അതിവേഗം ഉയര്‍ത്തിയ ജനങ്ങള്‍ തന്നെ മറക്കും, വിജയ് ജാഗ്രത പാലിക്കണം; രാഹുല്‍ മാങ്കൂട്ടത്തില്‍
തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ നടന്‍ വിജയിയെ അഭിനന്ദിച്ച് മുന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. വിജയ് ഏറെ ജാഗ്രത കാണിക്കേണ്ട സമയമാണിത് എന്നും ജനങ്ങള്‍ അതിവേഗം ഉയര്‍ത്തിയ നേതാക്കളെ, അതേ വേഗത്തില്‍ മറന്നുകളഞ്ഞ കഥകളും ഇന്ത്യയുടെ രാഷ്ട്രീയത്തില്‍ കുറവല്ല എന്നും രാഹുല്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വര്‍ഷങ്ങളായി അഴിമതിയിലും കുടുംബാധിപത്യത്തിലും മുങ്ങിക്കുളിച്ച രാഷ്ട്രീയ സങ്കല്‍പ്പങ്ങള്‍ക്ക് എതിരായുള്ള ഒരു ജനവികാരത്തിന്റെ പൊട്ടിത്തെറിയാണ് ടിവികെയുടേയും വിജയിയുടേയും വിജയം വഴി പ്രകടമാകുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

അണ്ണാദുരൈയിലൂടെയും, പിന്നീട് എം.ജി.ആറിലൂടെയും, കലൈഞ്ജറിലൂടെയും, ജയലളിതയിലൂടെയും പല പതിറ്റാണ്ടുകളായി ദ്രാവിഡ രാഷ്ട്രീയം മാത്രം സംസാരിച്ചിരുന്ന തമിഴ്‌നാട് ഇന്ന് പുതിയൊരു രാഷ്ട്രീയ സമവാക്യത്തിന് തുടക്കം കുറിക്കുകയാണ്.
''ബ്രാന്‍ഡ് അന്ത ബ്രാന്‍ഡ് അഴിക്കല താനട നാന്‍ സ്‌പെഷ്യലിസ്റ്റ് ' എന്ന അഭ്രപാളിയില്‍ പറഞ്ഞവന്‍, തമിഴ്‌നാടിന്റെ പുതിയ മുഖ്യമന്ത്രിയായി വിജയ് , സംഘപരിവാറുകാരുടെ കണ്ണില്‍ ''ജോസഫ് വിജയ്'' ഉയര്‍ന്ന് നില്‍ക്കുമ്പോള്‍, അത് കാലം എഴുതിയ ഒരു കവിതയാണ്.
ആ സത്യപ്രതിജ്ഞാ ചടങ്ങ് വീക്ഷിക്കാന്‍ ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രധാന അതിഥിയായി എത്തുന്നത് കേവലം ഒരു രാഷ്ട്രീയ ഔപചാരികതയല്ല; കാലം പൂര്‍ണ്ണവൃത്തം വരയ്ക്കുന്ന അപൂര്‍വ നിമിഷമാണ്. 2009-ലായിരിക്കണം, രാഹുല്‍ ഗാന്ധിയും വിജയും തമ്മില്‍ നിര്‍ണായക കൂടിക്കാഴ്ച നടന്നത്. അന്ന് തമിഴ്‌നാട് കോണ്‍ഗ്രസിന്റെ യുവജന നേതൃത്വത്തിലൂടെ രാഷ്ട്രീയത്തിലേക്ക് കടന്നുവരാനായിരുന്നു വിജയിയുടെ ശ്രമം.
പക്ഷേ, രാഷ്ട്രീയത്തിന്റെ സ്ഥിരം രോഗമായ ''ക്രാബ് മെന്റാലിറ്റി'' അന്നും വഴിമുടക്കി. ''വിജയ് ഉയര്‍ന്നാല്‍ അത് എനിക്കും എന്റെ കുടുംബ രാഷ്ട്രീയത്തിനും വെല്ലുവിളിയാകും'' എന്ന ഭയത്തില്‍, തമിഴ്‌നാട്ടിലെ ഒരു പ്രമുഖ നേതാവ് ആ വഴികള്‍ നിശ്ശബ്ദമായി അടച്ചുവെന്നാണ് രാഷ്ട്രീയ ഇടനാഴികളുടെ കഥ. പക്ഷേ കാലം കണക്കുകള്‍ സൂക്ഷിക്കും. ഇന്ന്, അതേ ജോസഫ് വിജയ്, രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍
പതിനാറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം തടഞ്ഞ ആ നേതാവ്, രാഷ്ട്രീയത്തിന്റെ വിസ്മൃതിയില്‍ ഒരു അപ്രധാന സാന്നിധ്യമായി ചടങ്ങിന്റെ ഏതോ കോണില്‍ ഇരിക്കുന്ന കാഴ്ച...
അതൊരു രാഷ്ട്രീയ ദൃശ്യം മാത്രമല്ല. കാലം അതിന്റെ കൃത്യമായ കണക്ക് പറയുന്നതാണ്. എം.ജി.ആറും ജയലളിതയും, വിജയകാന്തും ശരത്കുമാറും കമല്‍ഹാസനും, ഉദയനിധി സ്റ്റാലിന്‍ വരെ നിറഞ്ഞുനിന്ന തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വിജയ് ഒരു രാഷ്ട്രീയ നേതാവായി കടന്നുവരുന്നത് അത്ര അത്ഭുതകരമായ കാര്യമല്ല. കാരണം, താരാരാധനയ്ക്ക് ഏറ്റവും വലിയ ഇടം നല്‍കിയ മണ്ണാണ് തമിഴ്‌നാട്.
തങ്ങളുടെ ഇഷ്ടതാരങ്ങള്‍ക്ക് അമ്പലങ്ങള്‍ പണിത ജനങ്ങള്‍ക്ക്, ജനാധിപത്യത്തിന്റെ ശ്രീകോവിലിലേക്കും അവരെ പ്രതിഷ്ഠിക്കാന്‍ ഒരിക്കലും മടിയുണ്ടായിരുന്നില്ല. പക്ഷേ വിജയ് കൂടുതല്‍ ജാഗ്രതയോടെ വളരേണ്ട നേതാവാണ്. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ അധികാരം കൈവന്ന ആം ആദ്മി പാര്‍ട്ടി പിന്നീട് സ്വന്തം പ്രതീക്ഷകളുടെ ഭാരത്തില്‍ തകര്‍ന്നുവീണത് പോലെ, രാഷ്ട്രീയ ചരിത്രത്തിലെ പല പാഠങ്ങളും അദ്ദേഹത്തിന് മുന്നിലുണ്ട്.
ജനങ്ങള്‍ അതിവേഗം ഉയര്‍ത്തിയ നേതാക്കളെ, അതേ വേഗത്തില്‍ മറന്നുകളഞ്ഞ കഥകളും ഇന്ത്യയുടെ രാഷ്ട്രീയത്തില്‍ കുറവല്ല.
ഒരു പാര്‍ട്ടി രൂപീകരിച്ച് ഒരു വര്‍ഷം പിന്നിടും മുമ്പ് തന്നെ തമിഴ്‌നാട് പോലൊരു വലിയ സംസ്ഥാനത്തിന്റെ ഭരണചുമതല വിജയിയുടെ കൈകളിലെത്തുന്നത്, സ്റ്റാലിന്‍ എന്ന ഭരണാധികാരിയുടെ അഴിമതിയോടും സ്വജനപക്ഷപാതത്തോടുമുള്ള പ്രതിഷേധം മാത്രം കൊണ്ടല്ല.
അതിലേറെ, വര്‍ഷങ്ങളായി അഴിമതിയിലും കുടുംബാധിപത്യത്തിലും മുങ്ങിക്കുളിച്ച രാഷ്ട്രീയ സങ്കല്‍പ്പങ്ങള്‍ക്ക് എതിരായുള്ള ഒരു ജനവികാരത്തിന്റെ പൊട്ടിത്തെറിയാണ് അത്. വിജയ് സിനിമകളില്‍ പലവട്ടം ഒരു നാടിന്റെ രക്ഷകനായി വന്നിട്ടുണ്ട്. അവിശ്വസനീയമായ പല വിജയങ്ങളും തിരശ്ശീലയില്‍ നേടിയിട്ടുണ്ട്. പക്ഷേ, സിനിമയിലെ വിജയങ്ങളേക്കാള്‍ അവിശ്വസനീയമാണ് ഈ ഒരു വര്‍ഷത്തിനിടെ അദ്ദേഹം ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയെടുത്ത ജനകീയ സ്വാധീനം.
തമിഴ് ജനത ഇന്ന് വിജയിയില്‍ കാണുന്നത് ഒരു നടനെ മാത്രമല്ല പ്രാദേശികവാദത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കുകയും, മാറിമാറി അധികാരത്തിലെത്തി അതേ ജനങ്ങളെ കൊള്ളയടിക്കുകയും ചെയ്ത രാഷ്ട്രീയ സംസ്‌കാരത്തിന് എതിരായ ഒരു പ്രതീക്ഷയുടെ കിരണമാണ്. ആ അധികാരം വിജയിക്ക് ലഭിച്ചു കഴിഞ്ഞു. ഇനി അതിനെ നിലനിര്‍ത്തുക എന്നതാണ് യഥാര്‍ത്ഥ പരീക്ഷ.
തിരശ്ശീലയില്‍ രക്ഷകനാകുന്നത് എളുപ്പമാണ്.
പക്ഷേ ജനങ്ങളുടെ ജീവിതത്തില്‍ പ്രതീക്ഷയായി തുടരുക
അതാണൊരു നേതാവിന്റെ ഏറ്റവും വലിയ വിജയം.
ആ വിജയത്തെ നിലനിര്‍ത്താന്‍ വിജയിക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു















Click it and Unblock the Notifications