രാഹുൽ ഗാന്ധിയുടെ പ്രസംഗം; പ്രസംഗത്തിന്റെ പരിഭാഷ പങ്കുവെച്ച് മാധ്യമങ്ങൾക്കെതിരെ വിടി ബൽറാം
തിരുവനന്തപുരം; രാജസ്ഥാനിലെ മെഗാ റാലിക്കിടെ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം മലയാള മാധ്യമങ്ങൾ വളച്ചൊടിച്ചെന്ന് വിടി ബൽറാം.'ഹിന്ദു'വും 'ഹിന്ദുത്വവാദി'യും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാട്ടി ബിജെപിക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ പങ്കുവെച്ച് കൊണ്ടാണ് വിടി ബൽറാമിന്റെ പ്രതികരണം. കോർപ്പറേറ്റുകളുടെ പണിയാളായ പ്രധാനമന്ത്രിയെയും രാജ്യത്തെ സംവിധാനങ്ങൾ ആർഎസ്എസ് കയ്യടക്കുന്നതിനേയും വിമർശിച്ച ആമുഖത്തിന് ശേഷമായിരുന്നു രാഹുൽ പ്രസംഗിച്ചതെന്നും രാജ്യത്തിന്റെ സമ്പത്ത് കോർപ്പറേറ്റുകൾ കയ്യടക്കുന്നതിനെക്കുറിച്ചും പാവപ്പെട്ടവൻ കൂടുതൽ പാവപ്പെട്ടവനാകുന്നതിനെക്കുറിച്ചും വിലക്കയറ്റത്തെക്കുറിച്ചുമെല്ലമുള്ള, കണക്കുകൾ നിരത്തിയുള്ള, നോട്ട് നിരോധനവും ജിഎസ്ടിയും കർഷകവിരുദ്ധ നയങ്ങളുമെല്ലാം രാഹുൽ തന്റെ പ്രസംഗത്തിൽ പറഞ്ഞിരുന്നുവെന്നും വിടി പറയുന്നു.വിടിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

ജയ്പൂരിൽ വച്ച് നടന്ന കോൺഗ്രസിന്റെ ജൻ ജാഗരൺ റാലിയിൽ രാഹുൽ ഗാന്ധി ഇങ്ങനെ പ്രസംഗിച്ചു:"നമ്മുടെ രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളിയെന്താണ്? പോരാട്ടമേതാണ്? ആ പോരാട്ടം ആരൊക്കെ, ഏതൊക്ക ആശയങ്ങൾ തമ്മിലാണ്?
മറ്റു വിഷയങ്ങളിലേക്ക് കടക്കുന്നതിന് മുൻപ്, അഞ്ചു മിനുറ്റ് കൊണ്ട് ഞാനിതു പറയാം, ശേഷം വിലക്കയറ്റവും തൊഴിലില്ലായ്മയുമടക്കം നമ്മൾ നേരിടുന്ന മറ്റുവിഷയങ്ങൾ സംസാരിക്കാം.
നോക്കൂ, രണ്ടു ജീവജാലങ്ങൾക്ക് ഒരു ആത്മാവല്ല ഉള്ളത്. അതുപോലെ, രണ്ടു വാക്കുകൾക്ക് ഒരർത്ഥവുമുണ്ടാവില്ല. രണ്ട് ജീവജാലങ്ങൾ ഒരു ആത്മാവ് പങ്കുവെക്കില്ലെന്നതുപോലെ, രണ്ടു വാക്കുകൾ, ഒരിക്കലും ഒരേ അർത്ഥം പ്രതിനിധാനം ചെയ്യില്ല. ഒരോ വാക്കിനും ഓരോ അർത്ഥമാണുള്ളത്.
രാജ്യത്തെ ഇന്നത്തെ രാഷ്ട്രീയത്തിൽ നിറഞ്ഞുനിൽക്കുന്ന രണ്ടു വാക്കുകളുണ്ട്, രണ്ടും വ്യത്യസ്ത അർത്ഥങ്ങളുള്ളത്.ഒന്ന്, 'ഹിന്ദു' എന്ന വാക്കാണ്. രണ്ടാമത്തെ വാക്ക് 'ഹിന്ദുത്വവാദി'! ഇതു രണ്ടും ഒരിക്കലും ഒന്നല്ല. തീർത്തും വേറിട്ടതാണ്. വ്യത്യസ്തമായ മാനങ്ങളും അർത്ഥവുമുള്ള രണ്ടുവാക്കുകൾ.
ഞാനൊരു ഹിന്ദുവാണ്, ഹിന്ദുത്വവാദിയല്ല. ഈ കൂടിയിരിക്കുന്ന ജനങ്ങളും ഹിന്ദുക്കളാണ്, ഹിന്ദുത്വവാദികളല്ല.ഹിന്ദുവും ഹിന്ദുത്വവാദിയും തമ്മിലുള്ള വ്യത്യാസമെന്താണെന്നു പറയാം.
പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ, നമ്മുടെ മഹാത്മാഗാന്ധി ഹിന്ദുവായിരുന്നു. ശരിയല്ലേ? എന്നാൽ, ഗോഡ്സേയോ- ഹിന്ദുത്വവാദി! എന്താണ് രണ്ടും തമ്മിലുള്ള വ്യത്യാസം? ഞാൻ പറയാം.
എന്തൊക്കെ സംഭവിച്ചാലും, സത്യമാവും, നേരായിരിക്കും ഒരു ഹിന്ദു അന്വേഷിക്കുക. അക്രമിക്കപ്പെടുകയോ മർദ്ദിക്കപ്പെടുകയോ പരിഹസിക്കപ്പെടുകയോ എന്തു നേരിടേണ്ടിവന്നാലും, ഹിന്ദു, സത്യം, യാഥാർത്ഥ്യം തേടും. നേരിനൊപ്പം ചേർന്നുനിൽക്കും. അയാളുടെ മാർഗം സത്യഗ്രഹമായിരിക്കും. ജീവിതം മുഴുവൻ സത്യന്വേണത്തിനു വേണ്ടി മാറ്റിവയ്ക്കാൻ വരെ അയാൾ തയാറായിരിക്കും.
മഹാത്മാഗാന്ധിയുടെ ആത്മകഥയുടെ പേര് 'എന്റെ സത്യന്വേഷണ പരീക്ഷണങ്ങൾ' എന്നായിരുന്നു. അർത്ഥം? ജീവിതം മുഴുവൻ അദ്ദേഹം സത്യം മനസ്സിലാക്കാനും, ശരിയായ പാത കണ്ടെത്താനും വേണ്ടി മാറ്റിവച്ചുവെന്ന്. ഒടുക്കം, ഒരു ഹിന്ദുത്വവാദി അദ്ദേഹത്തിനു നേരെ നിറയൊഴിച്ചു, വെടിവെച്ചു കൊന്നുകളഞ്ഞു.പ്രിയപ്പെട്ടവരെ, ഹിന്ദുത്വവാദി അയാളുടെ ജീവിതം മുഴുവൻ അധികാരം കിട്ടാനും അത് പിടിച്ചടക്കാനുമാണ് ശ്രമിക്കുന്നത്. അയാൾക്ക് നേരും നെറിയും ഒരു പരിഗണനാവിഷയമേ അല്ല. അധികാരം മാത്രം മതി, അതിനായി അയാൾ എന്തും ചെയ്യും. ആരെ വേണമെങ്കിലും കൊല്ലും, ആർക്ക് നേരെയും നിറയൊഴിക്കും, ആരെ വേണമെങ്കിലും തീ കൊളുത്തും, മർദ്ദിക്കും...അയാൾക്ക് അധികാരം കിട്ടിയാൽ മാത്രം മതി. അയാളുടെ മാർഗം സത്യാഗ്രഹമല്ല, അധികാരക്കൊതി മാത്രമാണ്.
പ്രിയപ്പെട്ടവരെ, ഹിന്ദു സ്വന്തം വീടിനും നാടിനും സുരക്ഷാകവചമൊരുക്കും. അയാൾ ഭയത്തെ അതിജീവിച്ച്, ഒരിഞ്ചു പോലും പിന്നോട്ടു പോവാതെ ശക്തമായി നേരിനും സത്യത്തിനും വേണ്ടി നിലകൊള്ളും.
എന്നാൽ ഹിന്ദുത്വവാദിയോ? അയാൾ ഭയന്നൊളിക്കും, പേടിച്ചു കീഴടങ്ങും, ഭയത്തിനു കീഴ്പ്പെടും. അതിൽ നിന്ന് അവർ മനസ്സിൽ വെറുപ്പും വിദ്വേഷവും വളർത്തും. ഭയത്തിൽ നിന്നാണ് വെറുപ്പും വിദ്വേഷവും ദേഷ്യവുമൊക്കെ വളരുന്നത്.
മറുവശത്ത്, ഹിന്ദു പക്ഷേ ഭയത്തിനെ നേരിടും, ഒരിക്കലും അതിനു കീഴ്പ്പെടുകയില്ല. അതുകൊണ്ട് തന്നെ അവരുടെ മനസ്സിൽ സമാധാനവും സ്നേഹവുമുണ്ടാവും. അതിന്റെ കരുത്തുണ്ടാവും.
ഇതാണ് സഹോദരീസഹോദരന്മാരെ, ഞാൻ പറഞ്ഞത്, ഹിന്ദുത്വവാദികളും ഹിന്ദുക്കളും രണ്ടും രണ്ടാണെന്ന്. ഞാൻ ഈ സദസ്സിനോട് ഇതു പറഞ്ഞത് എന്തുകൊണ്ടാണെന്നറിയുമോ? കാരണം, നിങ്ങൾ ഹിന്ദുക്കളാണ്, ഹിന്ദുത്വവാദികളല്ല എന്നതുകൊണ്ടാണ്. നമ്മുടെ ഈ രാജ്യം, ഇത് ഇതുപോലുള്ള ഹിന്ദുക്കളുടേതാണ്, ഹിന്ദുത്വവാദികളുടേതല്ല.
ഇന്ന്, ഈ രാജ്യത്ത് വിലയക്കയറ്റവും വെറുപ്പും വിദ്വേഷവും സങ്കടങ്ങളുമുണ്ടെങ്കിൽ, അത് ഹിന്ദുത്വവാദികളുടെ പണിയാണ്. അവര് ചെയ്തുവച്ചതാണ്. രാജ്യത്തിന്റെയും ജനങ്ങളുടെയും അവസ്ഥ എന്തോ ആയിക്കൊള്ളട്ടെ, ഹിന്ദുത്വവാദികൾക്ക് അധികാരം കിട്ടിയാൽ മതി.
മഹാത്മാ ഗാന്ധി പറഞ്ഞത്, "ഞാൻ സത്യമാണ് തേടുന്നത്, ശരിയെയാണ് അന്വേഷിക്കുന്നത്, എനിക്ക് അധികാരം വേണ്ട" എന്നായിരുന്നു. അതിന്റെ നേർവിപരീതമാണ് ഇപ്പോൾ നടക്കുന്നത്. "സത്യമോ ശരിയോ ഒന്നും വേണ്ട, അധികാരം മാത്രം മതി. അധികാരത്തിന്റെ കസേര മാത്രം മതി". അതിനു വേണ്ടി സത്യത്തെ എടുത്തു പുറത്തുകളയാനും അവർ തയാറാണ്.
2014 തൊട്ട് അതുപോലെയുള്ളവരുടെ കൈപ്പിടിയിലാണ് നമ്മുടെ രാജ്യം. ഹിന്ദുത്വവാദികളുടെ രാജ്യമാണ്, ഹിന്ദുക്കളുടേതല്ല. ഞാൻ പറഞ്ഞത് ശരിയല്ലേ? ഇത് ഹിന്ദുത്വവാദികളുടെ രാജ്യമാണ്, ഹിന്ദുക്കളുടേതല്ല.
ഒരിക്കൽ കൂടി, നമുക്ക് ഈ ഹിന്ദുത്വവാദികളെ പുറത്താക്കണം. ഒരിക്കൽ കൂടി, ഹിന്ദുക്കളുടെ രാജ്യം വീണ്ടെടുക്കണം.സഹോദരീസഹോദരന്മാരേ, ആരാണ് ഹിന്ദു? എല്ലാ മതങ്ങളേയും ഒരുപോലെ ബഹുമാനിക്കുന്നവനാണ്. ആരാണ് ഹിന്ദു? ഒന്നിനേയും ഭയപ്പെടാത്തവനാണ്. ആരാണ് ഹിന്ദു? നേരിടേണ്ടിവരുന്നത് എന്തുമാവട്ടെ, നേരിനൊപ്പം നിൽക്കുന്നവനാണ്.നിങ്ങളേത് ഗ്രന്ഥവുമെടുത്തു നോക്കൂ, രാമായണമോ മഹാഭാരതമോ ഗീതയോ ഉപനിഷത്തോ... ഏതുമാവട്ടെ, പാവപ്പെട്ടവനെ അടിച്ചുവീഴ്ത്താൻ എവിടെയെങ്കിലും പറയുന്നുണ്ടോ? ദുർബലനായ ഒരാളെ അക്രമിക്കാൻ എവിടെയാണ് പറയുന്നത്? നിങ്ങൾ പറയൂ? ഒരിടത്തുമില്ല. ഒരു ഗ്രന്ഥവും അപരനെ വെറുക്കാനും അക്രമിക്കാനും പറയുന്നില്ല.
ഗീതയിൽ പറയുന്നുണ്ട്. "സത്യത്തിനായി നിങ്ങൾ പോരാടൂ, അക്രമിക്കപ്പെട്ടാലും മരണപ്പെട്ടാലും സത്യത്തിനായി നിങ്ങൾ പോരാടൂ" എന്ന്. അധികാരത്തിനായി സ്വന്തം സഹോദരരെ വധിക്കാനല്ല കൃഷ്ണൻ അർജുനനോട് പറയുന്നത്. മറിച്ച്, നേരിനും സത്യത്തിനും വേണ്ടി സ്വന്തം സഹോദർക്ക് എതിരെപോലും പോരാടാനാണ് കൃഷ്ണൻ ഉപദേശിക്കുന്നത്.
പ്രിയപ്പെട്ടവരെ, ഇതാണ് ഇന്ന് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. ഒരു വശത്ത്, ഈ -വ്യാജ ഹിന്ദു- അഥവാ ഹിന്ദുത്വവാദി. മറുവശത്ത് യഥാർത്ഥ ഹിന്ദു, സ്നേഹവും സാഹോദര്യവും പരസ്പരബഹുമാനവുമുള്ള ഹിന്ദു.
--------
പരിഭാഷക്ക് കടപ്പാട് ഉണ്ട്.
കോർപ്പറേറ്റുകളുടെ പണിയാളായ പ്രധാനമന്ത്രിയെയും രാജ്യത്തെ സംവിധാനങ്ങൾ ആർഎസ്എസ് കയ്യടക്കുന്നതിനേയും വിമർശിച്ച ആമുഖത്തിനു ശേഷമായിരുന്നു ഈ 10 മിനുട്ട് പ്രസംഗം. ഇതിനു ശേഷം രാജ്യത്തിന്റെ സമ്പത്ത് കോർപ്പറേറ്റുകൾ കയ്യടക്കുന്നതിനെക്കുറിച്ചും പാവപ്പെട്ടവൻ കൂടുതൽ പാവപ്പെട്ടവനാകുന്നതിനെക്കുറിച്ചും വിലക്കയറ്റത്തെക്കുറിച്ചുമെല്ലമുള്ള, കണക്കുകൾ നിരത്തിയുള്ള, നോട്ട് നിരോധനവും ജിഎസ്ടിയും കർഷകവിരുദ്ധ നയങ്ങളുമെല്ലാം പരാമർശിച്ചു കൊണ്ടുള്ള പ്രസംഗം തുടർന്നു. ആകെ 18 മിനിറ്റ്.
ഇത്രയും കേട്ടതിന് ശേഷം ചില മലയാള വാർത്താ മാധ്യമങ്ങൾ ബ്രേയ്ക്കിംഗ് ന്യൂസ് നൽകി: "ഇന്ത്യ ഭരിക്കേണ്ടത് ഹിന്ദുക്കളാണെന്ന് രാഹുൽ ഗാന്ധി"












Click it and Unblock the Notifications