'ഇത് പൊതു ഖജനാവിലെ പണമല്ല; 42 ലക്ഷത്തിന്റെ തൊഴുത്ത് പണിഞ്ഞവര്‍ ഓഡിറ്റ് ചെയ്യേണ്ട': രാഹുല്‍ മാങ്കൂട്ടത്തില്‍
പാലക്കാട്: ഗുജറാത്തില്‍ നടക്കുന്ന എഐസിസി സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മൂന്ന് ലക്ഷം രൂപയുടെ ഷൂസ് ധരിച്ചെന്ന പ്രചാരണത്തില്‍ പരിഹാസ പോസ്റ്റുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ. സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായ വിവാദത്തില്‍ വിഡി സതീശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. താന്‍ മൂന്ന് ലക്ഷം രൂപയുടെ ഷൂ ധരിച്ചെന്ന് പ്രചരിപ്പിച്ചതിന് പിന്നില്‍ സിപിഎം സൈബര്‍ ഹാന്റിലുകളാണെന്ന് അദ്ദേഹം ആരോപിച്ചു. ഒമ്പതിനായിരം രൂപയാണ് ഷൂവിന് ഇന്ത്യയിലെ വിലയെന്നും അടുത്ത സുഹൃത്ത് ലണ്ടനില്‍ നിന്ന് വാങ്ങി നല്‍കിയതാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഷൂ വിവാദത്തില്‍ പ്രതിപക്ഷ നേതാവിനെ പിന്തുണച്ച് ഫേസ്ബുക്കില്‍ പോസ്റ്റുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തി. സര്‍ക്കാരിനെ പരിഹസിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ പോസ്റ്റ്. പൊതു ഖജനാവിലെ പണം എടുത്തല്ല പ്രതിപക്ഷ നേതാവ് ഷൂ വാങ്ങിയതെന്നും അതുകൊണ്ട് അത് ഓഡിറ്റ് ചെയ്യാന്‍ പൊതുഖജനാവിലെ പണം ഉപയോഗിച്ച് 42 ലക്ഷത്തിന്റെ കന്നുകാലി തൊഴുത്തു പണിഞ്ഞ കാരണഭൂതത്തിന്റെ ആരാധകരും അടിമകളും നില്‍ക്കേണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ ഫോട്ടോയ്‌ക്കൊപ്പമാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഷൂ 3000 ത്തിന്റെ ആയാലും 30 ലക്ഷത്തിന്റെ ആയാലും പ്രതിപക്ഷ നേതാവ് പൊതു ഖജനാവിലെ പണം എടുത്ത് അല്ലല്ലോ വാങ്ങിയത്! അപ്പോള്‍ അത് ഓഡിറ്റ് ചെയ്യാന്‍ പൊതുഖജനാവിലെ പണം ഉപയോഗിച്ച് 42 ലക്ഷത്തിന്റെ കന്നുകാലി തൊഴുത്തു പണിഞ്ഞ കാരണഭൂതത്തിന്റെ ആരാധകരും അടിമകളും നില്‍ക്കണ്ട. ഷൂസ് സംഘ്‌സിനും സംഘ്‌സിന്റെ ചങ്ക്‌സിനും വീക്‌നെസ് ആണല്ലേ!
രാഹുലിന്റെ പോസ്റ്റിന് ചേരിതിരിഞ്ഞുള്ള നിരവധി പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിലര്‍ രാഹുലിനെയും പ്രതിപക്ഷ നേതാവിനെയും ആക്ഷേപിക്കുമ്പോള്‍ നിരവധി പേര്‍ പിന്തുണയ്ക്കുന്നുമുണ്ട്. അടുത്തിടെ ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ ബാഗുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളോട് ചേര്‍ത്ത് വച്ചായിരുന്നു പല പ്രതികരണങ്ങളും.
താന്‍ ധരിച്ച ഷൂ സിപിഎമ്മിലെ ആര് വന്നാലും 5000 രൂപയ്ക്ക് നല്‍കാമെന്ന് സതീശന്റെ പറഞ്ഞു. 'താന്‍ ഉപയോഗിച്ച ഷൂവിന് ഇന്ത്യയിലെ വില 9000 രൂപയാണ്. പുറത്ത് അതിലും കുറവാണ് വില. ഭാരത് ജോഡോ യാത്രയുടെ സമയത്ത് ഉപയോഗിച്ച ഷൂ കാരണം കാലു മുഴുവന്‍ പൊള്ളിയിരുന്നു. പിന്നീട് ഏറ്റവും അടുത്ത സുഹൃത്ത് ലണ്ടനില്‍ നിന്ന് വാങ്ങി കൊണ്ടുവന്നതാണ് ആ ഷൂ. 70 പൗണ്ട് ആയിരുന്നു അന്നത്തെ വില. ഇപ്പോള്‍ രണ്ട് വര്‍ഷം ആ ഷൂ ഉപയോഗിച്ചു. 5000 രൂപയ്ക്ക് ആര് വന്നാലും ആ ഷൂ നല്‍കാം എന്നും വിഡി സതീശന്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications