സീനിയേഴ്‌സ് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്ന് സായ് താരങ്ങള്‍
ആലപ്പുഴ: സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ(സായ്) ആലപ്പുഴ പുന്നമടയിലുള്ള ജലകായിക കേന്ദ്രത്തിലെ താരങ്ങള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ വിദ്യാര്‍ഥികളെ കുറ്റപ്പെടുത്തിയുള്ള സായ് റിപ്പോര്‍ട്ട് താരങ്ങള്‍ തള്ളി. തങ്ങള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത് മുതിര്‍ന്ന താരങ്ങളുടെ ശാരീരികവും മാനസികവുമായുള്ള പീഡനം സഹിക്കാന്‍ കഴിയാതെയാണെന്ന് പെണ്‍കുട്ടികള്‍ പറയുന്നു.
പെണ്‍കുട്ടികളെ മുതിര്‍ന്ന താരങ്ങള്‍ ഉപദേശിച്ചതിലുളള കുറ്റബോധമാണ് ആത്മഹത്യാശ്രമത്തിന് ഇടയാക്കിയതെന്നായിരുന്നു സായിയുടെ റിപ്പോര്‍ട്ട്. പെണ്‍കുട്ടികളുടെ ആത്യമഹത്യാ ശ്രമത്തില്‍ ആര്‍ക്കും പങ്കില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, റിപ്പോര്‍ട്ട് പൂര്‍ണമായും തള്ളുന്നതാണ് പെണ്‍കുട്ടികള്‍ തന്നെ പറയുന്ന കാര്യങ്ങള്‍.

സീനിയേഴ്‌സിന്റെ പീഡനത്തെക്കുറിച്ച് നേരത്തെ തന്നെ പരാതി നല്‍കിയതായി ഇവര്‍ പറയുന്നു. എന്നാല്‍ അധികൃതരുടെ ഭാഗത്തുനിന്നും നടപടിയൊന്നും ഉണ്ടായില്ല. ക്രൂരമായ പീഡനമാണ് സഹിക്കേണ്ടിവന്നത്. സീനിയേഴ്‌സിന്റെ അടിവസ്ത്രങ്ങള്‍വരെ തങ്ങളെക്കൊണ്ട് കഴുകിപ്പിച്ചു. ക്രൂരമായ റാഗിങ്ങിനും വിധേയമാക്കിയെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു. അതേസമയം കോച്ച് പൗലോസ് നിരപരാധിയാണെന്ന് പെണ്‍കുട്ടികള്‍ വ്യക്തമാക്കി.
നാല് പെണ്‍കുട്ടികളാണ് വിഷക്കായ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഇതില്‍ ഒരു പെണ്‍കുട്ടി മരിച്ചിരുന്നു. പെണ്‍കുട്ടികള്‍ റാഗിങ്ങിനും പീഡനത്തിനും ഇരയായതായി ബന്ധുക്കള്‍ ആദ്യം മുതല്‍തന്നെ ആരോപിച്ചിരുന്നെങ്കിലും ആരോപണവിധേയരെ കുറ്റവിമുക്തരാക്കുന്നതായിരുന്നു സായിയുടെ റിപ്പോര്‍ട്ട്. സംഭവം ക്രൈംബ്രാഞ്ച് അന്വേഷിച്ചുവരികയാണ്.












Click it and Unblock the Notifications