പ്ലാൻ ബി, ശബരിമലയിൽ രക്തം വീഴ്ത്താൻ പദ്ധതിയിട്ടെന്ന പരാമർശം; രാഹുൽ ഈശ്വർ വീണ്ടും അറസ്റ്റിൽ
തിരുവനന്തപുരം: വിവാദ പരാമർശത്തിന്റെ പേരിൽ രാഹുൽ ഈശ്വർ അറസ്റ്റിൽ. രക്തം ചിന്തിപ്പോലും ശബരിമലയിൽ സ്ത്രീ പ്രവേശനം തടയാനായി പ്ലാൻ ബി കരുതിയിരുന്നുവെന്ന് എറണാകുളം പ്രസ് ക്ലബ്ബിൽ നടത്തിയ പരാമർശത്തിന്റെ പേരിലാണ് രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്തത്. കലാപത്തിന് ആഹ്വാനം ചെയ്തതിന്റെ പേരിൽ പോലീസ് രാഹുൽ ഈശ്വറിനെതിരെ കേസെടുത്തിരുന്നു. തിരുവനന്തപുരം നന്ദാവനത്തെ ഫ്ലാറ്റിൽ നിന്നുമാണ് രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്തത്. കൊച്ചി പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്നത് തടയാൻ കൈമുറിച്ച് ചോര വീഴ്ത്തി നടയടയ്ക്കാൻ പദ്ധതിയിട്ടിരുന്നതായും ഇതിനായി ഇരുപതോളം പേർ സന്നിധാനത്ത് ഉണ്ടായിരുന്നുവെന്നും രാഹുൽ ഈശ്വർ വെളിപ്പെടുത്തിയിരുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തേണ്ട പരാമർശമാണ് രാഹുൽ ഈശ്വർ നടത്തിയതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചിരുന്നു. പരാമർശം വിവാദമായതോടെ തിരുത്തുമായി രാഹുൽ ഈശ്വർ വീണ്ടുമെത്തി.

രക്തം ചിന്തി സ്ത്രീ പ്രവേശനം തടയാൻ ചിലർ നിന്നിരുന്നുവെന്നും എന്നാൽ താൻ ഇടപെട്ട് ഇത് തടയുകയായിരുന്നുവെന്നും രാഹുൽ ഈശ്വർ വിശദീകരണവുമായി എത്തി. പമ്പയിലും സന്നിധാനത്തും പ്രതിഷേധം നടത്തിയ പേരിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിനെ കുറച്ച് ദിവസം മുൻപ് മാത്രമാണ് പുറത്തിറങ്ങിയത്. കൊച്ചി സ്വദേശി പ്രമോദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.












Click it and Unblock the Notifications