രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിക്കും? കേരള നേതാക്കളുമായി ചര്‍ച്ച!
ലോക്സഭാ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ നിന്ന് രാഹുല്‍ ഗാന്ധി ഇത്തവണ മത്സരിച്ചേക്കില്ലെന്ന് ഇത്തവണ റിപ്പോര്‍ട്ടുണ്ടായിരുന്നു. 2014 ല്‍ രാഹുലിന്‍റെ പ്രധാന എതിരാളിയായിരുന്ന ബിജെപി നേതാവും മന്ത്രിയുമായ സ്മൃതി ഇറാനി അമേഠിയില്‍ രാഹുലിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്നാണ് കോണ്‍ഗ്രസ് കണക്കാക്കുന്നത്. ഈ സാഹചര്യത്തില്‍ സുരക്ഷിത മണ്ഡലത്തിലേക്ക് മാറിയില്ലേങ്കില്‍ അത് തിരിച്ചടിയാകുമെന്നും പാര്‍ട്ടി കണക്കാക്കുന്നുണ്ട്. ഇതോടെ അമേഠിക്ക് പുറമേ കേരളത്തിലെ വയനാട്ടില്‍ നിന്നും രാഹുല്‍ മത്സരിച്ചേക്കുമെന്നാണ് പുതിയ വിവരം. യുഡിഎഫിന്‍റെ ഉറച്ച കോട്ടകളിലൊന്നായ വയനാട്ടില്‍ രാഹുലിന് വേണ്ടി സംസ്ഥാന ഘടകം സീറ്റ് മാറ്റിവെച്ചിട്ടുണ്ടെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കിയതായി കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്തു.

കോണ്‍ഗ്രസ് കുടുംബം
സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിങ്ങനെ കോണ്‍ഗ്രസ് കുടുംബത്തിന്‍റെ ഉറച്ച മണ്ഡലമാണ് അമേഠി. 2004 മുതല്‍ രാഹുല്‍ ഗാന്ധിയാണ് ഇവിടെ മത്സരിക്കുന്നത്. അതേസമയം 2014 ലെ തിരഞ്ഞെടുപ്പില്‍ ബിജെപി നേതാവ് സ്മൃതി ഇറാനിയോട് കുറഞ്ഞ ഭൂരിപക്ഷത്തിനാണ് രാഹുല്‍ ഗാന്ധി ജയിച്ചത്.

ഗ്രൗണ്ട് റിപ്പോര്‍ട്ട് ഇങ്ങനെ
ഒരു ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ ഗാന്ധി സ്മൃതി ഇറാനിയെ കഴിഞ്ഞ തവണ പരാജയപ്പെടുത്തിയത്.കോണ്‍ഗ്രസിന് ശക്തമായ സ്വാധീനമുള്ള മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും സ്മൃതി ഇറാനി തന്നെയായിരിക്കും ഇത്തവണയും മത്സരിക്കുകയെന്നാണ് റിപ്പോര്‍ട്ട്.

ശക്തമാക്കി സ്മൃതി ഇറാനി
തോല്‍വി രുചിച്ചെങ്കിലും അമേഠിയില്‍ ശക്തമായ ഇടപെടലാണ് അതിനുശേഷം സ്മൃതി ഇറാനി നടത്തുന്നത്. മന്ത്രി എന്ന പ്രതിച്ഛായയും സ്മൃതിക്കുണ്ട്. മണ്ഡലത്തിന്‍റെ വികസന പ്രവര്‍ത്തനങ്ങളിലും സ്മൃതി കാര്യമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്.

പ്രചരണം കൊഴുപ്പിച്ച് ബിജെപി
അമേഠിയില്‍ ബിജെപിയുടെ നേതൃത്വത്തില്‍ പ്രചരണ പരിപാടികള്‍ കൊഴുക്കുകയാണ്. അതേസമയം ഇത്തവണ രാഹുല്‍ അമേഠിയില്‍ മത്സരിച്ചാല്‍ തിരിച്ചടിയുണ്ടാകുമെന്ന് കോണ്‍ഗ്രസ് ഗ്രൗണ്ട് റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നുണ്ട്.

രണ്ട് മണ്ഡലങ്ങള്‍
ഈ സാഹചര്യത്തില്‍ അമേഠിയെ കൂടാതെ രാഹുല്‍ മറ്റൊരു മണ്ഡലത്തില്‍ കൂടി മത്സരിക്കുന്ന കാര്യം കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ടെന്നാണ് വിവരം. നേരത്തേ മഹാരാഷ്ട്രയിലെ നന്ദേഡില്‍ നിന്നാകും രാഹുല്‍ മത്സരിക്കുകയെന്നാണ് ആദ്യം റിപ്പോര്‍ട്ടുണ്ടായിരുന്നത്.മഹാരാഷ്ട്രയിലെ നന്ദേഡ് കോണ്‍ഗ്രസിന്റെ കരുത്തുറ്റ കോട്ടയാണ്. മുന്‍ മുഖ്യമന്ത്രി അശോക് ചവാന്റെ മണ്ഡലമാണിത്.

വയനാട്ടില്‍ നിന്ന്
എന്നാല്‍ നന്ദേഡിന് പകരം വയനാട്ടില്‍ നിന്ന് രാഹുല്‍ മത്സരിച്ചേക്കുമെന്നാണ് പുതിയ വിവരം.
നേരത്തേ വയനാടിനായി പല നേതാക്കളും ആവശ്യം ഉയര്‍ത്തിയിരുന്നെങ്കിലും നേതൃത്വം ഇതിനോട് പ്രതികരിച്ചിരുന്നില്ല. രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ സാധ്യത ഉള്ളതിനാലാണ് ഇതെന്നാണ് അഭ്യൂഹങ്ങള്‍ .

മൂന്ന് സംസ്ഥാനങ്ങളില്‍ നേട്ടം
കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന വയനാട് സീറ്റില്‍ നിന്ന് രാഹുല്‍ ഗാന്ധി മത്സരിച്ചാല്‍ ഈ സംസ്ഥാനങ്ങളിലും നേട്ടം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.ഇന്ന് കൊച്ചിയില്‍ എത്തിയ രാഹുല്‍ ഗാന്ധിയുമായി കേരള ഘടകം നേതാക്കള്‍ ചര്‍ച്ച നടത്തും.

ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ
പാര്‍ട്ടി നേതൃസംഗമത്തില്‍ മറ്റ് ഘടകകക്ഷികളും പങ്കെടുക്കുന്നുണ്ട്. അതോടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച തിരുമാനമാകുമെന്നാണ് കണക്കാക്കുന്നത്. ഇപ്പോള്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ധാരണയായിട്ടുണ്ട്.

മാണി ഗ്രൂപ്പിന്
ഉമ്മന്‍ചാണ്ടി കോട്ടയത്ത് നിന്ന് മത്സരിച്ചേക്കുമെന്നാണ് വിവരം. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് പകരം ഇടുക്കി സീറ്റ് നല്‍കിയേക്കും. മാണി ഗ്രൂപ്പിലെ ജോസഫ് വിഭാഗവും സീറ്റിനായി അവകാശവാദം ഉന്നയിക്കുന്നുണ്ട്. പ്രമുഖരെ മത്സരിപ്പിച്ച് പരമാവധി സീറ്റുകള്‍ നേടാനാണ് കോണ്‍ഗ്രസ് ലക്ഷ്യം വെയ്ക്കുന്നത്.












Click it and Unblock the Notifications