ഹിന്ദുക്കളുടെ നെഞ്ചിൽ ചവിട്ടിയേ ഫെമിനിസ്റ്റുകൾ ശബരിമല കയറൂ! യുദ്ധം പ്രഖ്യാപിച്ച് രാഹുൽ ഈശ്വർ
ശബരിമല സീസണ്‍ വരാനിരിക്കുകയാണ്. ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച വിവാദമാകട്ടെ പൊട്ടിത്തെറിയുടെ വക്കിൽ നിൽക്കുന്നു. സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് സർക്കാരും എതിർത്ത് ദേവസ്വം ബോർഡും രണ്ട് തട്ടിൽ നിൽക്കുകയാണ്. കേസ് പരിഗണിക്കുന്ന സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച് കൊണ്ട് വിധി പറഞ്ഞാല്‍ അത് വിപ്ലവകരമായ ഒരു തീരുമാനമായിരിക്കും. എന്നാല്‍ സ്ത്രീ പ്രവേശനം ആചാര വിരുദ്ധമാണെന്നും എന്ത് വിലകൊടുത്തും അത് തടയുമെന്നും പ്രഖ്യാപിച്ചിരിക്കുകയാണ് ഒരു വിഭാഗം ഹൈന്ദവ സംഘടനകള്‍ അടക്കമുള്ളവര്‍.
റിപ്പോര്‍ട്ടര്‍ ചാനലിലെ എഡിറ്റേഴ്‌സ് അവര്‍ ചര്‍ച്ചയില്‍ രാഹുല്‍ ഈശ്വര്‍ പ്രതിനിധീകരിച്ചതും ഇക്കൂട്ടരെയാണ്. ഹിന്ദുക്കളുടെ നെഞ്ചിൽ ചവുട്ടി മാത്രമേ സ്ത്രീകള്‍ ശബരിമലയില്‍ കയറൂ എന്നാണ് രാഹുലിന്റെ വെല്ലുവിളി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് എതിരെയും ഗുരുതരമായ ആക്ഷേപങ്ങള്‍ രാഹുല്‍ ഈശ്വര്‍ ഉന്നയിക്കുന്നു. ചൂടുപിടിച്ച എഡിറ്റേഴ്സ് അവർ ചർച്ചയുടെ വിശദാംശങ്ങൾ ഇതാണ്:

സ്ത്രീകള്‍ക്കായി നട തുറക്കുമോ
സ്ത്രീകള്‍ക്കായി നട തുറക്കുമോ എന്ന വിഷയത്തില്‍ അഭിലാഷ് മോഹനന്‍ നയിച്ച ചര്‍ച്ചയിലാണ് രാഹുല്‍ ഈശ്വറിന്റെ പൊട്ടിത്തെറിയും യുദ്ധ പ്രഖ്യാപനവും. സി ആര്‍ നീലകണ്ഠന്‍, അഡ്വ. ടിപി മിനി, ക്ഷേത്രവിശ്വാസിയായ വീട്ടമ്മ ഗോമതിയമ്മ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റുള്ളവര്‍. രാഹുല്‍ ഈശ്വറിനൊപ്പം ഗോമതിയമ്മയും ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ ചര്‍ച്ചയിലുടനീളം ശക്തമായി എതിര്‍ക്കുകയായിരുന്നു.

ക്ഷേത്രങ്ങളെ കൊള്ളയടിക്കാൻ
സ്ത്രീകള്‍ക്കായെന്ന പേരില്‍ ശബരിമലയെ തകര്‍ക്കാനും ഹിന്ദു ക്ഷേത്രങ്ങളെ കൊള്ളയടിക്കാനുമുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്ന് രാഹുല്‍ ഈശ്വര്‍ പറയുന്നു. 50 വയസ്സിനും 10 വയസ്സിനും ഇടയിലുള്ള സ്ത്രീകള്‍ കയറിയാല്‍ എങ്ങനെയാണ് അമ്പലങ്ങള്‍ കൊള്ളയടിക്കപ്പെടുക എന്ന് അഭിലാഷ് മോഹനന്‍ രാഹുലിന്റെ വാദത്തെ ചോദ്യം ചെയ്തു.

മാറ്റങ്ങളെ വർഗീയമാക്കുന്നു
അമ്പലങ്ങളെ പൊതുസ്ഥലങ്ങളാക്കുക വഴി സ്വത്തുക്കള്‍ സര്‍ക്കാരിലേക്ക് എത്തിക്കുകയാണ് ഉദ്ദേശമെന്നാണ് രാഹുലിന്റെ കണ്ടെത്തല്‍. തെരുവില്‍ കാണണമെങ്കില്‍ അങ്ങനെയാവാം എന്നും രാഹുല്‍ വെല്ലുവിളിക്കുന്നു. സാമൂഹ്യമാറ്റങ്ങളെ വര്‍ഗീയ വിദ്വേഷ തലത്തിലേക്ക് വളര്‍ത്തുന്നുവെന്നാണ് സിആര്‍ നീലകണ്ഠന്‍ രാഹുല്‍ ഈശ്വറിന് മറുപടി നല്‍കിയത്. ചര്‍ച്ചയിലെ തന്റെ വാദങ്ങള്‍ ക്രോഡീകരിച്ച് രാഹു ഈശ്വര്‍ ഫേസ്ബുക്കില്‍ പോസ്റ്റും ഇട്ടിട്ടുണ്ട്.

ജല്ലിക്കെട്ട് പോലെ പ്രക്ഷോഭം
രാഹുൽ ഈശ്വറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇതാണ്: അയ്യപ്പ ഭക്തരുടെ നെഞ്ചിൽ ചവുട്ടിയെ ഫെമിനിച്ചികൾ ശബരിമല കയറൂ - (2 Points, 1 Minute). വളരെ Simple ആയി, decoration ഇല്ലാതെ പറയാം - "ഫെമിനിച്ചികളെ ശബരിമലയിൽ തടയും. #ReadyToWait #ReadyToFight . എന്റെ number 95672 12345 / 98468 15555 ആണ്. ഇന്ന് മുതൽ പ്രക്ഷോഭത്തിന്റെ തയ്യാറെടുപ്പാണ്. നിങ്ങളുടെ സഹായം വേണം. ശബരിമലക്ക് വേണ്ടി ജെല്ലിക്കട്ട് മാതൃകയിൽ പ്രാർത്ഥന യോഗം, പ്രക്ഷോഭം സംഘടിപ്പിക്കും.

തോറ്റ് കൊടുക്കാൻ മനസ്സില്ല
സ്വാമി അയ്യപ്പന് എതിരെ വാദിക്കുന്ന ഇന്ദിര ജയ്‌സിംഗ് പോലുള്ളവർ കോടികൾ വിദേശ ഫണ്ട് ഉള്ളവരാണ്, ഞങ്ങൾ സ്വന്തം ശംബളത്തിൽ നിന്ന് മാറ്റി വച്ച് പോരാടാൻ ഇറങ്ങുന്നവരാണ്. ക്രിസ്‌ത്യൻ / മുസ്‌ലിം സഹോദരങ്ങളുടെ പള്ളി പൊതു സ്വത്തല്ലലോ? പിന്നെ ഞങ്ങൾ ഹിന്ദുക്കളുടെ ക്ഷേത്രം എങ്ങനെ പൊതു സ്വത്താകും. ഹിന്ദു സ്‌ത്രീകൾ ലൈംഗികതയ്ക്ക് വേണ്ടിയാണു അമ്പലത്തിൽ പോകുന്നത് എന്ന് ആക്ഷേപിക്കുന്ന തീവ്ര ഇടതു ഫെമിനിസ്റ്റുകൾക്കു മുൻപിൽ തോറ്റു കൊടുക്കാൻ മനസില്ല.

നെഞ്ചിൽ ചവുട്ടിയേ കയറൂ
(1) അവസാന നിമിഷം വരെ പോരാടും, ഞങ്ങൾ ഹിന്ദു അയ്യപ്പ ഭക്തരുടെ നെഞ്ചിലും, തലയിലും ചവുട്ടി മാത്രമേ ഫെമിനിച്ചികൾ ശബരിമലയിൽ കടന്നു കയറു. ഒരു പക്ഷെ ഞങ്ങൾ തോൽക്കുമായിരിക്കും, നൂറ്റാണ്ടുകളായി ഈ മണ്ണിൽ ജീവിച്ചു മരിച്ച ഞങ്ങളുടെ പിതൃക്കൾക്ക് വേണ്ടി, സ്വാമി അയ്യപ്പന് വേണ്ടി, ഹിന്ദു ക്ഷേത്രങ്ങൾക്ക് വേണ്ടി ശക്തമായ പ്രതിരോധം തീർക്കും.

പോരാട്ടത്തിന് തയ്യാറാവൂ
(2) ജെല്ലികട്ടിൽ Congress, BJP, Communist കാരെല്ലാം തമിഴ് സഹോദരങ്ങളുടെ ഒപ്പം സുപ്രീം കോടതി വിധിക്കെതിരെ നിന്നല്ലോ? ഈ അഴിമതികാരനായ, കള്ളനായ "ഒരു മനുഷ്യൻ" മുൻപ് ജെല്ലികട്ടിനെയും, ഇപ്പോൾ ശബരിമലയെ കുരുതി കൊടുത്തു സ്വന്തം Image നന്നാക്കാനും, left ലിബറലുകളുടെ കയ്യടി നേടാൻ നോക്കുകയുമാണ്, ഈ അഴിമതിക്കാരനായ വ്യക്തിക്കെതിരെ പല സുപ്രീം കോടതിയിലെ നല്ല സത്യസന്ധരായ ന്യായാധിപന്മാർ എതിർത്തിരുന്നു. പോരാട്ടത്തിന് തയ്യാറായിക്കോളു.. സ്വാമി അയ്യപ്പനും, നമ്മുടെ ക്ഷേത്രങ്ങൾക്കും വേണ്ടി എന്നാണ് ഫേസ്ബുക്ക് കുറിപ്പ്.

കേസിൽ തോൽക്കും
മറ്റൊരു പോസ്റ്റ് ഇങ്ങനെയാണ്: ജെല്ലികട്ടിൽ തമിഴൻ ജയിച്ചത് അവന്റെ ആത്മാഭിമാനം കൊണ്ടാണ്. നമ്മൾ മലയാളികൾക്കു അതില്ലാത്തതു കൊണ്ട് ശബരിമല കേസിൽ തോൽക്കും. 1) ജെല്ലികട്ടിൽ വിഷയത്തിൽ ഇതേ ജഡ്‌ജി ശ്രീ ദീപക് മിശ്ര തമിഴനെയും, ജെല്ലിക്കെട്ടിനെയും അപമാനിച്ചതാണ്. എല്ലാവരുടെയും മുൻപിൽ വച്ച് "ജെല്ലിക്കട്ടിനു പകരം 'Computer Game' കളിച്ചാൽ മതി എന്ന് പറഞ്ഞതാണ്.

ഹിന്ദു സാംസ്ക്കാരിക ബോധമില്ല
ഭഗവാൻ പരമശിവന്റെ അനുഗ്രഹം ലഭിച്ച പോലെ തമിഴൻ രാഷ്ട്രീയ ഭേദമന്യേ സട കുടഞ്ഞു എഴുന്നേറ്റു. കൂടെയുള്ള 4 മുതിർന്ന ജഡ്‌ജിമാർ "തെറ്റുകാരൻ" ആണെന്ന് പത്ര സമ്മേളനം നടത്തി ചൂണ്ടി കാട്ടിയ ഇതേ ദീപക് മിശ്ര എന്ന "ആരോപണവിധേയൻ" നിന്ന് വിറച്ചു. 2) തമിഴന്റെ ആത്മാഭിമാനം ഒന്നും നമുക്കില്ല, തമിഴന്റെ വർഗീയത ഇല്ലാത്ത ഹിന്ദു സാംസ്‌കാരിക ബോധം നമുക്കില്ല.

ഹിന്ദുക്കളെ ദുരുപയോഗം ചെയ്യുന്നു
അത് കൊണ്ട് കേസ് തോൽക്കാൻ സാധ്യത ഉണ്ട്. മലയാളിയെ, നമ്മൾ ഹിന്ദുക്കളെ, ശബരിമലയെ ആവശ്യമായ രീതിയിൽ സഹായിക്കാൻ ആരുമില്ല. 3) ശബരിമലയെ തോൽപ്പിക്കാൻ ഗൂഢാലോചന നടക്കുകയാണ്. ആ ഗൂഢാലോചന നടത്തുന്നവർ "രാഷ്ട്രീയ" താൽപര്യം ഉള്ളവരാണ്. അവരവരുടെ രാഷ്ട്രീയ താൽപര്യം push ചെയ്യാൻ ശബരിമലയെ, നമ്മൾ ഹിന്ദുക്കളെ ദുരുപയോഗം ചെയ്യുകയാണ് എന്നും മറ്റൊരു പോസ്റ്റിൽ രാഹുൽ ഈശ്വർ പറയുന്നു.
വീഡിയോ കാണാം
എഡിറ്റേഴ്സ് അവർ ചർച്ച കാണാം












Click it and Unblock the Notifications