പേവിഷബാധ: വാക്‌സിന്റെ ഗുണനിലവാരം വീണ്ടും പരിശോധിക്കണം, കേന്ദ്രത്തിന് കത്തയച്ച് വീണ ജോര്‍ജ്
തിരുവനന്തപുരം: കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയ്ക്ക് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കത്തയച്ചു. പേവിഷബാധ പ്രതിരോധ വാക്സിന്‍ ഗുണനിലവാരം വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്. കേന്ദ്ര ഡ്രഗ്സ് ആന്റ് കോസ്മെറ്റിക്സ് ആക്ട് പ്രകാരം വാക്സിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് കേന്ദ്ര ഡ്രഗ് ലബോറട്ടറിയാണ്. കേന്ദ്ര ഡ്രഗ്സ് ലബോറട്ടറില്‍ പരിശോധിച്ച് ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് ലഭ്യമായ വാക്സിനും സെറവുമാണ് നായ്ക്കളില്‍ നിന്നുള്ള കടിയേറ്റ് ആശുപത്രികളില്‍ എത്തിയവര്‍ക്കും മരണമടഞ്ഞ 5 പേര്‍ക്കും നല്‍കിയത്. വാക്സിന്‍ നല്‍കിയിട്ടും പേവിഷബാധ മരണം സംഭവിച്ചത് സംബന്ധിച്ച് പൊതുജനങ്ങളില്‍ ആശങ്കയുണ്ടെന്നും മന്ത്രി അറിയിച്ചു.
ഉപയോഗിച്ച വാക്സിന്റെയും സെറത്തിന്റേയും കേന്ദ്ര ലാബിന്റെ ഗുണനിലവാര സര്‍ട്ടിഫിക്കറ്റും ബാച്ച് നമ്പരും ഉള്‍പ്പെടെയാണ് മന്ത്രി കത്തയച്ചത്. കെ.എം.എസ്.സി.എല്‍-നോട് വീണ്ടും വാക്സിന്‍ പരിശോധനയ്ക്കയ്ക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് പരിശോധന വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കണമെന്നും മന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടു.

അതേസമയം, റാന്നിയില്‍ പേവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുട്ടിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. ആശുപത്രിയിലും വേണ്ടത്ര പരിഗണനയോ ചികിത്സയോ കിട്ടിയില്ലെന്നാണ് അഭിരാമിയുടെ രജനി ആരോപിക്കുന്നത്. ജനറല്‍ ആശുപത്രിയില്‍ ഒരു മണിക്കൂറിലേറെ നിരീക്ഷണത്തില്‍ കിടത്തിയതിന് ശേഷമാണ് വാക്‌സിന്‍ നല്‍കിയതെന്നും കുടുംബം ആരോപിക്കുന്നു.
ഇതിനിടെ പേവിഷബാധയേറ്റ് മരിക്കുന്ന സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വലിയ വിമര്‍ശനമാണ് സംസ്ഥാന സര്‍ക്കാരിനെതിരെ ഉയരുന്നത്. പ്രതിപക്ഷം ഇതിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു. നായ്ക്കളുടെ ആക്രമണം സംബന്ധിച്ച് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തിരപ്രമേയം ഉന്നയിച്ചപ്പോള്‍ വിഷയത്തെ നിസാരവത്ക്കരിക്കാനാണ് ആരോഗ്യമന്ത്രി ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി ,സതീശന്‍ കുറ്റപ്പെടുത്തി.
സര്‍ക്കാര്‍ വിഷയത്തെ നിസാരമായി കണ്ടത് കൊണ്ടാണ് ഒരു കുഞ്ഞിന്റെ ജീവന്‍ നഷ്ടമായത്. സംസ്ഥാനത്ത് കുഞ്ഞുങ്ങള്‍ക്കും വയോധികര്‍ക്കും പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. എന്നിട്ടും സര്‍ക്കാര്‍ നിസംഗരായി നോക്കിനില്‍ക്കുകയാണ്. അടിയന്തിരമായ നടപടികള്‍ സ്വീകരിക്കാന്‍ തയാറാകണം.
ഇക്കാര്യങ്ങൾ ശീലിച്ചു നോക്കൂ...താരൻ പറപറക്കും, വീട്ടിലുള്ള എളുപ്പ വഴികൾ
2020 മുതലാണ് നായയുടെ കടിയേറ്റവര്‍ മരിക്കുന്നത് സംസ്ഥാനത്ത് വ്യാപകമായത്. സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പേവിഷബാധ വാക്സിനെ കുറിച്ചും ധാരാളം പരാതികള്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്. ഇക്കാര്യം മന്ത്രി സമ്മതിച്ചില്ലെങ്കിലും വാക്സിന്‍ ഗുണനിലവാരത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കൃത്യമായ പരിശോധനകള്‍ നടത്താതെയുള്ള വാക്സിനാണ് സംസ്ഥാനത്ത് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ വഴി സംഭരിച്ചിരിക്കുന്നത്. ഇതേക്കുറിച്ച് ഗൗരവമായി അന്വേഷിക്കണം.
ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ചിരിക്കുന്ന എ.ബി.സി പദ്ധതി നടപ്പാക്കുന്നതില്‍ തദ്ദേശ സ്വയംഭരണ വകുപ്പും പരാജയപ്പെട്ടു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഒരു തദ്ദേശ സ്ഥാപനങ്ങളിലും സ്റ്റെര്‍ലൈസേഷന്‍ നടക്കുന്നില്ല. അതാണ് നായ്ക്കളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കാനുള്ള പ്രധാന കാരണം. മാലിന്യ സംസ്‌കരണം കൃത്യമായി നടക്കാത്തതും നായ്ക്കളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. വാചകമടിയല്ലാതെ മാലിന്യ നിര്‍മ്മാര്‍ജനത്തിന് വേണ്ടി ഫലപ്രദമായ ഒരു പദ്ധതി പോലും സംസ്ഥാനത്തില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.












Click it and Unblock the Notifications