'രാഹുലിന് ലഭിച്ച ജനപിന്തുണ സിപിഎമ്മിന് ദഹിച്ചില്ല'
കണ്ണൂര്‍: കേരളത്തിലെത്തിയ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കോമാളിയാക്കിയെന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുള്ള മറുപടിയുമായി കെപിസിസി പ്രസിഡന്റും ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തല. രാഹുല്‍ ഗാന്ധിക്ക് ലഭിച്ച ജനപിന്തുണ കണ്ട് സിപിഎമ്മിന് വിറളിപിടിച്ചെന്ന് അദ്ദേഹം പറഞ്ഞു.
സുരക്ഷാ സംവിധാനത്തിന്റെ ഭാഗമായാണ് രാഹുല്‍ ഗാന്ധിയെ പൊലീസ് വാഹനത്തിന് മുകളില്‍ കയറ്റിയത്. രാഹുലിന്റെ സന്ദര്‍ശനത്തിലും അദ്ദേഹത്തിന് ലഭിച്ച ജനപിന്തുണയും കണ്ട് സിപിഎമ്മിന് വിറളി പിടിച്ചു. സിപിഎം നേതാക്കളുടെ പ്രസ്താവന പരിഭവം മൂലമാണ്. ആയിരകണക്കിന് ജനങ്ങള്‍ രാഹുലിനെ കാണാന്‍ വന്നത് അവര്‍ക്ക് ദഹിച്ചിട്ടില്ല- ചെന്നിത്തല പറഞ്ഞു.

പൊലീസ് വാഹനത്തിന് മുകളില്‍ കയറി നിന്ന രാഹുല്‍ ഗാന്ധിയുടെ നടപടി നിയമ വിരുദ്ധമാണെന്നും ഇത്തരം പ്രവര്‍ത്തനത്തിന് അനുമതി നല്‍കിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും തെറ്റ് ചെയ്‌തെന്നുമാണ് പിണറായി വിജയന്‍ പറഞ്ഞത്. കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി യൂത്ത് കോണ്‍ഗ്രസിന്റെ യുവകേരള യാത്രയ്ക്കിടെ പൊലീസ് വാഹനത്തിന് മുകളില്‍ കയറി സഞ്ചരിച്ചതാണ് ഇപ്പോള്‍ വിവാദമായത്.
എല്‍പിജി ഉള്‍പ്പടെയുള്ള വസ്തുക്കള്‍ സുരക്ഷിതമായി കൊണ്ടുപോകുന്നതിന് ഒരുമാസത്തിനകം ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് ചെന്നിത്തല അറിയിച്ചു. ടിപി ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണം സിബിഐയ്ക്ക് വിടുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.












Click it and Unblock the Notifications