രാഹുലിന്റെ മര്യാദകേടുകള്‍ നേരത്തെ അറിയാമായിരുന്നു; അതു പറയേണ്ടവരോട് അന്ന് പറഞ്ഞിട്ടുമുണ്ട്
സമൂഹ മാധ്യമങ്ങളില്‍ തനിക്കു നേരെ വരുന്ന വിമര്‍ശനങ്ങളില്‍ ഭാര്യ ഡോക്ടര്‍ സൗമ്യ സരിന്‍ ഒരിക്കലും പ്രതികരിക്കാറില്ലെന്ന് സിപിഎം നേതാവും പാലക്കാട്ടെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും ആയിരുന്ന ഡോക്ടര്‍ പി സരിന്‍. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മനോരമ ന്യൂസിന് നല്‍കിയ പ്രതികരണത്തിലായിരുന്നു സരിന്റെ പ്രതികരണം.
സരിന്റെ വാക്കുകള്‍: അവള്‍ അവളുടെ കാര്യം നോക്കാന്‍ നല്ല മിടുക്കിയാണ്. കുടുംബത്തെക്കുറിച്ച് എന്തെങ്കിലും വിമര്‍ശിച്ചാല്‍ മാത്രമേ സൗമ്യ എനിക്കു വേണ്ടി എന്തെങ്കിലും പറയാറുള്ളൂ. എന്നെ കുറിച്ചുള്ള വിമര്‍ശനങ്ങളില്‍ സൗമ്യ ഒരിക്കലും മറുപടി പറയാറില്ല. എന്നെക്കൊണ്ട് മടുത്തെന്ന് അവള്‍ ഒരിക്കലും പറയില്ല. അങ്ങനെ പറയാനായിരുന്നെങ്കില്‍ കല്യാണത്തിന് മുന്‍പേ പറയുമായിരുന്നു.

സോഷ്യല്‍ മീഡിയയിലെ ട്രോളുകളെ കുറിച്ച് ചിന്തിക്കാറില്ല. ഞാന്‍ പറയുന്ന കാര്യങ്ങള്‍ പറഞ്ഞു കൊണ്ടേയിരിക്കും. പിരിയാരി എന്ന് പറഞ്ഞാണ് ഇപ്പോള്‍ കളിയാക്കിക്കൊണ്ടിരിക്കുന്നത്. ഇലക്ഷന്‍ അവലോകനത്തില്‍ പിരിയാരി പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഇത്ര ലീഡ് ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു. അതു തെറ്റിപ്പോയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പിരി എന്ന വാക്ക് ചേര്‍ത്ത് ട്രോളുന്നത്.
അന്ന് പിരിയാരി പഞ്ചായത്തിനെ കുറിച്ച് തള്ളിയതല്ല. അത് കോണ്‍ഫിഡന്‍സ് ആയിരുന്നു. അന്ന് നടന്ന കോണ്‍ഗ്രസ്-ബിജെപി അന്തര്‍ നാടകങ്ങളുടെ അടിസ്ഥാനത്തില്‍ കണക്കുകൂട്ടലുകള്‍ തെറ്റിപ്പോയി. അതാണ് സംഭവിച്ചത്. സോഷ്യല്‍ മീഡിയയില്‍ ട്രോളാന്‍ എളുപ്പമാണ്. പിരിയാരി പഞ്ചായത്ത് ഇന്നേവരെ യുഡിഎഫ് ആണ് ഭരിച്ചുകൊണ്ടിരിക്കുന്നത്. ഡിസംബര്‍ 13-ന് വോട്ടെണ്ണുമ്പോള്‍ നമുക്ക് കാണാം.
രാഹുല്‍ മാങ്കൂട്ടത്തില്‍ പണ്ട് സുഹൃത്തായിരുന്നില്ല. രാഹുല്‍ പണ്ടേ പ്രശ്‌നക്കാരനായിരുന്നു എന്ന് അറിയാമായിരുന്നു. രാഹുലിന്റെ മര്യാദകേടുകള്‍ സംഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു. അത് അദ്ദേഹത്തെ സംരക്ഷിക്കുന്നവര്‍ക്കും അറിയാമായിരുന്നു. ഇതിപ്പോള്‍ പുറത്തേക്ക് വന്നു എന്നേയുള്ളൂ. രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ കലാപമുയര്‍ത്തിയ ആള്‍ കൂടിയാണ് ഞാന്‍. എന്തുകൊണ്ടാണ് രാഹുലിനെ തിരഞ്ഞെടുപ്പില്‍ നിര്‍ത്തരുതെന്ന് അന്ന് വളരെ കൃത്യമായി പറഞ്ഞത് ഇതുകൊണ്ടൊക്കെ കൂടിയാണ്. പറഞ്ഞ കാര്യങ്ങള്‍ പറയേണ്ടവരോടൊക്കെ അന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. ഇപ്പോള്‍ എല്ലാം പുറത്തുവന്നു - സരിന്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications