രഹ്ന ഫാത്തിമയ്ക്ക് ഹൈക്കോടതിയിൽ നിന്ന് വൻ തിരിച്ചടി, മുൻകൂർ ജാമ്യം നൽകാതെ കോടതി, അറസ്റ്റ്?
കൊച്ചി: നടിയും മോഡലും ആക്ടിവിസ്റ്റുമായ രഹ്ന ഫാത്തിമയുടെ വരവോടെയാണ് ശബരിമല സ്ത്രീ പ്രവേശന വിവാദം ആളിക്കത്തിയത്. ശബരിമലയെ രാഷ്ട്രീയ വിഷയമാക്കാന്‍ കാത്തിരുന്ന ബിജെപിക്ക് വീണ് കിട്ടിയ അവസരം കൂടിയായിരുന്നു അത്. രഹ്ന ഫാത്തിമയെ നടപ്പന്തല്‍ വരെ എത്തിച്ചതോടെ ഭക്തരെ അല്ല, ആക്ടിവിസ്റ്റുകളെ കയറ്റി ശബരിമലയെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന മുദ്രാവാക്യത്തിലേക്ക് ബിജെപി മാറി.
അതിന്റെ മറവിലാണ് പിന്നീട് ശബരിമലയിലേക്ക് വന്ന ഭക്തരായ സ്ത്രീകളെ പോലും തടഞ്ഞ് പ്രതിഷേധക്കാര്‍ അഴിഞ്ഞാടിയത്. ശബരിമല കയറാന്‍ ശ്രമിച്ച് കുഴപ്പത്തിലായ രഹ്ന ഫാത്തിമയ്ക്ക് ഹൈക്കോടതിയില്‍ നിന്നും വന്‍ തിരിച്ചടിയുണ്ടായിരിക്കുകയാണ്.

അയ്യപ്പവേഷത്തിൽ രഹ്ന
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്ക് പ്രവേശനമാകാം എന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ ഫേസ്ബുക്കില്‍ രഹ്ന ഫാത്തിമ കറുപ്പുടുത്ത ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രം മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് രൂക്ഷമായ സൈബര്‍ ആക്രമണമാണ് രഹ്ന ഫാത്തിമയ്ക്ക് നേരെ നടന്നത്. രഹ്ന മുസ്ലീം പേരുകാരിയാണ് എന്നത് ആക്രമണങ്ങളുടെ മൂര്‍ച്ച കൂടാനുളള ഒരു കാരണം കൂടിയായി.

മുൻകൂർ ജാമ്യമില്ല
രഹ്നയ്‌ക്കെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന് തൃക്കൊടിത്താനം സ്വദേശിയായ ആര്‍ രാധാകൃഷ്ണ മേനോന്‍ എന്നയാള്‍ പത്തനംതിട്ട പോലീസില്‍ പരാതി നല്‍കിയിരുന്നു. കേസെടുത്തതിനെ തുടര്‍ന്ന് രഹ്ന ഫാത്തിമ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരിക്കുകയാണ്.

പോയത് വ്രതമെടുത്ത്
രഹ്ന ഫാത്തിമയ്ക്ക് എതിരെ പോലീസിന് തുടര്‍നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. എന്നാല്‍ താന്‍ ഒരു മതവിശ്വാസി ആണെന്നും ശബരിമലയില്‍ പോയത് വ്രതമെടുത്തിട്ടാണെന്നും തനിക്ക് അതിനുളള അവകാശമുണ്ടെന്നും രഹ്ന വാദിച്ചു. അയ്യപ്പവേഷത്തില്‍ ഫോട്ടോ പോസ്റ്റ് ചെയ്തതില്‍ തെറ്റില്ലെന്നും ആരുടേയും മതവികാരം വ്രണപ്പെടുത്തിയില്ലെന്നും രഹ്ന ജാമ്യഹര്‍ജിയില്‍ പറഞ്ഞു.

മതവികാരം വ്രണപ്പെടുത്തി
എന്നാല്‍ ഈ വാദങ്ങള്‍ ഹൈക്കോടതി അംഗീകരിച്ചില്ല. മാത്രമല്ല രഹ്ന ഫാത്തിമയുടെ സന്ദര്‍ശനത്തോടെ ശബരിമലയില്‍ വലിയ പ്രശ്‌നങ്ങളുണ്ടായി എന്നും മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയെന്നുമുളള പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യം രഹ്നയ്ക്ക് നിഷേധിച്ചത്. എന്നാല്‍ ജാമ്യത്തിന് സുപ്രീം കോടതിയെ സമീപിക്കുമെന്ന് രഹ്ന ഫാത്തിമ വ്യക്തമാക്കി.

കോടതിയുടെ ചോദ്യങ്ങൾ
നേരത്തെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ രഹ്ന ഫാത്തിമയോട് കോടതി ചില ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. രഹ്ന ഫാത്തിമ വിശ്വാസിയാണോ എന്നും അയ്യപ്പന്‍ ഹിന്ദുവല്ലെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടയാള്‍ എന്തിനാണ് ശബരിമലയിലേക്ക് പോയത് എന്നും ഹൈക്കോടതി ചോദിച്ചു. ഒരാളുടെ വിശ്വാസം മറ്റൊരാളുടെ വിശ്വാസത്തെ ഹനിക്കുന്നതാവരുതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. തത്വമസി എന്ന ആശയത്തില്‍ അധിഷ്ഠിതമായാണ് താന്‍ ശബരിമലയിലേക്ക് പോയതെന്ന് രഹ്ന ഫാത്തിമ കോടതിക്ക് മുന്നില്‍ വ്യക്തമാക്കി.

കനത്ത സുരക്ഷയിൽ രഹ്ന
തുലാമാസ പൂജകള്‍ക്കായി നട തുറന്നപ്പോഴാണ് കവിത ജക്കാല എന്ന ആന്ധ്ര സ്വദേശിനിയായ മാധ്യമപ്രവര്‍ത്തകയ്‌ക്കൊപ്പം രഹ്ന മല കയറിയത്. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിൽ കനത്ത പോലീസ് സംരക്ഷണം ഉണ്ടായിരുന്നുവെങ്കിലും നടപ്പന്തലിലെ പ്രതിഷേധത്തെ തുടര്‍ന്ന് ഇവര്‍ക്ക് പിന്തിരിയേണ്ടി വന്നു. രഹ്ന ഫാത്തിമയുടെ ശബരിമല കയറ്റം വലിയ വിവാദത്തിനാണ് വഴി തുറന്നത്.

വീട് ആക്രമിച്ചു
രഹ്നയ്ക്ക് കെ സുരേന്ദ്രനുമായി ബന്ധമുണ്ടെന്നും സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ ഗൂഢാലോചന നടത്തിയാണ് ശബരിമലയിൽ എത്തിയതെന്നും ആരോപണം ഉയർന്നു. എന്നാൽ രഹ്നയും കെ സുരേന്ദ്രനും ആരോപണങ്ങൾ നിഷേധിച്ചു. സർക്കാരാണ് വിശ്വാസികൾക്കെതിരെ രഹ്ന ഫാത്തിമയെ ഇറക്കിയതെന്ന് ബിജെപി ഇന്നും ആരോപിച്ച് കൊണ്ടിരിക്കുന്നു. അതിനിടെ രഹ്ന ഫാത്തിമയുടെ വീട് ആക്രമിക്കപ്പെടുകയുമുണ്ടായി.












Click it and Unblock the Notifications