രാഹുലിന് ഡബിള്‍ സ്‌ട്രോക്ക്! മുന്‍കൂര്‍ ജാമ്യമില്ല, പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി കോണ്‍ഗ്രസ്
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് കനത്ത തിരിച്ചടി. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെ കോണ്‍ഗ്രസ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. നേരത്തെ പാര്‍ട്ടിയില്‍ നിന്ന് രാഹുലിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ കൂടുതല്‍ വെളിപ്പെടുത്തലുകളും പരാതിയും രാഹുലിനെതിരെ ഉയര്‍ന്നിരുന്നു.
എന്നാല്‍ രാഹുലിനെ സസ്‌പെന്‍ഡ് ചെയ്തതാണ് എന്ന് മാത്രമായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം. ഇന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ കൂടി തള്ളിയതോടെ പ്രതിരോധത്തിലായ കോണ്‍ഗ്രസ് ഗത്യന്തരമില്ലാതെ രാഹുലിനെ പുറത്താക്കുകയായിരുന്നു. നേരത്തെ ജാമ്യാപേക്ഷയില്‍ വിശദമായ വാദത്തിന് ശേഷമാണ് മുന്‍കൂര്‍ ജാമ്യം തള്ളിയുള്ള സുപ്രധാന വിധി വന്നിരിക്കുന്നത്.

പുതിയ തെളിവടക്കം പരിശോധിച്ചശേഷമാണ് കോടതി വിധി പുറപ്പെടുവിച്ചത്. രാഹുലിന്റെ അറസ്റ്റ് തടയണമെന്ന ആവശ്യം കോടതി തള്ളുകയായിരുന്നു. നിലവില്‍ രണ്ട് ബലാത്സംഗ കേസുകളാണ് രാഹുലിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ രണ്ടാമത്തെ കേസ് മനപ്പൂര്‍വം കെട്ടിച്ചമച്ചതാണ് എന്ന് പ്രതിഭാഗം വാദിച്ചു. ആരാണ് പരാതിക്കാരിയെന്നുപോലും അറിയാത്ത വ്യാജ പരാതിയാണിത് എന്നും രാഹുലിന്റെ അഭിഭാഷകന്‍ വാദിച്ചു.
എന്നാല്‍ വാദത്തിനിടെ രാഹുലിനെതിരെ മറ്റൊരു തെളിവുകൂടി പ്രോസിക്യൂഷന്‍ ഹാജരാക്കി. രാഹുലിനെതിരെ പീഡനത്തിനും നിര്‍ബന്ധിച്ചുള്ള ഗര്‍ഭഛിദ്രത്തിനും തെളിവുണ്ടെന്നും രാഹുല്‍ യുവതിയെ ക്രൂരമായി പീഡിപ്പിച്ചെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. നഗ്‌നദൃശ്യങ്ങള്‍ ചിത്രീകരിച്ച് പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഗര്‍ഭധാരണത്തിന് ആവശ്യപ്പെട്ടശേഷം നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തി എന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
പ്രതിക്ക് ജാമ്യം നല്‍കിയാല്‍ സമാനമായ കുറ്റകൃത്യത്തിലേര്‍പ്പെടുമെന്നും തെളിവ് നശിപ്പിക്കാന്‍ ഇടയുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. കേസെടുത്തതിന് പിന്നാലെ രാഹുല്‍ ഒളിവിലാണെന്ന കാര്യവും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ കോണ്‍ഗ്രസ് കൂടുതല്‍ പ്രതിരോധത്തിലായിരുന്നു. ഇതോടെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത്.
കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് രാഹുലിനെ പുറത്താക്കിയത്. നിലവില്‍ സസ്പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി എന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു. രാഹുല്‍ എംഎല്‍എ സ്ഥാനം ഒഴിയുന്നതാണ് നല്ലതെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് മാതൃകാപരമായ തീരുമാനമാണ് വിഷയത്തില്‍ കൈക്കൊണ്ടിരിക്കുന്നത് എന്നും ആക്ഷേപം വന്ന സമയത്ത് തന്നെ രാഹുലിനെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയിരുന്നു എന്നും അദ്ദേഹം അവകാശപ്പെട്ടു. എംഎല്‍എ സ്ഥാനം രാജിവെക്കുന്നതാണ് ഉചിതം എന്നും കെപിസിസിക്ക് പരാതി കിട്ടിയ ഉടന്‍ തന്നെ അത് ഡിജിപിക്ക് കൈമാറിയിരുന്നു എന്നും സണ്ണി ജോസഫ് പറഞ്ഞു.












Click it and Unblock the Notifications