സംസ്ഥാന വ്യാപക കോണ്‍ഗ്രസ് പ്രതിഷേധം; ഡല്‍ഹിയില്‍ എസ്എഫ്‌ഐ ഓഫീസിലേക്ക് മാര്‍ച്ച്
ന്യുഡല്‍ഹി/തിരുവനന്തപുരം: രാഹുല്‍ ഗാന്ധി എംപിയുടെ കല്‍പ്പറ്റയിലെ ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തികര്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ വന്‍ പ്രതിഷേധം. സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രകടനങ്ങള്‍ നടന്നു. കോഴിക്കോട് ടയര്‍ കത്തിച്ച് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. തിരുവനന്തപുരത്ത് എകെജി സെന്റിറിന് മുന്നില്‍ പ്രതിഷേധിച്ച വനിതകളും പോലീസും തമ്മില്‍ കൊമ്പുകോര്‍ത്തു. ഡല്‍ഹിയില്‍ എസ്എഫ്‌ഐ ഓഫീസിലേക്ക് എന്‍എസ്‌യു പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.

നിമിഷ നേരം കൊണ്ടാണ് കേരളത്തിലും ഡല്‍ഹിയിലും സമരം തുടങ്ങിയത്. പലയിടത്തും പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധം ശക്തമാകുമെന്നാണ് വിവരം. എസ്എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുക, വീഴ്ച വരുത്തിയ പോലീസ് ഓഫീസര്‍മാര്‍ക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. വരും ദിവസങ്ങളിലും സമരം ശക്തമാകുമെന്നാണ് സൂചന. സര്‍ക്കാര്‍ വേഗത്തില്‍ നടപടി സ്വീകരിക്കുമെന്നാണ് വിവരം.

വളരെ രൂക്ഷമായ ഭാഷയിലാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ സിപിഎമ്മിനെതിരെ രംഗത്തുവന്നത്. ഇത്തരം പ്രവര്‍ത്തനം കൊണ്ട് കോണ്‍ഗ്രസ് പിന്നോട്ട് പോകില്ല. സിപിഎമ്മിന്റെ ഏത് ഓഫീസിലും കയറി തിരിച്ചടിക്കാന്‍ കോണ്‍ഗ്രസിന് ആണ്‍കുട്ടികളുണ്ട്. എന്നാല്‍ ആ വഴി ഞങ്ങള്‍ ആലോചിക്കാത്തത് ജനാധിപത്യ വ്യവസ്ഥതയില്‍ അക്രമത്തിന്റെ പാത ശരിയല്ല എന്നതുകൊണ്ടാണ്. ഞങ്ങളുടെ മാന്യത ദൗര്‍ബല്യമാണ് സിപിഎം കരുതരുതെന്നും കെ സുധാകരന്‍ പറഞ്ഞു.
അക്രമം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി. സ്വര്‍ണക്കടത്ത് കേസില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്തോഷിപ്പിക്കാനാണ് രാഹുല്‍ ഗാന്ധിക്കെതിരെ അക്രമം നടന്നതെന്നും അദ്ദേഹം ആരോപിച്ചു. എസ്എഫ്‌ഐ ഗുണ്ടകള്‍ അരാജകത്വം സൃഷ്ടിക്കുന്നുവെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു. തീക്കൊള്ളികൊണ്ടാണ് തലചൊറിയുന്നത് എന്ന് അവര്‍ തിരിച്ചറിഞ്ഞാല്‍ നന്ന് എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തെറ്റായ പ്രവണതയാണിതെന്നും ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. എസ്എഫ്‌ഐയുടെ എല്ലാ പരിപാടികളും പാര്‍ട്ടിയുമായി ആലോചിച്ചല്ല നടക്കുന്നത് വയനാട് സിപിഎം നേതൃത്വം പറഞ്ഞു.
ബഫര്‍ സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി ഇടപെട്ടില്ലെന്ന ആരോപിച്ചാണ് എസ്എഫ്‌ഐ ആക്രമണം നടത്തിയത്. താന്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് രാഹുല്‍ ഗാന്ധി ഫേസ്ബുക്ക് പേജില്‍ കുറിപ്പെഴുതിയിട്ടുണ്ട്. സംസ്ഥാനം ഭരിക്കുന്നത് സിപിഎമ്മാണെന്നും രാഹുല്‍ ഗാന്ധിയേക്കാള്‍ ഇക്കാര്യത്തില്‍ ഉത്തരവാദിത്തം സിപിഎമ്മിനല്ലേ എന്നും സുധാകരന്‍ ചോദിച്ചു.












Click it and Unblock the Notifications