നവീൻ ബാബുവിന്റെ മരണം പരാമർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ, മൈക്ക് ഓഫ് ചെയ്ത് സ്പീക്കർ, പ്രതിഷേധം
നവീൻ ബാബുവിന്റെ മരണത്തിൽ സിപിഎമ്മിനെ വിമർശിക്കുന്നതിനിടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മൈക്ക് ഓഫ് ചെയ്ത സംഭവത്തിൽ പ്രതിഷേധം. സമയപരിധി കഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സ്പീക്കറുടെ നടപടി. തുടർന്ന് പ്രതിപക്ഷ സംഘം നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിക്കുകയായിരുന്നു.
'നവീൻ ബാബുവിന്റെ മരണത്തിന് കാരണക്കാരായവരെ ഉത്തരവാദിത്തപ്പെട്ടവർ സംരക്ഷിക്കരുത്. ബഹുമാനപ്പെട്ട റവന്യു മന്ത്രി ആ വീട്ടിൽ പോയി കരയുന്നത് കേരളം കണ്ടതാണ്. ആ കണ്ണീരിനെ ഞങ്ങൾ വിശ്വസിക്കുന്നു, എത്ര വലിയ സമ്മർദമുണ്ടായാലും അങ്ങയുടെ കണ്ണീരിനോട് നിരഞ്ജനയുടെയും നിരുപമയുടെയും കണ്ണീരിനോടും എന്ന് പറയുന്നതിനിടെയാണ് സ്പീക്കർ മൈക്ക് ഓഫ് ചെയ്തത്. ഇതോടെ ഇരുപക്ഷവും തമ്മിൽ വലിയ വാക്കേറ്റമാണ് ഉണ്ടായത്.

അതേസമയം നവീൻ ബാബുനെതിരെ പിപി ദിവ്യ നടത്തിയത് റാഗിങ് ആണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. 'പിപി ദിവ്യ എന്ന സിപിഎംകാരിയായ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നടത്തിയ ഹൃദയശൂന്യമായ റാഗിങ്ങിലാണ് നവീന്‍ ബാബു എന്ന സത്യസന്ധനായ ഉദ്യോഗസ്ഥന്റെ ജീവന്‍ അവസാനിച്ചതെന്ന് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നു.
വാളു കൊണ്ടു മാത്രമല്ല, വാക്കു കൊണ്ടു പോലും കൊല്ലാനുള്ള പരിശീലനം നല്‍കി സിപിഎം വളര്‍ത്തിയെടുക്കുന്ന അടുത്ത തലമുറ നേതാക്കളാണിത്.
പൂക്കോട് വെറ്റിനറി കോളജില്‍ സിദ്ധാര്‍ഥനെന്ന ചെറുപ്പക്കാരനെ ഹോസ്റ്റലിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും സാക്ഷി നിര്‍ത്തി രണ്ടു ദിവസം അതിക്രൂരമായി മര്‍ദ്ദിച്ച് അവസാനതരി ആത്മാഭിമാനം പോലും നശിപ്പിച്ച് അവനെ മരണത്തിലേക്കു തള്ളി വിട്ട എസ്എഫ്‌ഐ നേതാക്കളെ നമ്മള്‍ കണ്ടതാണ്. കോട്ടയത്ത് ഗ്വാണ്ടനാമോയെ ലജ്ജിപ്പിക്കുന്ന പീഢനരംഗങ്ങള്‍ നമ്മള്‍ കണ്ടതാണ്.
അതിനു സമാനമായ റാഗിങ് തന്ത്രങ്ങളാണ് പിപി ദിവ്യ നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ പയറ്റിയത്. മര്‍ദ്ദനം വേണ്ടി വന്നില്ല. ഹൃദയമില്ലായ്മയും വിഷം പുരട്ടിയ വാക്കും ഒരു ക്യാമറയില്‍ ഒപ്പിയെടുത്ത കുറച്ചു രംഗങ്ങളും മതിയായിരുന്നു ഒരു ജീവനെടുക്കാന്‍.
എസ്എഫ്‌ഐയുടെ ഒരു തലമുറയെ ഹൃദയശൂന്യരായി സിപിഎം വളര്‍ത്തിയെടുക്കുന്നതെന്തിന് എന്നതിന് കൃത്യമായ ഉത്തരമാണ് പിപി ദിവ്യയെ പോലുള്ള നേതാക്കള്‍. അവര്‍ വിഷം പുരട്ടിയ വാക്കുകള്‍ കൊണ്ട് ജീവനെടുക്കാന്‍ വിദഗ്ധരാണ്. അവര്‍ക്കതില്‍ ലവലേശം മനസ്താപമില്ല. കാരണം എസ്എഫ്‌ഐയുടെ ക്രൂര റാഗിങ്ങിന്റെ ട്രെയിനിങ് ഗ്രൗണ്ടില്‍, മനുഷ്യത്വമില്ലായ്മയുടെ മുദ്രാവാക്യം മുഴക്കി വളര്‍ന്നു വന്നവരാണിത്.
എന്തുകൊണ്ടാണ് ക്രൂരറാഗിങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് സിപിഎം രാഷ്ട്രീയ സംരക്ഷണം ഒരുക്കുന്നതെന്നു മനസിലാകാത്തവര്‍ ഈ ഉദാഹരണം മാത്രം നോക്കിയാല്‍ മതി. അവരാണ് മനുഷ്യരാകണമെന്നു പാടുന്ന മനുഷ്യത്വമില്ലാത്ത അടുത്ത തലമുറ നേതാക്കള്‍!', ചെന്നിത്തല കുറ്റപ്പെടുത്തി.












Click it and Unblock the Notifications