4 ലക്ഷത്തിന് നന്ദിയുമായി രാഹുൽ ഗാന്ധി, വെള്ളിയാഴ്ച വയനാട്ടിലെത്തും, 12 ഇടങ്ങളിൽ രാഹുലിന്റെ റോഡ് ഷോ
കോഴിക്കോട്: സ്വന്തം മണ്ഡലമായ അമേഠി കൈ വിട്ടപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ നാല് ലക്ഷത്തിലധികം വോട്ടിന്റെ ചരിത്ര ഭൂരിപക്ഷത്തിലാണ് വയനാട് രാഹുല്‍ ഗാന്ധിയെ ജയിപ്പിച്ച് വിട്ടത്. ഈ കൂറ്റന്‍ വിജയത്തിന് നന്ദി പറയാന്‍ രാഹുല്‍ ഗാന്ധി വെള്ളിയാഴ്ച വയനാട്ടില്‍ എത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാളെ കേരളത്തില്‍ എത്തുന്നുണ്ട്. രാഹുല്‍ ഗാന്ധി മൂന്ന് ദിവസം കേരളത്തിലുണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. റോഡ് ഷോകള്‍ അടക്കമുളള പരിപാടികള്‍ രാഹുല്‍ ഗാന്ധിക്കുണ്ട്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ രാഹുല്‍ ഗാന്ധി കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തും. മണ്ഡലത്തില്‍ 12 ഇടങ്ങളിലാണ് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ നിശ്ചയിച്ചിരിക്കുന്നത്. മലപ്പുറം ജില്ലയിലെ വണ്ടൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കാളികാവില്‍ നിന്നാണ് രാഹുല്‍ ഗാന്ധിയുടെ ആദ്യത്തെ റോഡ് ഷോയ്ക്ക് തുടക്കമിടുക.

മലപ്പുറം ജില്ലയില്‍ തന്നെ ഏറനാട് നിയമസഭാ മണ്ഡലത്തും രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയുണ്ട്. എടവണ്ണയിലെ സീതിഹാജി പാലം മുതല്‍ ജമാലങ്ങാടി വരെയാണ് തുറന്ന വാഹനത്തിലെ റോഡ് ഷോ നടക്കുക. അരീക്കോടും സമാനമായ റോഡ് ഷോ നടത്തും. അതേസമയം സംസ്ഥാനത്ത് മഴ ശക്തമാകുന്നത് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോകളെ ബാധിക്കുമോ എന്ന് കോണ്‍ഗ്രസ് നേതൃത്വം ആശങ്കപ്പെടുന്നുണ്ട്.
മലപ്പുറത്തെ റോഡ് ഷോകള്‍ക്ക് ശേഷം കോഴിക്കോട് ജില്ലയിലും വയനാട്ടിലും രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോകളുണ്ട്. കോഴിക്കോട് തിരുവമ്പാടി, മുക്കം, ഈങ്ങാപ്പുഴ എന്നിവിടങ്ങളില്‍ രാഹുലിന്റെ റോഡ് ഷോകളുണ്ട്. അതേസമയം ഇവിടങ്ങളിലെ റോഡ് ഷോ ഞായറാഴ്ചത്തേക്ക് മാറ്റി വെയ്ക്കാന്‍ സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച് എസ്പിജി നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായാണ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തുന്നത്. ദേശീയ തലത്തില്‍ നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ലെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 12 സീറ്റുകളുമായി കേരളം യുഡിഎഫ് തൂത്തുവാരിയിരുന്നു.












Click it and Unblock the Notifications