ഏത് ഉന്നതനായാലും വിട്ടുവീഴ്ചയില്ലെന്ന് സന്ദീപ്, പാപം ചെയ്യാത്തവർ മാത്രം കല്ലെറിയട്ടെയെന്ന് ചെറിയാൻ ഫിലിപ്പ്
ലൈംഗിക പീഡനക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെ പാർട്ടിയിൽ നിന്ന് പുറത്താക്കി മുഖം രക്ഷിച്ചിരിക്കുകയാണ് കോൺഗ്രസ്. കേരളം വിട്ടുവെന്ന് സംശയിക്കുന്ന രാഹുൽ കീഴടങ്ങിയേക്കുമെന്ന് സൂചനയുണ്ട്. അതിനിടെ പാർട്ടി നടപടിയെ പ്രകീർത്തിച്ച് രംഗത്ത് വന്നിരിക്കുകയാണ് സന്ദീപ് വാര്യർ അടക്കമുളള കോൺഗ്രസ് നേതാക്കൾ.
എത്ര ഉന്നതനായ വ്യക്തി ആയാലും സ്ത്രീകൾക്ക് എതിരെയുളള വിഷയങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന് കോൺഗ്രസ് തെളിയിച്ചിരിക്കുകയാണെന്നാണ് സന്ദീപ് ജി വാര്യരുടെ പ്രതികരണം. അതേസമയം സ്വയം കുഴിച്ച കുഴിയിലാണ് രാഹുൽ വീണിരിക്കുന്നത് എന്നാണ് ചെറിയാൻ ഫിലിപ്പിന്റെ പ്രതികരണം.
സന്ദീപ് വാര്യർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം: '' നീതിയാണ് വലുത്. ഇന്ന്, രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയ കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് എംഎൽഎയുടെ തീരുമാനം കേവലം ഒരു നടപടി മാത്രമല്ല, ഇത് ഞങ്ങളുടെ പ്രസ്ഥാനം ഉയർത്തിപ്പിടിക്കുന്ന സ്ത്രീപക്ഷ നിലപാടിന്റെ ഉറച്ച പ്രഖ്യാപനമാണ്.

ഒരു വ്യക്തി എത്ര ഉന്നതനായാലും, ആരോപണങ്ങൾ ഗുരുതരമാണെങ്കിൽ, പ്രത്യേകിച്ച് സ്ത്രീകൾക്കെതിരായ വിഷയങ്ങളിൽ, ഒറ്റ വിട്ടുവീഴ്ചയുമില്ല എന്ന് കോൺഗ്രസ് തെളിയിച്ചിരിക്കുന്നു. ഇവിടെ വ്യക്തി താൽപ്പര്യങ്ങളല്ല, പാർട്ടിയുടെ ധാർമ്മികതയും നീതിബോധവുമാണ് വിജയിച്ചത്. ഇത് കോൺഗ്രസ് എന്നും മുറുകെ പിടിക്കുന്ന സ്ത്രീശാക്തീകരണ കാഴ്ചപ്പാടിൻ്റെ പ്രതിഫലനമാണ്. മറ്റ് പാർട്ടികളുടെ അവസ്ഥ എന്താണ്?
സ്ത്രീകൾക്കെതിരെ കേസുകളുള്ള സ്വന്തം നേതാക്കളെ സംരക്ഷിക്കാനായി അവർ ആവോളം വെള്ളപൂശും. പുറത്തുനിന്നുള്ളവർക്കെതിരെ വരുമ്പോൾ വാളെടുത്ത് ചാടും.
സ്ത്രീ സുരക്ഷയെക്കുറിച്ച് വാചാലരാവുകയും സ്വന്തം പാളയത്തിലെ തെറ്റുകൾ കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് എത്രയോ തവണ നമ്മൾ കണ്ടതാണ്.
സമാനമായ ആരോപണങ്ങൾ വന്നപ്പോൾ, ആരോപണവിധേയരെ സംരക്ഷിക്കാൻ ഭരണ സ്വാധീനം ഉപയോഗിക്കുകയും, തങ്ങളെ വിമർശിക്കുന്നവരെ വേട്ടയാടുകയും ചെയ്ത പല പാർട്ടികളും ഈ നടപടിയിൽ നിന്ന് ഒരു പാഠം പഠിക്കണം. നീതിയുടെ ഈ വഴിയിൽ, കോൺഗ്രസിനൊപ്പം നിൽക്കുന്നതിൽ എനിക്ക് അഭിമാനമുണ്ട്. പീഡനത്തിനിരയായവർക്കു വേണ്ടി, അവകാശങ്ങൾ നിഷേധിക്കപ്പെട്ട സ്ത്രീകൾക്കുവേണ്ടി, പോരാട്ടം തുടരും''.
ചെറിയാൻ ഫിലിപ്പിന്റെ പ്രതികരണം: '' കൊടുമുടിയിൽ കയറേണ്ടിയിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ സ്വയം കുഴിച്ച കുഴിയിൽ വീണു. രാഹുൽ നിയമവിരുദ്ധമായ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടുകയും പരാതിക്കാർക്ക് നീതി ലഭിക്കുകയും വേണം. വിചാരണ കോടതിയുടെ അന്തിമവിധി വരുന്നതുവരെ രാഹുൽ കുറ്റാരോപിതൻ മാത്രമാണ്. പാപം ചെയ്യാത്തവർ മാത്രം കല്ലെറിയട്ടെ''.












Click it and Unblock the Notifications