നമ്മളില്ലേ.. നരേന്ദ്ര മോദി വേദി വിടവേ ഒറ്റയ്ക്ക് മാറി നിന്ന് ആർ ശ്രീലേഖ, വീഡിയോ വൈറൽ, കെ സുരേന്ദ്രനും അവഗണന
തിരുവനന്തപുരം: തലസ്ഥാനത്തെ പ്രധാനമന്ത്രി പങ്കെടുത്ത പൊതുസമ്മേളന പരിപാടിയില്‍ ബിജെപി കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍ ശ്രീലേഖയുടെ പെരുമാറ്റം ചര്‍ച്ചയാകുന്നു. പരിപാടി കഴിഞ്ഞ് പ്രധാനമന്ത്രി വേദിയിലുളള നേതാക്കളോട് യാത്ര പറഞ്ഞ് പോകാന്‍ ഒരുങ്ങവേ ഒരറ്റത്ത് ഒറ്റയ്ക്ക് നില്‍ക്കുന്ന ശ്രീലേഖയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
മറ്റ് നേതാക്കള്‍ മോദിയോട് യാത്ര പറയുകയും ഹസ്തദാനം നല്‍കുകയും ചെയ്യുമ്പോഴാണ് ഇതിലൊന്നും പെടാതെ വേദിയുടെ അങ്ങേയറ്റത്ത് ശ്രീലേഖ കാഴ്ചക്കാരിയായി നില്‍ക്കുന്നത്. ബിജെപി നേതാക്കളെ കൂടാതെ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി, എന്‍ഡിഎയില്‍ ചേര്‍ന്ന ട്വന്റി ട്വന്റി നേതാവ് സാബു ജേക്കബ് അടക്കമുളള നേതാക്കളോട് യാത്ര പറഞ്ഞാണ് മോദി വേദി വിട്ടത്.
എന്നാല്‍ ശ്രീലേഖ മോദിയുടെ സമീപത്തേക്ക് ചെല്ലുകയോ സംസാരിക്കാന്‍ ശ്രമിക്കുകയോ ചെയ്തില്ല. പ്രധാനമന്ത്രി മറ്റ് നേതാക്കളോട് യാത്ര പറയുന്നത് അല്‍പനേരം നോക്കി നിന്നതിന് ശേഷം ആര്‍ ശ്രീലേഖ വേദി വിട്ട് പോകുന്നതും വൈറലായ വീഡിയോയില്‍ കാണാം. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം ബിജെപി നേതൃത്വവുമായി അത്ര രസത്തില്‍ അല്ലാത്തതാകാം ശ്രീലേഖയുടെ പെരുമാറ്റത്തിന് പിന്നിലെന്നാണ് സൂചന.

ജയിച്ചാല്‍ തന്നെ മേയറാക്കാം എന്ന് ബിജെപി നേതൃത്വം വാഗ്ദാനം നല്‍കിയിരുന്നുവെന്നും അങ്ങനെയാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങിയത് എന്നും ശ്രീലേഖ വെളിപ്പെടുത്തിയിരുന്നു. ചരിത്രത്തില്‍ ആദ്യമായി തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണം പിടിച്ച ബിജെപി പക്ഷേ മേയര്‍ സ്ഥാനം ഏല്‍പ്പിച്ചത് അഡ്വക്കേറ്റ് വിവി രാജേഷിനെ ആണ്. വിവി രാജേഷിനെയാകട്ടെ വേദിയില്‍ വെച്ച് നരേന്ദ്ര മോദി ആലിംഗനം ചെയ്ത് അഭിനന്ദിക്കുകയും ചെയ്തു. ഇംഗ്ലീഷില്‍ പ്രസംഗിച്ചും മേയര്‍ പ്രധാനമന്ത്രിയുടെ കയ്യടി നേടി.
അതിനിടെ പാര്‍ട്ടിയുടെ മുന്‍ സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രനും പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയില്‍ അവഗണിക്കപ്പെട്ടതായി ആരോപണമുണ്ട്. വേദി വിടുന്നതിന് മുന്‍പ് പാര്‍ട്ടി നേതാക്കളോടും ഘടകകക്ഷി നേതാക്കളോടും സംസാരിക്കുകയും കൈ കൊടുക്കുകയും ചെയ്ത മോദി, കെ സുരേന്ദ്രനെ അവഗണിച്ചു. ഈ സംഭവത്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
കെ സുരേന്ദ്രന്‍ മറ്റ് നേതാക്കള്‍ക്കൊപ്പം മോദിയോട് സംസാരിക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ പ്രധാനമന്ത്രി അദ്ദേഹത്തെ ശ്രദ്ധിച്ചതേ ഇല്ല. കേരളത്തിലെ തിരഞ്ഞെടുപ്പുകളിൽ മുന്നേറ്റമുണ്ടാക്കാനാകാതെ വന്ന സാഹചര്യത്തിലാണ് കെ സുരേന്ദ്രന് ബിജെപി അധ്യക്ഷ പദവി നഷ്ടപ്പെടുകയും രാജീവ് ചന്ദ്രശേഖർ ആ സ്ഥാനത്തേക്ക് എത്തുകയും ചെയ്തത്.












Click it and Unblock the Notifications