പരാതിയുണ്ട്.. ഇപ്പോള്‍ കേസും! രാഹുലിനെതിരെ കേസെടുത്ത് പൊലീസ്... രാഹുലിനെ 'കാണാനില്ല', കേരളം വിട്ടു?
തിരുവനന്തപുരം: ലൈംഗികാരോപണം നേരിടുന്ന പാലക്കാട് എം എല്‍ എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് കേസെടുത്തു. ഇന്നലെ യുവതി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് കേസെടുത്തിരിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, അശാസ്ത്രീയമായി ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചു തുടങ്ങിയ വകുപ്പുകള്‍ ആണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്.
മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് പിന്നാലെ യുവതിയുടെ മൊഴി പൊലീസെടുത്തിരുന്നു. തിരുവനന്തപുരം സിറ്റി പൊലിസ് കമ്മീഷണര്‍ക്കാണ് കേസിന്റെ മേല്‍നോട്ട ചുമതല. തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍ പിന്നീട് നേമം പൊലീസിന് െൈകമാറി. കുറ്റം നടന്നത് നേമം സ്റ്റേഷന്‍ പരിധിയില്‍ ആയതിനാലാണ് അങ്ങോട്ട് മാറ്റിയത്.

തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് രാഹുലിനെതിരെ ചുമത്തിയത്. ഗര്‍ഭഛിദ്രം നടത്താന്‍ രാഹുല്‍ സുഹൃത്ത് വഴി ഗുളിക എത്തിച്ചെന്നും വീഡിയോ കോള്‍ വിളിച്ച് രാഹുല്‍ ഭീഷണിപ്പെടുത്തിയതോടെയാണ് ഗുളിക കഴിപ്പിച്ചതെന്നും ഗുളിക കഴിച്ച ശേഷം ഗുരുതര ശാരീരിക പ്രശ്നങ്ങളുണ്ടായെന്നും യുവതി പൊലീസിന് മൊഴി നല്‍കി. ഗര്‍ഭഛിദ്രത്തിന് ഒരു സര്‍ക്കാര്‍ ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടറെയാണ് സമീപിച്ചത്.
ഇന്നലെയാണ് രാഹുല്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു എന്ന് സുഹൃത്തിനോട് വെളിപ്പെടുത്തുന്ന ശബ്ദരേഖ പുറത്തുവന്നത്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് സമയത്തായിരുന്നു ഇതെന്നും തന്റെ ജീവന്‍ പോലും അപകടത്തിലാകുന്ന തരത്തിലായിരുന്നു ഗര്‍ഭഛിദ്രം നടത്തിയത് എന്നും യുവതി സുഹൃത്തിനോട് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.
അതിനിടെ ഡിജിറ്റല്‍ തെളിവുകള്‍ക്ക് പുറമെ താന്‍ പലഘട്ടങ്ങളിലായി വൈദ്യ സഹായം തേടിയ മെഡിക്കല്‍ രേഖകളും പെണ്‍കുട്ടി പൊലീസിന് കൈമാറി. പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനായി പൊലീസ് ഉടന്‍ അപേക്ഷ നല്‍കും. അതേസമയം യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവിലാണ്. രാഹുലിനെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങി.
രാഹുലിന്റെ സുഹൃത്ത് അടൂര്‍ സ്വദേശിയായ വ്യാപാരിക്കായും പൊലീസ് അന്വേഷണം നടത്തി വരികയാണ്. അതിനിടെ രാഹുല്‍ കേരളം വിട്ടതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. രാഹുലിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. അതിനിടെ മുന്‍കൂര്‍ ജാമ്യത്തിനുള്ള നീക്കവും രാഹുല്‍ നടത്തുന്നുണ്ട്. കൊച്ചിയിലെ അഭിഭാഷകനുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ ഫോണില്‍ ചര്‍ച്ച നടത്തി. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയേയോ ഹൈക്കോടതിയേയോ സമീപിക്കാനാണ് ആലോചന.












Click it and Unblock the Notifications