റേഡിയോ ജോക്കി വധക്കേസ്: രണ്ടും മൂന്നും പ്രതികള്‍ക്ക് ജീവപര്യന്തം, ഒന്നാം പ്രതി ഇപ്പോഴും ഒളിവില്‍
തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷ് കുമാര്‍ വധക്കേസില്‍ രണ്ടും മൂന്നും പ്രതികളായ മുഹമ്മദ് സാലിഹിനും, അപ്പുണിക്കും ജീവപര്യന്തം കഠിനതടവ്. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. അതേസമയം രണ്ട് പ്രതികളും 2.40 ലക്ഷം രൂപ പിഴയും അടയ്ക്കണം. ഈ തുക രാജേഷിന്റെ കുടുംബത്തിന് നല്‍കണം. ആദ്യം ഇരുപ്രതികളും പത്ത് വര്‍ഷം കഠിന തടവ് അനുഭവിക്കണം. അതിന് ശേഷമാണ് ജീവപര്യന്തം തടവ് ശിക്ഷ ആരംഭിക്കുക.
അതേസമയം കേസില്‍ ഇതുവരെ ഒന്നാം പ്രതിയെ പിടിക്കാനായിട്ടില്ല. കൊലപാതകത്തിന് ക്വട്ടേഷന്‍ നല്‍കിയ ഓച്ചിറ സ്വദേശിയും ഖത്തറിലെ വ്യവസായിയുമായ അബ്ദുള്‍ സത്താറാണ് ഒന്നാം പ്രതി. കേസില്‍ മുഹമ്മദ് സാലിഹും, അപ്പുണിയും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. 4 മുതല്‍ 12 വരെയുള്ള പ്രതികളെ കോടതി നേരത്തെ വെറുതെ വിടുകയും ചെയ്തു. നീചമായ കൃത്യമാണ് പ്രതികള്‍ ചെയ്തതെന്നും, വധശിക്ഷയ്ക്ക് മാര്‍ഗരേഖ കൊണ്ടുവന്നത് കൊണ്ട് മാത്രമാണ് അത്തരമൊരു ശിക്ഷ നല്‍കാത്തതെന്നും കോടതി പറഞ്ഞു.

രാജേഷിനെ 2018 മാര്‍ച്ച് 27ന് മടവൂര്‍ ജംഗ്ഷനിലെ സ്വന്തം സ്ഥാപനമായ മെട്രാസ് റെക്കോര്‍ഡിങ്ങ് സ്റ്റുഡിയോയില്‍ ഇരിക്കെയാണ് വെട്ടിക്കൊന്നത്. സുഹൃത്തായ കുട്ടനും തോളിനും കൈക്കും വെട്ടേറ്റിരുന്നു. രണ്ടാഴ്ച്ചയ്ക്കുള്ളില്‍ തന്നെ പ്രതികളില്‍ ഒരാളായ സ്വാതി സന്തോഷ് പിടിയിലായിരുന്നു. പിന്നാലെ മറ്റ് പ്രതികളെയും പിടിക്കുകയായിരുന്നു.പത്ത് വര്‍ഷത്തോളം സ്വകാര്യ ചാനലില്‍ റേഡിയോ ജോിക്കായിരുന്നു രാജേഷ്.
2016 ജൂണില്‍ ഖത്തറിലും അദ്ദേഹം ജോലി ചെയ്തിരുന്നു. ഇവിടെ വെച്ച് ക്വട്ടേഷന്‍ നല്‍കിയ അബ്ദുള്‍ സത്താറിന്റെ ഭാര്യയുമായി രാജേഷിന് അടുപ്പമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പത്ത് മാസത്തോളം ഖത്തറില്‍ ജോലി ചെയ്താണ് രാജേഷ് മടങ്ങിയത്. പിന്നീട് നാട്ടില്‍ തന്നെ തുടരുകയായിരുന്നു. രാജേഷിന്റെ സുഹൃത്തായ കുട്ടന്‍ നേരത്തെ കേസില്‍ പ്രധാന സാക്ഷിയായിരുന്നു. ഇയാള്‍ കൂറുമാറിയിരുന്നു. കോടതി ഇയാളുടെ ആദ്യ മൊഴി സ്വീകരിച്ചിട്ടുണ്ട്.
നൊസ്റ്റാള്‍ജിയ എന്ന നാടന്‍ പാട്ട് സംഘത്തിലെ ഗായകന്‍ കൂടിയായിരുന്നു സന്തോഷ്. അതേസമയം ഖത്തറിലുള്ള ഒന്നാം പ്രതിയെ ഇതുവരെയും പിടികൂടാനായിട്ടില്ല. സത്താറിന്റെ ജീവനക്കാരനാണ് മുഹമ്മദ് സാലിഹ്. ഇയാളുടെ നേതൃത്വത്തിലുള്ളതാണ് ക്വട്ടേഷന്‍ സംഘം. സാത്താന്‍ ചങ്ക്‌സ് എന്ന ക്വട്ടേഷന്‍ സംഘത്തിന്റെ തലവനാണ് അപ്പുണ്ണി.












Click it and Unblock the Notifications