വ്യക്തിപരമായി ചൂഴ്ന്ന് നോക്കിയിട്ടില്ല; പിന്തുണച്ചത് രാഷ്ട്രീയത്തെ; രാഹുല്‍ മാങ്കൂട്ടത്തിലിനെ തള്ളി ഷാഫി
ലൈംഗിക പീഡന പരാതി നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസ് പാര്‍ട്ടി പുറത്താക്കിയതില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍ എംപി. പീഡന പരാതിയില്‍ സെഷന്‍സ് കോടതി രാഹുലിന്റെ മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെ രാഹുലിനെ പൂര്‍ണമായും തള്ളിയാണ് ഷാഫി നിലപാട് സ്വീകരിച്ചത്.
രാഹുലിന്റെ രാഷ്ട്രീയത്തെയാണ് എക്കാലവും പിന്തുണച്ചിട്ടുള്ളത്. വ്യക്തിപരമായി ഓരോരുത്തരിലേക്കും ചൂഴ്ന്നിറങ്ങിയിട്ടില്ലെന്നും ഷാഫി പറഞ്ഞു. രാഹുലിന്റെ സംഘടനാ പ്രവര്‍ത്തനത്തെയാണ് പിന്തുണച്ചിട്ടുള്ളത്. ക്രിമിനല്‍ സ്വഭാവമുള്ള പരാതികള്‍ ഒന്നും രേഖാമൂലം തനിക്ക് നേരത്തെ ലഭിച്ചിട്ടില്ലെന്ന് ഷാഫി കൂട്ടിച്ചേര്‍ത്തു.

ഷാഫിയുടെ വാക്കുകള്‍: പരാതി രേഖാ മൂലം ലഭിക്കുന്നതിന് മുന്‍പ്, രാഹുലിന് എതിരേ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ തന്നെ മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനവും സ്വീകരിക്കാത്ത ശക്തമായ നിലപാട് കോണ്‍ഗ്രസ് പാര്‍ട്ടി രാഹുലിനെതിരെ സ്വീകരിച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്നും രാജി വച്ചതിന് പിന്നാലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാഹുലിനെ സസ്‌പെന്‍ഡ് ചെയ്തു. അതിനു ശേഷമാണ് യുവതിയില്‍ നിന്ന് രേഖാ മൂലമുള്ള പരാതി ലഭിച്ചത്.
പാര്‍ട്ടി അന്വേഷിക്കാന്‍ നില്‍ക്കാതെ ഡിജിപിക്ക് ആ പരാതി കെപിസിസി പ്രസിഡന്റ് തന്നെ കൈമാറുകയായിരുന്നു. അടുത്ത സ്‌റ്റെപ്പായി കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ച് രാഹുലിനെ പുറത്താക്കി. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് വേറിട്ടൊരു അഭിപ്രായം എനിക്കില്ല.
രാഹുലുമായി വ്യക്തിപരമായി ഉണ്ടായിരുന്ന സൗഹൃദത്തെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നതല്ല. കോണ്‍ഗ്രസ് പാര്‍ട്ടി വഴിയാണ് രാഹുലുമായി സൗഹൃദം ഉണ്ടായത്. പാര്‍ട്ടിയില്‍ ചെറുപ്പക്കാരായ, കഴിവുള്ള ആളുകള്‍ വളര്‍ന്നു വരുമ്പോള്‍ രാഷ്ട്രീയമായും സംഘടനാപരമായും ആളുകളെ സപ്പോര്‍ട്ട് ചെയ്യേണ്ട ഉത്തരവാദിത്വം ഞങ്ങളെപ്പോലുള്ള ആളുകള്‍ക്ക് ഉണ്ട്. നാളെയാണെങ്കിലും കോണ്‍ഗ്രസിനകത്ത് നന്നായി പ്രവര്‍ത്തിക്കുന്ന ഒരാളെ കൊണ്ടുവരാന്‍ ഞങ്ങള്‍ ശ്രമിക്കും.
രാഹുലിനെതിരെ പാര്‍ട്ടി ശക്തമായ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള ഒരു നടപടിയും മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനവും സ്വീകരിച്ചിട്ടില്ലെന്നും ഷാഫി പറഞ്ഞു. രാഹുല്‍ പീഡന ആരോപണങ്ങള്‍ നേരിടുന്നതു മുതല്‍ പാര്‍ട്ടി നടപടി വൈകുന്നതായി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. രണ്ടാമത്തെ പെണ്‍കുട്ടിയുടെ പരാതി പാര്‍ട്ടിക്കു നേരിട്ടു ലഭിച്ച സാഹചര്യത്തിലും കോടതി മുന്‍കൂര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലുമാണ് രാഹുലിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയത്.












Click it and Unblock the Notifications