'പരാതിക്കാരി ബിജെപി നേതാവിന്റെ ഭാര്യ; ബന്ധപ്പെട്ടത് പരസ്പര സമ്മതത്തോടെ';കൂടുതൽ വിവരങ്ങൾ പുറത്ത്
ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ ജില്ലാ കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവതിയുടെ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും ഗര്‍ഭഛിദ്രം ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്ന ആരോപണം കെട്ടിച്ചമച്ചതാണെന്നും രാഹുൽ ഹർജിയിൽ പറയുന്നു.
പരാതിക്കാരി ബിജെപി നേതാവിന്റെ ഭാര്യയാണ്. ഇപ്പോഴത്തെ അറസ്റ്റ് നടപടികള്‍ക്കു പിന്നില്‍ രാഷ്ട്രീയനീക്കമുണ്ട്.പരാതിക്കാരി ജോലി ചെയ്യുന്ന സ്ഥാപനം തനിക്കെതിരെ പരാതി നൽകാൻ നിർബന്ധിച്ചിട്ടുണ്ട്. പരാതിക്കാരി തന്നെയാണ് ഇക്കാര്യം തന്നെ അറിയിച്ചിട്ടുള്ളത്. അതിന് തെളിവുകളുമുണ്ട്. ഖ്യമന്ത്രിയ്ക്ക് പരാതി നൽകിയത് രാഷ്ട്രീയ താൽപ്പര്യത്തോടെയാണ്.

യുവതിയെ ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്. തങ്ങൾക്കിടയിലെ ബന്ധം ഉഭയസമ്മത പ്രകാരമായിരുന്നു. ഗർഭചിദ്രം നടത്തിച്ചെന്ന വാദം നിലനിൽക്കില്ല. പരാതിക്കാരി തന്നെയാണ് ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ചത്. യുവതി ഗര്‍ഭിണിയാണെങ്കില്‍ അതിന്‍റെ ബാധ്യത ഭര്‍ത്താവിനാണ്.
പരാതിക്കാരി സ്വയം ഗുളികകൾ കഴിക്കുകയായിരുന്നു. താനുമായുള്ള എല്ലാ ചാറ്റും റെക്കോഡ് ചെയ്തത് ഗൂഢാലോചനയുടെ ഭാഗമാണ്. റെക്കോഡ് ചെയ്ത ചാറ്റുകള്‍ അടക്കമുള്ള തെളിവുകള്‍ പിന്നീട് മാധ്യമങ്ങൾക്ക് കൈമാറുകയാണുണ്ടായത്. ഈ വ്യാജ പരാതി സിപിഎം- ബിജെപി ഗൂഢാലോചനയുടെ ഭാഗമാണ്. അന്വേഷണവുമായി സഹകരിക്കും.തനിക്ക് ജാമ്യം അനുവദിക്കണം'. എന്നാണ് രാഹുൽ ഹർജിയിൽ പറയുന്നത്.
അതേസമയം രാഹുൽ ഇപ്പോഴും ഒളിവിൽ തുടരുകയാണ്. എംഎൽഎ തമിഴ്നാട്ടിലേക്ക് കടന്നതായുള്ള അഭ്യൂഹങ്ങൾ ഉയർന്നിട്ടുണ്ട്. അതിനിടെ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ സ്ഥാനം രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ് സിപിഎം.നിയമത്തിന് വിധേയനാകാതെ ഒരു ജനപ്രതിനിധി ഒളിവിൽ കഴിയുന്നത് ലജ്ജാകരമാണെന്ന് മന്ത്രി ശിവൻകുട്ടി വിമർശിച്ചു.
'ഇതുവരെ പരാതി ഇല്ല" എന്നതായിരുന്നു ഇത്രയും നാൾ കോൺഗ്രസുകാർ പറഞ്ഞിരുന്ന ന്യായം. എന്നാൽ ഇപ്പോൾ പെൺകുട്ടി രേഖാമൂലം തന്നെ പരാതി നൽകിയിരിക്കുകയാണ്. നിയമത്തിന് വിധേയനാകാതെ ഒരു ജനപ്രതിനിധി ഒളിവിൽ കഴിയുന്നത് ലജ്ജാകരമാണ്.
ഇത്രയും ഗുരുതരമായ ആരോപണം നേരിടുന്ന വ്യക്തിക്ക് കോൺഗ്രസിലെ ഒരു പ്രബല വിഭാഗം ഒളിഞ്ഞും തെളിഞ്ഞും പിന്തുണ നൽകുന്നത് എന്തിനാണ്? എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് ഇതിന് നേതൃത്വം നൽകുന്നത് എന്നത് ഗൗരവതരമാണ്.
ഈ വിഷയം നീട്ടിക്കൊണ്ടുപോയി ദേശീയ തലത്തിൽ തന്നെ കോൺഗ്രസിനെ പ്രതിക്കൂട്ടിൽ ആക്കാനാണോ കെ.സി. വേണുഗോപാൽ ശ്രമിക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിലിനെ വിമർശിക്കുന്നവർക്കെതിരെ ഹീനമായ സൈബർ ആക്രമണമാണ് കോൺഗ്രസ് സൈബർ ഗുണ്ടകൾ അഴിച്ചുവിടുന്നത്. ആൺ-പെൺ വ്യത്യാസമില്ലാതെയാണ് ഈ വ്യക്തിഹത്യ. സ്വന്തം പാർട്ടിയിലെ ആളുകളെപ്പോലും ഇവർ വെറുതെ വിടുന്നില്ല.
ജനാധിപത്യ ബോധമുള്ള ആരും ഇത്തരം പ്രവണതകളെ അംഗീകരിക്കില്ല. രാഹുൽ മാങ്കൂട്ടത്തിൽ രാജി വെച്ച് നിയമനടപടി നേരിടാൻ തയ്യാറാകണം', മന്ത്രി പറഞ്ഞു.












Click it and Unblock the Notifications