ചാർളിയിലെ 'ഡേവിഡ്': പ്രശസ്ത ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു
കൊച്ചി: പ്രശസ്ത ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് (53) അന്തരിച്ചു. ഹൃദയാഘാതമായിരുന്നു മരണ കാരണമെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നു. ദുൽഖർ സൽമാൻ നായകനായ 2015-ലെ മലയാള ചലച്ചിത്രം 'ചാർളി'യിലെ ഡേവിഡ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടംനേടിയ അദ്ദേഹം, ഫോട്ടോഗ്രഫി രംഗത്തെ സമഗ്ര സംഭാവനകളിലൂടെ ഇന്ത്യയിലെ മുൻനിര ഫാഷൻ ഫോട്ടോഗ്രാഫർമാരിൽ ഒരാളായി മാറിയിരുന്നു.
കൊച്ചിയിൽ ജനിച്ച രാധാകൃഷ്ണൻ, 1988-ൽ മുംബൈയിലേക്ക് താമസം മാറ്റി. അവിടെ നിന്നാണ് ഫോട്ടോഗ്രഫി പഠിക്കാൻ തുടങ്ങിയത്. പ്രശസ്ത ഫോട്ടോഗ്രാഫർമാരായ റഫീക്ക് സയീദിന്റെയും റഫീക്ക് എലിയാസിന്റെയും കീഴിൽ പരിശീലനം നേടിയ അദ്ദേഹം, 2000-ത്തിൽ സ്വതന്ത്ര ഫോട്ടോഗ്രാഫറായി കരിയർ ആരംഭിച്ചു.

ഇന്ത്യയിലെ പ്രമുഖ ബ്രാൻഡുകൾക്കും പരസ്യ ഏജൻസികൾക്കും വേണ്ടി നിരവധി ക്യാമ്പെയ്‌നുകൾ ചിത്രീകരിച്ച അദ്ദേഹം 2013-ൽ നിക്കോൺ അംബാസഡറായി. 2017-ൽ സ്ഥാപിച്ച 'പിക്സൽ വില്ലേജ്' എന്ന യൂട്യൂബ് ചാനലിലൂടെ ഫോട്ടോഗ്രഫി പ്രേമികൾക്കിടയിൽ അറിവുകള്‍ പങ്കുവെച്ച അദ്ദേഹം, 2018-ൽ യൂട്യൂബ് ഇന്ത്യയുടെ "ക്രിയേറ്റർ ഓൺ ദ റൈസ്" പട്ടികയിൽ ഇടംനേടി.
മഹീന്ദ്ര ഹോളിഡേയ്സ്, പിഎൻബി ഹൗസിംഗ് ഫിനാൻസ്, റെനീ കോസ്മെറ്റിക്സ് തുടങ്ങിയ ബ്രാൻഡുകൾക്കായി അദ്ദേഹം നടത്തിയ വർക്കുകളും ശ്രദ്ധേയമാണ്.
പിക്സൽ വില്ലേജ് പുറത്തിറക്കിയ അനുശോചനം
ഞങ്ങളുടെ പ്രിയപ്പെട്ട ഗുരുനാഥനും സുഹൃത്തും പ്രചോദനവുമായ രാധാകൃഷ്ണൻ ചക്യാട്ടിന്റെ വേർപാട് ഹൃദയഭാരത്തോടെയാണ് പങ്കുവയ്ക്കുന്നത്. ഞങ്ങളുടെ ഫോട്ടോഗ്രാഫി യാത്രയിൽ ഒരു വഴികാട്ടിയായ അദ്ദേഹം ലോകത്തെ ലെൻസിലൂടെ എങ്ങനെ കാണാമെന്ന് മാത്രമല്ല, അതിന്റെ ആത്മാവിനെ എങ്ങനെ പകർത്താമെന്നും പഠിപ്പിച്ചു.
അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും സാന്നിധ്യം കൊണ്ട് സ്പർശിച്ച എല്ലാവർക്കും ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. രാധ സാർ സമാധാനത്തോടെ വിശ്രമിക്കൂ. നിങ്ങൾ വളരെ മിസ് ചെയ്യും.'












Click it and Unblock the Notifications