'രാഹുലിന്റെ പേര് ഉമ്മൻചാണ്ടി പറഞ്ഞിട്ടേ ഇല്ല', ഉണ്ണിത്താന് പിന്നിൽ അണിനിരന്ന് ഉമ്മൻചാണ്ടിയുടെ കുടുംബം
ഷാഫി പറമ്പിലുമായി ബന്ധപ്പെട്ട വിവാദത്തിൽ രാജ്മോഹൻ ഉണ്ണിത്താനെ പിന്തുണച്ച് ഉമ്മൻചാണ്ടിയുടെ കുടുംബം. രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞതെല്ലാം സത്യമാണെന്നാണ് ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ പ്രതികരിച്ചിരിക്കുന്നത്. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മൻചാണ്ടി നിർദേശിച്ച പേര് രാഹുൽ മാങ്കൂട്ടത്തിലിന്റേത് ആയിരുന്നില്ലെന്നും മറിയാമ്മ ഉമ്മൻ പറയുന്നു.
ഉമ്മൻചാണ്ടിയുടെ മക്കളായ ചാണ്ടി ഉമ്മനും മറിയ ഉമ്മനും രാജ്മോഹൻ ഉണ്ണിത്താന് പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്. മറിയാമ്മ ഉമ്മന്റെ വാക്കുകൾ: ''രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞത് സത്യമാണ്. ഞങ്ങളുടെ ഏറ്റവും വിഷമഘട്ടത്തില്‍ ഉണ്ണിത്താന്‍ കൂടെ നിന്നിട്ടുണ്ട്. ഒരു ചാവേര്‍ പോലെ മുന്നില്‍ നിന്നിട്ടുണ്ട് ഞങ്ങള്‍ക്ക് വേണ്ടി. ഉമ്മന്‍ചാണ്ടി സ്‌നേഹിച്ച വ്യക്തിയാണ് ഷാഫി പറമ്പില്‍. പക്ഷേ ഉമ്മന്‍ചാണ്ടിയെ തിരിച്ച് അത്രയ്ക്ക് സ്‌നേഹിച്ചോ എന്ന് ചോദിച്ചാല്‍ അറിയില്ല. അത് അദ്ദേഹത്തിന്റെ മനസാക്ഷി പറയട്ടെ. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മന്‍ചാണ്ടി എഴുതിയ കുറിപ്പില്‍ ഉണ്ടായിരുന്ന പേര് ജെഎസ് അഖിലിന്റേതാണ്, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേര് പറഞ്ഞിട്ടേ ഇല്ല'', മറിയാമ്മ ഉമ്മന്‍ പറഞ്ഞു.
ഷാഫി പറമ്പിൽ ഉമ്മൻചാണ്ടിയുടെ അവസാനകാലത്ത് തള്ളിയിട്ട് പോയ വ്യക്തി ആണെന്നും മറിയാമ്മ ഉമ്മൻ തുറന്നടിച്ചു. ''ഉമ്മൻചാണ്ടിയെ ഇഷ്ടപ്പെടുന്ന ഒരുപാട് വ്യക്തികൾ തന്നോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഷാഫിയോട് എന്നും സ്നേഹം ഉണ്ടെങ്കിലും ഉമ്മൻചാണ്ടി വിട്ടിട്ട് പോയതിൽ വിഷമം ഉണ്ട്. ഷാഫി അക്കരപ്പച്ച തേടി പോയതായിരിക്കും. ഇനി ഉമ്മൻചാണ്ടിയുടെ കൂടെ നിന്നിട്ട് ഗുണമൊന്നും ഇല്ലെന്ന് അദ്ദേഹത്തിന് തോന്നിക്കാണും. രോഗം വന്നപ്പോൾ ഉമ്മൻചാണ്ടിയെ ഉപേക്ഷിച്ച അനേകരിൽ ഏറ്റവും മുഖ്യൻ ഷാഫി ആണ്'', മറിയാമ്മ ഉമ്മൻ പറഞ്ഞു

രാജ്‌മോഹന്‍ ഉണ്ണിത്താനെ പിന്തുണച്ച് ചാണ്ടി ഉമ്മനും രംഗത്ത് വന്നിട്ടുണ്ട്. ''രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഞങ്ങളുടെ കുടുംബത്തെ സംരക്ഷിച്ചു എന്നതില്‍ സംശയമില്ല. ഞങ്ങളെയൊക്കെ പച്ചയ്ക്ക് വലിച്ച് കീറുകയായിരുന്നു അന്ന് ഇടതുപക്ഷം. ചാനലുകളില്‍ നിന്ന് ചാനലുകളിലേക്ക് പോയി ഞങ്ങളെ സംരക്ഷിച്ച രണ്ട് പേര്‍ രാജ്‌മോഹന്‍ ഉണ്ണിത്താനും ടി സിദ്ദിഖും ആയിരുന്നു. ഉണ്ണിത്താന്‍ ഞങ്ങള്‍ക്ക് വേണ്ടി രക്തസാക്ഷിയായി. അത് മറക്കാന്‍ സാധിക്കില്ല'', ചാണ്ടി ഉമ്മന്‍ പറഞ്ഞു.
''ഞങ്ങള്‍ക്ക് മാത്രമല്ല കോണ്‍ഗ്രസ് പാര്‍ട്ടിക്കും കടപ്പാടുളള നേതാവാണ് ഉണ്ണിത്താന്‍. അദ്ദേഹം ഒപ്പം നിന്നു എന്നതിന് അര്‍ത്ഥം ബാക്കിയുളളവര്‍ ഉണ്ടായില്ല എന്നല്ല. ഓരോരുത്തരും വഹിച്ച റോള്‍ അവരുടെ മനസാക്ഷിക്ക് അറിയാം. ആരെയും കുറ്റപ്പെടുത്താനില്ല. ഒപ്പം നിന്നവരാണ് എല്ലാവരും എന്ന് കരുതാനാണ് ഇഷ്ടം. സോളാര്‍ സമര കാലത്ത് നേതാക്കള്‍ ഇട്ടെറിഞ്ഞ് പോയതായി തോന്നിയില്ല. ഇട്ടെറിഞ്ഞ് പോയ സമയം ഉണ്ട്. അത് അദ്ദേഹത്തിന് വയ്യാതായ സമയത്താണ്. അദ്ദേഹത്തിന്റെ അവസാനകാലത്ത് ചിലര്‍ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ നേടാന്‍ ശ്രമിച്ചു എന്നത് യാഥാര്‍ത്ഥ്യമാണ്. അത് ആരാണെന്ന് വരും കാലങ്ങളില്‍ പുറത്ത് വരും'', അത് ഷാഫി ആണെന്ന് താൻ പറഞ്ഞില്ലെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു. കുടുംബത്തിനൊപ്പം എല്ലാ പ്രതിസന്ധികളിലും ഒപ്പം നിന്ന വ്യക്തി രാജ്മോഹൻ ഉണ്ണിത്താൻ ആണെന്നും അതിന്റെ പേരിൽ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ടെന്നും മറിയ ഉമ്മൻ പ്രതികരിച്ചു.



Click it and Unblock the Notifications
