രാഹുല്‍ ഈശ്വറും അലി അക്ബറും; താരങ്ങളെ അണിനിരത്തി ഭാഗ്യപരീക്ഷണത്തിന് ബിജെപി
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സജീവ ബിജെപി പ്രവര്‍ത്തകരേക്കാള്‍ വിവിധ മേഖലകളില്‍ പ്രശസ്തരായ സെലിബ്രിറ്റികളെ അണിനിരത്തി ബിജെപി ഭാഗ്യ പരീക്ഷണത്തിന് ഒരുങ്ങുന്നു. രാഹുല്‍ ഈശ്വര്‍, സംവിധായകന്‍ അലി അക്ബര്‍ എന്നിവരാണ് ബിജെപി സ്ഥാനാര്‍ഥി പട്ടികയിലേക്ക് അവസാനമായി പറഞ്ഞുകേള്‍ക്കുന്ന പ്രമുഖര്‍.
സുരേഷ് ഗോപി, കൊല്ലം തുളസി, ഭീമന്‍ രഘു, രാജസേനന്‍, മേജര്‍ രവി, ശ്രീശാന്ത് തുടങ്ങിയവരെല്ലാം ബിജെപി സ്ഥാനാര്‍ഥികളാകുന്നുണ്ട്. സജീവ രാഷ്ട്രീയ പ്രവര്‍ത്തകരെക്കാളും ജനങ്ങളെ ആകര്‍ഷിക്കാന്‍ സെലിബ്രിറ്റികള്‍ക്ക് കഴിയുമെന്ന ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദ്ദേശപ്രകാരമാണ് താത്പര്യമുള്ള സെലിബ്രിറ്റികളെയെല്ലാം മത്സര രംഗത്തിറക്കുന്നത്.

ഇതുവഴി ബിജെപിക്ക് കൂടുതല്‍ ജനകീയമുഖം ലഭിക്കുമെന്നും അമിത് ഷാ കരുതുന്നു. അതേസമയം, സംസ്ഥാന നേതൃത്വത്തിലുള്ള പലരും സെലിബ്രിറ്റികളെ സ്ഥാനാര്‍ഥിയാക്കുന്നതിനോട് യോജിപ്പിലല്ല. ഉത്തരേന്ത്യയിലും തമിഴ് നാട്ടിലുമൊക്കെ വിജയം കണ്ട ഫോര്‍മുല കേരളത്തില്‍ ചിലവാകില്ലെന്നാണ് നേതാക്കളുടെ ആശങ്ക.
സംവിധായകനും നടനുമായ രാജസേനനെ നെടുമങ്ങാടോ അരുവിക്കരയിലോ മല്‍സരിപ്പിക്കും. നടന്‍ കൊല്ലം തുളസി കുണ്ടറയിലും ശ്രീശാന്ത് തൃപ്പൂണിത്തുറയിലുമാണ് മത്സരിക്കുക. കൊടുവള്ളിയില്‍ അലി അക്ബര്‍ മത്സരിക്കുമ്പോള്‍ രാഹുല്‍ ഈശ്വറിന്റെ മണ്ഡലത്തില്‍ തീരുമാനമായിട്ടില്ല. സുരേഷ് ഗോപിയുടെ മണ്ഡലത്തിന്റെ കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്.












Click it and Unblock the Notifications