കൊവിഡ്; 'വയനാടിനെ ഓർത്ത് അഭിമാനം തോന്നുന്നു', ട്വീറ്റുമായി രാഹുൽ ഗാന്ധി
വയനാട്; കൊവിഡിനെതിരായ പോരാട്ടത്തിൽ വയനാടിനെ ഓർത്ത് അഭിമാനം തോന്നുന്നുവെന്ന് മണ്ഡലം എംപി രാഹുൽ ഗാന്ധി. കൊവിഡ് ബാധ ഫലപ്രദമായി നേരിട്ടെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് കണ്ടെത്തിയ ജില്ലയിൽ വയനാടും ഉൾപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.
കഴിഞ്ഞ 16 ദിവസത്തിനിടെ ഒരു കൊവിഡ് കേസ് പോലും വയനാട്ടിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. കേന്ദ്ര ആരോഗ്യമന്ത്രാലയവും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ജില്ലാ കളക്ടർ, എസ്പി, ഡിഎംഒ, ജില്ലാ ഭരണകൂടം എന്നിവരുടെ കഠിനാധ്വാനത്തിനും അർപ്പണബോധത്തിനും ഞാൻ അഭിവാദ്യം അർപ്പിക്കുന്നു, രാഹുൽ ട്വീറ്റ് ചെയ്തു.

അതിനിടെ രാഹുൽ ഗാന്ധി ഇടപെട്ട് പൂനെയിൽ കുടുങ്ങിയ ബത്തേരി സ്വദേശിയെ നാട്ടിലെത്തിച്ചു. പുനെയിലെ മാൻഗേഖർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു സുൽത്താൻ ബത്തേരി വാകേരി സ്വദേശി സെബാസ്റ്റ്യൻ മാത്യു, കൂടെ ഉണ്ടായിരുന്നു ഭാര്യ, മകൻ എന്നിവരെയാണ് രാഹുലിന്റെ ഓഫീസ് ഇടപ്പെട്ട് നാട്ടിൽ എത്തിച്ചത്.ലോക്ക് ഡൗൺ ആയതോടെ നാട്ടിലേക്ക് മടങ്ങാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. രോഗിക്കും കുടുംബത്തിനും യാത്ര ചെയ്യാൻ അന്തര്‍സംസ്ഥാന പാസും ആംബുലന്‍സ് സൗകര്യവും രാഹുൽ ഇടപെട്ട് ഏർപ്പെടുത്തുകയായിരുന്നു.
നേരത്തേ കൊവിഡ് പ്രതിരോധനത്തിനായി രാഹുൽ വയനാടിന് നിരവധി സഹായങ്ങൾ നൽകിയിരുന്നു. 50 സ്‌കാനറുകള്‍ 20,000 മാസ്‌ക്കുകള്‍, 1000 ലിറ്റര്‍ സാനിറ്റൈസര്‍, എംപിയുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്നും 2.76 കോടി രൂപ,മണ്ഡലത്തിലെ 51 പഞ്ചായത്തിലും അഞ്ച് മുൻസിപ്പാലിറ്റികളിലും തയാറാക്കിയിരിക്കുന്ന സമൂഹ അടുക്കളയിലേക്ക് 28,000 കിലോ അരി എന്നിവ രാഹുൽ നൽകിയിരുന്നു.












Click it and Unblock the Notifications