'വാഴകൾ എന്ന് വിളിക്കുന്ന അണികളോട് താങ്കളും തോറ്റ എംഎൽഎ ആണെന്ന് പറയണം', സ്വരാജിനോട് രാഹുൽ
തിരുവനന്തപുരം: സംസ്ഥാനത്ത് ആഞ്ഞ് വീശിയ ഇടത് കൊടുങ്കാറ്റിൽ യുഡിഎഫിലെ പല വൻമരങ്ങളും കടപുഴകി വീഴുകയുണ്ടായി. തൃത്താലയിൽ വിടി ബൽറാമും അഴീക്കോട് കെഎം ഷാജിയും തിരുവനന്തപുരത്ത് വിഎസ് ശിവകുമാറും അടക്കമുളള സിറ്റിംഗ് എംഎൽഎമാർ തോറ്റു. സോഷ്യൽ മീഡിയയിൽ ഇടതുപക്ഷത്തെ കടന്നാക്രമിച്ച് കൊണ്ടിരുന്ന ബൽറാം അടക്കമുളളവരുടെ തോൽവി സൈബർ സഖാക്കൾ ആഘോഷമാക്കുകയാണ്.
അതിനിടെ ഇടത് അണികളുടെ പരിഹാസങ്ങൾക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് കെഎസ്യു നേതാവായാ രാഹുൽ മാങ്കൂട്ടത്തിൽ. ഇടത് ക്യാമ്പിൽ തോൽവി രുചിച്ച പ്രമുഖരിൽ ഒരാളായ എം സ്വരാജിനെ ചൂണ്ടിയാണ് രാഹുൽ മാങ്കൂട്ടത്തിന്റെ മറുപടി.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' പ്രിയ സഖാവ് M സ്വരാജ്, തെരഞ്ഞെടുപ്പിൽ എപ്പോഴും ശരി മാത്രം ജയിക്കും എന്ന് പറയാനാകുമോ, അങ്ങനെയല്ല ചരിത്രം. എല്ലായ്പ്പോഴും ശരി മാത്രം ജയിക്കുന്ന ഒരു കളിയല്ല തെരഞ്ഞെടുപ്പ്. മുസ്സോളിനിയുടെ ജയം ശരിയുടെ വിജയം ആയിരുന്നില്ല. ഹിറ്റ്ലറുടെ ജയം ശരിയുടെ വിജയമായിരുന്നില്ല. മോദിയുടെ വിജയം ശരിയുടെ വിജയം ആയിരുന്നില്ല. 'തിരിച്ചുവന്നീടാത്ത ദൂരയാത്രയല്ലിതെൻ സഖാക്കളേ
അടിച്ചുടച്ചിടാവതല്ല തീർച്ച നമ്മൾ തൻ മനോബലം കാൽവിലങ്ങുകൾ തീർത്ത കൈകളിൽ കരുത്തുമായി ഉയർത്തെണീറ്റു വന്നിടും സമീപമാത്രയൊന്നിൽ നാം'
ഇത് നിങ്ങളുടെ വാക്കുകളാണല്ലോ സഖാവ് സ്വരാജ്.
ഈ വാക്കുകൾ നിങ്ങൾ ആദ്യം പഠിപ്പിക്കേണ്ടത് നിങ്ങളുടെ അണികളെ തന്നെയാണ്. ശരിയുടെ ജയം എപ്പോഴും തെരഞ്ഞെടുപ്പിൽ ജയിക്കില്ലായെന്നും, മുസ്സോളിനിയും ഹിറ്റ്ലറും വരെ ജയിച്ചിട്ടുണ്ടെന്നും താങ്കൾ അണികളെ പറഞ്ഞ് മനസിലാക്കണം.തോറ്റ് പോയ MLA മാരെ താങ്കളുടെ അണികൾ 'വാഴകൾ' എന്ന് വിളിക്കുമ്പോൾ താങ്കളും തോറ്റ് പോയ MLA ആണെന്ന് അവരോട് പറയണം. തോറ്റ് പോയവർ പിന്നെയും രാഷ്ട്രീയം പറയുമ്പോൾ അവരെ തെറിയഭിഷേകം നടത്തുന്നവരോടും, നാവടക്കുവാൻ പറയുന്നവരെയും താങ്കൾ ഗുണദോഷിച്ച് പറയണം നാളെ താങ്കൾക്കും രാഷ്ട്രീയം പറയണ്ടതാണെന്ന്''.












Click it and Unblock the Notifications