ശബരിമല അയ്യപ്പ സ്വാമിയുടെ സ്വര്‍ണം പൊതിഞ്ഞ പാളി എവിടെ? ചോദ്യം ഇതുമാത്രം എന്ന് രാഹുല്‍
കൊച്ചി: ശബരിമല സ്വര്‍ണപ്പാളി വിവാദം കൂടുതല്‍ ചര്‍ച്ചയാകുകയാണ്. ഇനിയും നടപടിയുണ്ടാകുമെന്ന് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് പറഞ്ഞു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെ സസ്‌പെന്റ് ചെയ്ത പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. വിജിലന്‍സിന്റെ അന്തിമ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നും ദേവസ്വം പ്രസിഡന്റ് പറഞ്ഞു.
വിവാദ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം ഇത്തവണയും ദ്വാരപാലക ശില്‍പ്പങ്ങള്‍ ചെന്നൈയിലേക്ക് കൊടുത്തുവിടാമെന്ന റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡില്‍ എത്തിയിരുന്നു. എന്നാല്‍ ബോര്‍ഡ് ഒറ്റക്കെട്ടായി എത്തതിര്‍ത്തു എന്നും പ്രശാന്ത് പറഞ്ഞു. പോറ്റിയുമായി അടുത്ത ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ ദേവസ്വം ബോര്‍ഡ് അംഗം അജികുമാര്‍ നിഷേധിച്ചു. താന്‍ ആരെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ല. ഉണ്ണികൃഷ്ണന്‍ പോറ്റിയെ താനല്ല ക്ഷണിച്ചത്. പാര്‍ട്ടി തന്നോട് വിശദീകരണം തേടിയിട്ടില്ലെന്നും അജികുമാര്‍ പറഞ്ഞു.

അതേസമയം, ശബരിമലയിലെ സ്വര്‍ണത്തില്‍ പൊതിഞ്ഞ പാളി എവിടെ എന്ന ചോദ്യത്തിന് ഉത്തരമാണ് വേണ്ടതെന്നും അത് സര്‍ക്കാരാണ് പറയേണ്ടതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതികരിച്ചു. ഉത്തരം കിട്ടുന്നത് വരെ ചോദ്യം ചോദിക്കുമെന്നും പിആര്‍ വര്‍ക്ക് നടത്തി രക്ഷപ്പെടാമെന്ന് സര്‍ക്കാര്‍ വിചാരിക്കേണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം: ശബരിമല അയ്യപ്പന്റെ പൊന്നു കട്ട വിഷയത്തിൽ, മാധ്യമങ്ങൾക്ക് ആഘോഷിക്കാൻ ഏതെങ്കിലും ഒരു ദിവ്യനെ എറിഞ്ഞു കൊടുത്ത് സ്വയം രക്ഷപ്പെടാമെന്ന് ഈ 'അമ്പലം വിഴുങ്ങി സർക്കാർ' വിചാരിക്കേണ്ട. ആ മസാല പുരട്ടിയ വാർത്തകൾക്ക് പിന്നാലെ പോകാൻ വിശ്വാസികളും അല്ലാത്തവരുമായ ഈ നാട്ടിലെ മനുഷ്യർ തയാറല്ല.
ഞങ്ങൾക്ക് ഉത്തരം തരേണ്ടത് ഏതെങ്കിലും 'അവതാരമോ' , ഉദ്യോഗസ്ഥരോ , ദേവസ്വം ബോർഡോ അല്ല മറിച്ച് ഈ നാട് ഭരിക്കുന്ന സർക്കാരാണ്.
ഒരുപാട് ചോദ്യങ്ങൾ അന്തരീക്ഷത്തിൽ നിലനിർത്തി, സംശയത്തിന്റെ അനുകൂല്യത്തിൽ, കട്ട സ്വർണ്ണത്തിന്റെ പണക്കൊഴുപ്പിന്റെ PR ഇൽ രക്ഷപെടാം എന്ന് സർക്കാർ വിചാരിക്കേണ്ട.
ഞങ്ങളുടെ ഒന്നാമത്തെ ചോദ്യവും രണ്ടാമത്തെ ചോദ്യവും തൊട്ട് അവസാനത്തെ ചോദ്യം വരെ ഇതാണ്,
1. ശബരിമല അയ്യപ്പ സ്വാമിയുടെ സ്വർണ്ണത്തിൽ പൊതിഞ്ഞ പാളികൾ എവിടെ?
2. ശബരിമല അയ്യപ്പ സ്വാമിയുടെ സ്വർണ്ണത്തിൽ പൊതിഞ്ഞ പാളികൾ എവിടെ?
3. ശബരിമല അയ്യപ്പ സ്വാമിയുടെ സ്വർണ്ണത്തിൽ പൊതിഞ്ഞ പാളികൾ എവിടെ?
ഈ ചോദ്യം ഇങ്ങനെ ചോദിച്ചു കൊണ്ടേയിരിക്കും, ഉത്തരം കിട്ടും വരെ.
നാടിനെ കാക്കുന്ന അയ്യന്റെ
പൊന്നു കക്കുന്ന സർക്കാരിന് എതിരെ ഈ നാട് മതങ്ങൾക്കും വിശ്വാസങ്ങൾക്കും അതീതമായി സംഘടിക്കും, സംസാരിക്കും, പ്രതികരിക്കും....












Click it and Unblock the Notifications