ആർ ശ്രീലേഖയെ അനുനയിപ്പിച്ചു? നൽകിയത് രാജിയല്ലെന്ന് മേയർ..'കൗൺസിലർ ആയി തുടരും'
ആർ ശ്രീലേഖയുടെ 'രാജി പ്രഖ്യാപനം' പ്രശ്നപരിഹാരത്തിലേക്കെന്ന് സൂചന. ശ്രീലേഖയുമായി ബിജെപി നേതൃത്വം ഇടപെട്ട് സംസാരിച്ചുവെന്നും അവർ കോർപറേഷൻ കൗൺസിലർ ആയി തുടരുമെന്നും മേയർ വിവി രാജേഷ് പറഞ്ഞു. ശ്രീലേഖ തനിക്ക് നൽകിയത് രാജിക്കത്തായിരുന്നില്ലെന്നും വാർഡിലെ പ്രവർത്തനങ്ങൾ സുഗമമാക്കാനുള്ള ആവശ്യങ്ങളായിരുന്നുവെന്നും രാജേഷ് വിശദീകരിച്ചു.
'അവർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ട്. അവർ രാജിക്കത്ത് നൽകിയിട്ടില്ല. പ്രവർത്തനം സുഗമമാക്കണമെന്നായിരുന്നു അവർ നൽകിയ കത്തിലെ ആവശ്യം. ഭരണപക്ഷ അംഗം എന്ന നിലയിൽ അവർ ഉയർത്തിയ ചില ആവശ്യങ്ങൾ പാർട്ടി നേതൃത്വം ആണ് ഇടപെട്ട് പരിഹരിക്കേണ്ടത്. ചിലത് മേയർ എന്ന നിലയിൽ ഞാൻ ഇടപെടേണ്ടതാണ്. അഞ്ച് വർഷത്തേക്ക് ഒരാളെ തിരഞ്ഞെടുത്തതല്ലേ. അവർ അപ്പോൾ അധികാരത്തിൽ തുടരണ്ടേ? ശ്രീലേഖ കൗൺസിലർ ആയി തുടരും', മാധ്യമങ്ങളോട് രാജേഷ് പറഞ്ഞു.

കൗൺസിലർ സ്ഥാനത്ത് നിന്ന് രാജിവെച്ചതായി ആർ ശ്രീലേഖ തന്നെയാണ് വ്യക്തമാക്കിയത്. ശാസ്തമംഗലത്തെ വാട്സ് ആപ്പ് ഗ്രൂപ്പിലാണ് താൻ രാജിവെച്ചതായി അവർ മെസേജ് പങ്കുവെച്ചത്. അതേസമയം ബിജെപി നേതൃത്വം ഇടപെട്ടതോടെ അവർ ആ സന്ദേശം നീക്കം ചെയ്തു. എന്നാൽ ഇതുവരേയും ഇക്കാര്യത്തിൽ പരസ്യമായി പ്രതികരിച്ചിട്ടില്ല.
ശ്രീലേഖയുടെ രാജി സമ്മർദ്ദ തന്ത്രമായിട്ടാണ് തുടക്കം മുതൽ വിലയിരുത്തിയത്. രാജിക്കത്ത് കോർപറേഷൻ സെക്രട്ടറിക്കായിരുന്നില്ല അവർ കൈമാറിയത്. പകരം മേയർക്കാണ് കത്ത് നൽകിയത്. ഇതോടെ ഉന്നത പദവികൾ ലക്ഷ്യം വെച്ചുള്ള നീക്കമാണ് ശ്രീലേഖ നടത്തുന്നതെന്ന വിലയിരുത്തലുകൾ ശക്തമായിരുന്നു.
അതേസമയം ശ്രീലേഖയുടെ നീക്കം ബിജെപിക്ക് വലിയ ഞെട്ടലാണ് സമ്മാനിച്ചത്. ശ്രീലേഖ രാജി വെച്ച് ഒഴിഞ്ഞാൽ അത് കോർപേറഷൻ ഭരണം തുലാസിലാക്കുമെന്ന ഭീതി നേതൃത്വത്തിന് ഉണ്ട്. ഈ സാഹചര്യത്തിലാണ് അവരെ അനുനയിപ്പിക്കാനുള്ള തീവ്രശ്രമങ്ങൾ ബിജെപി നേതൃത്വം ആരംഭിച്ചത്. എന്തായാലും എന്ത് പദവിയാകും ശ്രീലേഖയ്ക്ക് നൽകുകയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്.
മേയർ സ്ഥാനത്ത് കണ്ണുവെച്ചായിരുന്നു ശ്രീലേഖ ബിജെപിയിലെത്തിയത്. കോർപറേഷനിൽ ആ ഉറപ്പിലാണ് ശ്രീലേഖ മത്സരിച്ചതും. എന്നാൽ അധികാരം ലഭിച്ചപ്പോൾ അവർക്ക് മേയർ പദവി നൽകാൻ നേതൃത്വം തയ്യാറായില്ല. ഇതോടെ സത്യപ്രതിജ്ഞ ചടങ്ങിൽ വെച്ച് തന്നെ ശ്രീലേഖ തൻ്റെ അതൃപ്തി പരസ്യമാക്കിയിരുന്നു. പിന്നീട് പല ഘട്ടങ്ങളിലും അവർ ഇത് അനിഷ്ടം പ്രകടിപ്പിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലായി ദേശീയ വനിതാ കമ്മീഷനിലേക്ക് പരിഗണിക്കുമെന്ന് അവർക്ക് നേതൃത്വം ഉറപ്പ് നൽകിയെങ്കിലും അവിടേയും തഴയപ്പെട്ടു. ഇതോടെയാണ് അവർ രാജി പ്രഖ്യാപിച്ചത്.


Click it and Unblock the Notifications
