'പിഷാരടിയെ നിശബ്ദനാക്കുവാന്‍ സിപിഎം ഗുണ്ടാപ്പടയുടെ ശ്രമം വലുതായിരുന്നു; ഇത് അയാളുടെ കൂടി വിജയം'
കൊച്ചി: നടനും കോണ്‍ഗ്രസ് സഹയാത്രികനുമായ രമേശ് പിഷാരടിക്ക് അഭിനന്ദനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയ മിന്നുന്ന വിജയത്തിന്റെ പശ്ചാത്തലത്തിലാണ് രാഹുല്‍ പിഷാരടിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
പിഷാരടിയും അദ്ദേഹം ഉയര്‍ത്തുന്ന രാഷ്ട്രീയവും ഒരു നാള്‍ വിജയംവരിക്കുമെന്നതിന്റെ തെളിവാണ് തൃക്കാക്കരയിലെ വിജയമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. പ്രതിസന്ധിയില്‍ കൂടെ നിന്ന് ഈ തിരഞ്ഞെടുപ്പിലെ താരപ്രചാരകരിലൊരാളായ പിഷാരടിയുടെ കൂടി വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പിഷാരടി കാലെടുത്ത ഇടങ്ങളിലെല്ലാം കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്ന് ഒരു നരേറ്റീവ് സൃഷ്ടിച്ച് അയാളെ നിശബ്ദനാക്കുവാന്‍ സി പി എം ഗുണ്ടാപ്പട നടത്തിയ ശ്രമം വലുതായിരുന്നെന്നും രാഹുല്‍ കുറ്റപ്പെടുത്തുന്നു. ഭരണം മാറിയിട്ടും അക്കാദമിയിലെ കസേര മോഹിച്ച് നിലപാട് മാറ്റാത്ത പിഷാരടിയുടെ രാഷ്ട്രീയത്തെ നിങ്ങള്‍ നിരന്തരം പരിഹസിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഹുല്‍ മാങ്കൂട്ടത്തലിന്റെ വാക്കുകളിലേക്ക്...

കലാകാരന്മാര്‍ക്ക് സി.പി.എം രാഷ്ട്രീയമൊഴികെ മറ്റെല്ലാം അയിത്തമെന്നോതുന്ന സാംസ്‌കാരിക മൗനിബാബമാര്‍ ഭരിക്കുന്ന കേരളത്തില്‍ ഉശിരോടെ പിഷാരടി കോണ്‍ഗ്രസ് രാഷ്ട്രീയം പറയും, കൈപ്പത്തിക്ക് വോട്ട് ചെയ്യാന്‍ അഭ്യര്‍ത്ഥിക്കും. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ പിഷാരടി പ്രചാരണത്തിനിറങ്ങി വിജയിച്ച മണ്ഡലങ്ങളെ സൗകര്യപൂര്‍വ്വം മറന്ന്, അയാള്‍ കാലെടുത്ത ഇടങ്ങളിലെല്ലാം കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്ന് ഒരു നരേറ്റീവ് സൃഷ്ടിച്ച് അയാളെ നിശബ്ദനാക്കുവാന്‍ സി പി എം ഗുണ്ടാപ്പട നടത്തിയ ശ്രമം വലുതായിരുന്നു.

ആ സി പി എം സൈബര്‍ ഹാന്‍ഡിലുകളോട് ചോദിക്കാനുള്ളത് പുതു വര്‍ഷത്തില്‍ ഒന്നാം ക്ലാസില്‍ ചേര്‍ത്ത കുട്ടിയുടെ കരച്ചിലടക്കാനായി സ്‌കൂള്‍ വരാന്തയില്‍ കാത്തിരിക്കുന്ന രക്ഷിതാവിനെപ്പോലെ ജോ ജോസഫിന് വേണ്ടി തൃക്കാക്കരയില്‍ രണ്ടാഴ്ച കാവലിരുന്ന മുഖ്യമന്ത്രിയെ ഈ പരാജയത്തിന്റെ പേരില്‍ മാന്‍ഡ്രേക്ക് എന്ന് വിളിക്കാമോ?

ഭരണം മാറിയിട്ടും അക്കാദമിയിലെ കസേര മോഹിച്ച് നിലപാട് മാറ്റാത്ത പിഷാരടിയുടെ രാഷ്ട്രീയത്തെ നിങ്ങള്‍ നിരന്തരം പരിഹസിച്ചേക്കാം, എന്നാല്‍ പിഷാരടിയും അദ്ദേഹം ഉയര്‍ത്തുന്ന രാഷ്ട്രീയവും ഒരു നാള്‍ വിജയം വരിക്കുമെന്നതിന്റെ തെളിവാണ് തൃക്കാക്കരയിലെ വിജയം. പ്രതിസന്ധിയില്‍ കൂടെ നിന്ന് ഈ തിരഞ്ഞെടുപ്പിലെ താരപ്രചാരകരിലൊരാളായ പിഷാരടിയുടെ കൂടി വിജയമാണ്. പിഷാരടിയുടെ തമാശയ്ക്ക് ചിരിക്കില്ലായെന്ന 'ചിരിവിലക്ക്' ഏര്‍പ്പെടുത്തി വേണേല്‍ ഒന്നു തോല്പിക്കാന്‍ നോക്ക്...!- രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

നേരത്തെ നിര്‍മ്മാതാവ് ആന്റോ ജോസഫിനെയും രാഹുല്‍ മാങ്കൂട്ടത്തില്‍ അഭിനന്ദിച്ചിരുന്നു. സിനിമക്കാര്‍ ആയാല്‍ ഇടതുപക്ഷം ആയിരിക്കണമെന്നും, അല്ലെങ്കില്‍ 'കൂവി തോല്പ്പിക്കും' എന്നുമുള്ള സാംസ്‌കാരിക ഗുണ്ടായിസത്തെ കഴിഞ്ഞ പല പതിറ്റാണ്ടായി പ്രതിരോധിക്കുന്ന മനുഷ്യനാണ് ആന്റോ ജോസഫെന്ന് രാഹുല്‍ പറഞ്ഞു.

ഇപ്പോഴും ആ പഴയ കോട്ടയം ജില്ല കെ എസ് സു കമ്മിറ്റി സെക്രട്ടറിയുടെ മനസ്സോടെ കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിന്റെ ഭാഗമായിരിക്കുന്നവന്‍.
ഭരണത്തുടര്‍ച്ചയുടെ അഹങ്കാരത്തില്‍ പിണറായി സര്‍ക്കാര്‍ നില കൊള്ളുമ്പോഴും , നാളെകളില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായേക്കാവുന്ന വേട്ടയാടലുകളില്‍ വ്യാകുലപ്പെടാതെ ഈ തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ പി.ടി. യുടെ നിലപാടുകള്‍ ഓര്‍മ്മിപ്പിച്ച്, ഉമ തോമസ് എന്ന പഴയ കാല കെ എസ് യു നേതാവിന്റെ നേതൃപാടവത്തില്‍ വിശ്വാസമര്‍പ്പിച്ച് കോണ്‍ഗ്രസ്സ് പ്രത്യയ ശാസ്ത്ര പ്രസക്തിയുടെ പ്രധാന്യമോര്‍മിപ്പിച്ച് ആര്‍ജ്ജവത്തോടെ പരസ്യ നിലപാട് സ്വീകരിച്ച സിനിമാക്കാരന്‍..... പ്രിയ ആന്റോ ചേട്ടന്റെ ജന്മദിനം കൂടിയാണിന്ന്.... ആന്റോ ചേട്ടനും , അദ്ദേഹത്തിന്റെ നിലപാടുകള്‍ക്കും ആശംസകള്‍, അഭിവാദ്യങ്ങള്‍...- രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.












Click it and Unblock the Notifications