ആര്‍ ശ്രീലേഖ സമ്മര്‍ദ്ദ തന്ത്രം പയറ്റുന്നു? മൂന്നു തവണ ബിജെപി 'പറ്റിച്ചു', കൊച്ചി യാത്രയില്‍
മുന്‍ ഡിജിപി ആര്‍ ശ്രീലേഖ തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചതിന് കാരണം എന്ത്? അവര്‍ രാജിവെക്കുമെന്ന വിവരം കഴിഞ്ഞ കുറച്ച് ദിവസമായി തിരുവനന്തപുരത്തെ രാഷ്ട്രീയ നേതാക്കള്‍ക്കിടയിലുണ്ട്. എന്നാല്‍ ബിജെപി നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാക്കുകയാണോ അവരുടെ ഉദ്ദേശം എന്ന ചോദ്യമാണ് ഉയരുന്നത്.
ഔദ്യോഗികമായി ശ്രീലേഖ രാജിവെച്ചിട്ടില്ല. സെപ്തംബര്‍ 30ന് അവര്‍ മേയര്‍ വിവി രാജേഷിന് രാജി സമര്‍പ്പിക്കുന്നതായി അറിയിച്ച് കത്ത് നല്‍കിയിരുന്നു. വ്യക്തിപരമായ അസൗകര്യമാണ് ഇതില്‍ സൂചിപ്പിച്ചത് എന്ന് രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ രാജി ഔദ്യോഗികമാകണം എങ്കില്‍ കോര്‍പറേഷന്‍ സെക്രട്ടറിക്ക് കൈമാറേണ്ടതുണ്ട്. അത് ശ്രീലേഖ ഇതുവരെ ചെയ്തിട്ടില്ല.

ശാസ്തമംഗലം വാര്‍ഡ് നിന്നാണ് ശ്രീലേഖ തിരഞ്ഞെടുക്കപ്പെട്ടത്. ബിജെപിക്ക് സ്വാധീനമുള്ള ഡിവിഷനാണിത്. അവര്‍ സജീവമല്ലെന്നും വാര്‍ഡിലുള്ളവര്‍ക്ക് പല ആവശ്യങ്ങളും ചെയ്തു കൊടുക്കുന്നത് തന്റെ ഓഫീസ് വഴിയാണെന്നും കോണ്‍ഗ്രസ് നേതാവ് ശബരിനാഥന്‍ പറയുന്നു. ശ്രീലേഖ രാജിവെച്ചാല്‍ നഗരസഭാ ഭരണം പ്രതിസന്ധിയിലാകുമെന്നതാണ് ബിജെപി നേരിടുന്ന വെല്ലുവിളി. എല്‍ഡിഎഫും യുഡിഎഫും ഒന്നിച്ചാല്‍ മാത്രമേ ബിജെപിക്ക് ഭരണം നഷ്ടമാകൂ.
രാജിക്കത്ത് മേയര്‍ക്ക് കൈമാറിയ കാര്യം ശ്രീലേഖ വാട്‌സാപ്പ് ഗ്രൂപ്പില്‍ പറഞ്ഞു. തിങ്കളാഴ്ച കളക്ടര്‍ക്ക് രാജിക്കത്ത് നല്‍കുമെന്നും അവര്‍ പറയുന്നു. അതായത്, തിങ്കളാഴ്ച വരെ ബിജെപി നേതൃത്വത്തിന് മുന്നില്‍ ചര്‍ച്ചയ്ക്കുള്ള അവസരമുണ്ട് എന്ന സൂചനയാണ് ശ്രീലേഖ നല്‍കുന്നത്. ചര്‍ച്ചകള്‍ നടക്കുമെന്ന് മേയര്‍ രാജേഷ് സൂചിപ്പിച്ചു. ശ്രീലേഖയുടെ പ്രതികരണം തേടി മാധ്യമപ്രവര്‍ത്തകര്‍ അവരുടെ വീട്ടില്‍ എത്തിയെങ്കിലും കൊച്ചിയിലേക്ക് പോയി എന്നാണ് മറുപടി.
എന്താണ് ശ്രീലേഖയുടെ അതൃപ്തിക്ക് കാരണം?
ജയിച്ചാല്‍ മേയര്‍ പദവി നല്‍കാമെന്ന വാഗ്ദാനം ലഭിച്ചിരുന്നു എന്ന് നേരത്തെ ശ്രീലേഖ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ മേയറായി നിയമിച്ചത് വിവി രാജേഷിനെയാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ നിന്ന് മല്‍സരിപ്പിക്കുമെന്ന നേതൃത്വത്തിന്റെ രണ്ടാം ഓഫര്‍ പാലിക്കപ്പെട്ടു. എന്നാല്‍ കെ മുരളീധരന്‍ ഇവിടെ നിന്ന് തിരഞ്ഞെടുക്കപ്പെടുകയും ശ്രീലേഖ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തു. മണ്ഡലത്തില്‍ പാര്‍ട്ടി ആത്മാര്‍ഥത കാണിച്ചില്ല എന്ന വികാരമാണ് ശ്രീലേഖയ്ക്ക്.
ദേശീയ വനിതാ കമ്മീഷനില്‍ പദവി നല്‍കുമെന്നായിരുന്നു ബിജെപി നല്‍കിയ മറ്റൊരു ഓഫര്‍. എന്നാല്‍ നിവേദിത സുബ്രഹ്മണ്യത്തെയാണ് പാര്‍ട്ടി നിയമിച്ചത്. ഇവിടെയും തഴഞ്ഞു എന്ന് തോന്നിയതോടെയാണ് ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കി രാജി പ്രഖ്യാപിച്ചിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പ് വന്നാല്‍ തിരിച്ചടിയാകുമെന്നും ഒരംഗത്തിന്റെ മാത്രം ഭൂരിപക്ഷത്തിലുള്ള ഭരണം പ്രതിസന്ധിയിലാകുമെന്നും ടേം കഴിയുന്നത് വരെ തുടരണമെന്നുമാണ് ഒടുവില്‍ ബിജെപി നേതൃത്വം ശ്രീലേഖയോട് ആവശ്യപ്പെട്ടത്. കാലാവധി കഴിഞ്ഞാല്‍ മറ്റൊരു സുപ്രധാന പദവി നല്‍കുമെന്നും അറിയിച്ചെങ്കിലും ശ്രീലേഖ ഇത് മുഖവിലക്കെടുത്തിട്ടില്ല.


Click it and Unblock the Notifications
