്. മറ്റ് വിവാദങ്ങളിലേക്ക് കടക്കാനില്ല എന്നും ആര്‍ ബിന്ദു കൂട്ടിച്ചേര്‍ത്തു. ഉന്നത വിദ്യാഭ്യാസ മേഖലയെ കാലാനുസൃതമായി പരിഷ്‌കരിക്കാനും ഏറ്റവും മികവുറ്റതാക്കാനുമുള്ള സന്ദര്‍ഭം ആണ് ഇത് എന്നും മന്ത്രി ചൂണ്ടിക്കാട്ടി.

വിവാദ കലുഷിതമായി അവതരിപ്പിക്കരുത് എന്ന അഭ്യര്‍ത്ഥനയാണ് മാധ്യമങ്ങളോട് പറയാനുള്ളത്. പേരെടുത്തുള്ള വിമര്‍ശനം പ്രശ്നമല്ല എന്നും പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായി അത്തരത്തിലുള്ള ഒരുപാട് ആക്ഷേപങ്ങള്‍ കേള്‍ക്കുന്നതാണ് എന്നും ബിന്ദു പറഞ്ഞു. കര്‍മ്മം ചെയ്യുക എന്നതാണ് പ്രധാനം എന്നും അവര്‍ ചൂണ്ടിക്കാട്ടി.

വി സിമാരുടെ രാജി എന്ന മുന്‍ നിലപാടില്‍ നിന്ന് ഗവര്‍ണര്‍ അയവ് വരുത്തി മനസിലാക്കുന്നത് എന്നും ഗവര്‍ണര്‍ക്കെതിരെയുള്ള യു ഡി എഫിലെ വ്യത്യസ്ത അഭിപ്രായത്തിന് എന്നാണ് അതിന് അവര്‍ക്ക് ഒരു നിലപാടുണ്ടായിരുന്നത് എന്നായിരുന്നു ആര്‍ ബിന്ദുവിന്റെ പരിഹാസം. തര്‍ക്കങ്ങളില്‍ അഭിരമിക്കാന്‍ തയ്യാറല്ല എന്നും മന്ത്രി വ്യക്തമാക്കി.

നേരത്തെ മന്ത്രിമാരില്‍ പലരും ലക്ഷ്മണ രേഖ കടന്നെന്നും രാഷ്ട്രീയ മര്യാദ വിട്ടുള്ള പെരുമാറ്റം ഉണ്ടായി എന്നും ഗവര്‍ണര്‍ ആരോപിച്ചിരുന്നു. ബിന്ദുവിനെ പേരെടുത്ത് പറഞ്ഞായിരുന്നു ഗവര്‍ണറുടെ വിമര്‍ശനം. ആരാണ് അവര്‍, താന്‍ മറുപടി പറയാന്‍ യോഗ്യതയുള്ള ആളാണോ അവര്‍ എന്നായിരുന്നു ഗവര്‍ണര്‍ പറഞ്ഞത്.

വൈസ് ചാന്‍സലര്‍ക്കെതിരായ നടപടിയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് പ്രശ്നമുണ്ടെങ്കില്‍ അവര്‍ സുപ്രീംകോടതിയില്‍ പോകട്ടെ എന്നും ഗവര്‍ണര്‍ വെല്ലുവിളിച്ചിരുന്നു. കഴിഞ്ഞ ദിവസം വി സിമാരുടെ നിയമനം റദ്ദാക്കാതിരിക്കാന്‍ കാരണം ഉണ്ടെങ്കില്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ വിസിമാര്‍ക്ക് നോട്ടിസ് അയച്ചിരുന്നു.

എന്നാല്‍ ഇതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. അധികാര പരിധി വിട്ട് പ്രവര്‍ത്തിക്കരുത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. ഇതിന് പിന്നാലെ ഹൈക്കോടതിയും വിസിമാര്‍ രാജിവെക്കേണ്ടതില്ല എന്ന നിലപാട് സ്വീകരിച്ചിരുന്നു. ഇതോടെ ഉടന്‍ രാജിവയ്ക്കണമെന്ന അന്ത്യശാസനം ഗവര്‍ണര്‍ മയപ്പെടുത്തുകയായിരുന്നു.












Click it and Unblock the Notifications