രാഹുല്‍ റേപ്പിസ്റ്റ്, 'എനിക്ക് നിന്നെ ബലാത്സംഗം ചെയ്യണം'... കോള്‍ലിസ്റ്റ് പുറത്തുവിട്ട് ട്രാന്‍സ് വുമണ്‍
കൊച്ചി: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണവുമായി ട്രാന്‍സ് വുമണും ബിജെപി നേതാവുമായ അവന്തിക. രാഹുല്‍ ലൈംഗിക ദാരിദ്ര്യം പിടിച്ചയാളാണെന്നും ബലാത്സംഗം ചെയ്യുന്നതുപോലെ താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് രാഹുല്‍ പറഞ്ഞതായും അവന്തിക ആരോപിച്ചു. ഇന്ന് മാധ്യമങ്ങളെ കാണുന്നതിന് തൊട്ട് മുന്‍പ് പോലും തന്നെ രാഹുല്‍ വിളിച്ചിരുന്നതായും അവന്തിക പറഞ്ഞു.
റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു അവന്തികയുടെ പ്രതികരണം. രാഹുലിന്റെ കോള്‍ലിസ്റ്റ് വിശദാംശങ്ങളും അവന്തിക പുറത്തുവിട്ടു. തന്നെ വിളിച്ചപ്പോള്‍ കോള്‍ അറ്റന്‍ഡ് ചെയ്യാനായില്ല എന്നും പിന്നീട് തിരിച്ചുവിളിച്ചപ്പോള്‍ പ്രസ് കോണ്‍ഫറന്‍സിലാണ് എന്ന് പറഞ്ഞ് കട്ടാക്കി എന്നും അവന്തിക പറയുന്നു. താന്‍ തന്റെ അനുഭവം വെളിപ്പെടുത്തിയ ശേഷവും രാഹുല്‍ തന്നെ വിളിക്കാന്‍ ശ്രമിച്ചു എന്നും അവര്‍ പറഞ്ഞു.

'ലൈംഗിക വൈകൃതം നിറഞ്ഞ മെസേജുകളാണ് അയാള്‍ എനിക്ക് അയച്ചത്. ഹൈദരാബാദിലും ബെംഗളൂരുവിലും പോകണമെന്ന് പറഞ്ഞു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് നടന്ന ഒരു ചര്‍ച്ചയ്ക്കിടെയാണ് രാഹുലിനെ പരിചയപ്പെടുന്നത്. അതിനുശേഷം സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തായി. ആദ്യം നല്ല സുഹൃത്തുക്കളായിരുന്നു. എന്നാല്‍ വൈകാതെ ലൈംഗികദാരിദ്ര്യം പിടിച്ചതുപോലെ രാഹുല്‍ സംസാരിച്ചു തുടങ്ങി,' അവന്തിക പറയുന്നു.
ആദ്യമൊക്കെ രാത്രി പതിനൊന്ന് മണിക്ക് ശേഷമായിരുന്നു വിളിച്ചിരുന്നത് എന്നും എന്നാല്‍ പിന്നീട് രാത്രിയെന്നോ, പകലെന്നോ ഇല്ലാതെ ഇടവേളകളില്ലാതെ വിളിച്ചു തുടങ്ങി എന്നും അവര്‍ പറഞ്ഞു. രാഷ്ട്രീയ കാര്യങ്ങള്‍ സംസാരിക്കാനായിരുന്നില്ല വിളിച്ചിരുന്നത് എന്നും ലൈംഗിക ചുവയുള്ള സന്ദേശങ്ങളാണ് അയച്ചിരുന്നത് എന്നും അവന്തിക ആരോപിച്ചു. കോണ്‍ഗ്രസിലെ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ തന്നെ ചില നേതാക്കളോട് ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നു എന്നും അവന്തിക പറഞ്ഞു.
തന്റെ അടുത്ത സുഹൃത്തുക്കള്‍ക്കും ഇക്കാര്യങ്ങള്‍ അറിയാമെന്നും അവന്തിക വ്യക്തമാക്കി. രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു റേപ്പിസ്റ്റാണെന്ന് തോന്നുന്നുവെന്നും റേപ്പ് ചെയ്യണം എന്ന് പറയുന്നതിലൂടെ അയാള്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസിലാകുന്നില്ല എന്നും അവര്‍ പറഞ്ഞു. അയാള്‍ക്കെതിരെ താന്‍ പറയും എന്ന് മനസിലാക്കിയിട്ടായിരിക്കും സംസാരിക്കണം എന്ന് പറഞ്ഞ് ഇന്ന് രാഹുല്‍ മെസേജ് അയച്ചിരുന്നു എന്നും അവന്തിക പറഞ്ഞു.
താന്‍ പറഞ്ഞ ആരോപണങ്ങള്‍ തെറ്റാണെന്ന് അയാള്‍ തെളിയിക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ വെല്ലുവിളിക്കുകയാണെന്നും അവന്തിക കൂട്ടിച്ചേര്‍ത്തു. പൊതുപ്രവര്‍ത്തകനും എംഎല്‍എയുമായതിനാല്‍ ഭീഷണി ഭയന്നിട്ടാണ് ഇക്കാര്യങ്ങള്‍ പുറത്തു പറയാതിരുന്നത്. റിനി ആന്‍ ജോര്‍ജിന്റെ വെളിപ്പെടുത്തലുകള്‍ പുറത്തു വന്നതോടെയാണഅ ഇക്കാര്യം പുറത്തു പറയാന്‍ തീരുമാനിച്ചത്.
ടെലിഗ്രാമില്‍ ഒറ്റത്തവണ മാത്രം കാണാവുന്ന മെസേജുകളാണ് രാഹുല്‍ അയയ്ക്കാറ് എന്നും അതിനാല്‍ സ്‌ക്രീന്‍ ഷോട്ടുകള്‍ പോലും എടുക്കാന്‍ കഴിയാറില്ലെന്നും അത്തരത്തിലാണ് രാഹുല്‍ തെളിവുകള്‍ നശിപ്പിക്കുന്നതെന്നും അവന്തിക പറയുന്നു. മോശം പെരുമാറ്റം നേരിട്ടു എന്ന് പറഞ്ഞ് നേരത്തെ ചില യുവതികള്‍ രാഹുലിനെതിരെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഒരു യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഫോണ്‍ സംഭാഷണവും പുറത്തായത്.
ഇതോടെയാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി വെച്ചത്. അതേസമയം പാലക്കാട് എംഎല്‍എ സ്ഥാനം രാഹുല്‍ ഒഴിയണം എന്നാവശ്യപ്പെട്ട് കൊണ്ട് സിപിഎമ്മും ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications