ചാണ്ടി ഉമ്മന്റെ പ്രചരണത്തിനായി രാഹുല്‍ എത്തിയേക്കില്ല: ഭൂരിപക്ഷം റെക്കോർഡ് കടക്കും: കെസി വേണുഗോപാല്‍
കോട്ടയം: പുതുപ്പള്ളി നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്റെ പ്രചരണത്തിനായി രാഹുല്‍ ഗാന്ധി എത്തിയേക്കില്ല. എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്. പുതുപ്പള്ളി എന്നും കോണ്‍ഗ്രസിന്റെ അടിയുറച്ച മണ്ണാണ്. ഉപതിരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍ റെക്കോർഡ് ഭൂരിപക്ഷത്തിനായിരിക്കും വിജയിക്കുക.
ചാണ്ടി ഉമ്മന്‍ കോൺഗ്രസ്സിന്റെ അഭിമാന സ്ഥാനാർത്ഥിയാണ്. ഭാരത് ജോഡോ യാത്രയിൽ രാഹുലിനൊപ്പം മുഴുവൻ ദൂരവും നടന്ന നേതാവാണ്. പുതുപ്പള്ളിയില്‍ പാർട്ടിയും മുന്നണിയും ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. കഴിഞ്ഞ ദിവസം വയനാട്ടിലെത്തിയ രാഹുല്‍ ഗാന്ധി പുതുപ്പള്ളിയിലേക്കും വരുമെന്ന് പ്രചാരണമുണ്ടായിരുന്നു.

അതേസമയം, എംപി സ്ഥാനം തിരിച്ച് കിട്ടിയതിന് ശേഷം ആദ്യമായാണ് രാഹുല്‍ ഗാന്ധി സ്വന്തം മണ്ഡലമായ വയനാട് സന്ദർശിക്കാനായി എത്തിയത്. വൻ ജനാവലിയായിരുന്നു രാഹുലിനെ സ്വീകരിക്കാൻ കൽപറ്റയിലെത്തിയത്. എന്നെ അയോഗ്യനാക്കാൻ ശ്രമിച്ചതോടെ വയനാടും ഞാനും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമായിയെന്നാണ് വയനാട്ടിലെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുല്‍ പറഞ്ഞത്.
"ഞാൻ എന്റെ കുടുംബത്തിലേക്ക് മടങ്ങിവന്നു. ഞാനും നിങ്ങളും തമ്മിലുള്ള ബന്ധം തകർക്കാൻ ബി.ജെ.പി ശ്രമിക്കുന്നു. ഏതെങ്കിലും ഒരാൾ കുടുംബത്തെ വിഭജിക്കാൻ ശ്രമിച്ചാൽ ആ കുടുംബാംഗങ്ങൾ തമ്മിലുള്ള സ്നേഹം വർധിക്കും. നമുക്കിടയിലുള്ള ആ ബന്ധം കൂടുതൽ ശക്തമാവുകയാണ്. എന്നെ അയോഗ്യനാക്കാൻ ശ്രമിച്ചതോടെ വയനാടും ഞാനും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമായി. എന്നെ 100 തവണ അയോഗ്യനാക്കാം. പക്ഷേ, വയനാടും ഞാനും തമ്മിലുള്ള ബന്ധം തകർക്കാനാവില്ല. നിങ്ങൾ എനിക്ക് സ്നേഹം നൽകി, ആദരവ് തന്നു, സംരക്ഷിച്ചു."
അടിമുടി വയനാട്ടുകാരന്റെ രൂപവും ഭാവവും രാഹുൽ ഗാന്ധിയിൽ നിഴലിച്ചിരുന്നുവെന്നാണ് പരിപാടിയെക്കുറിച്ച് കെസി വേണുഗോപാല്‍ പിന്നീട് ഫേസ്ബുക്കില്‍ കുറിച്ചത്. രാഹുൽ ഗാന്ധിയുടെ തിരിച്ചുവരവ് വയനാട് അത്രകണ്ട് ആവേശപൂർവ്വം ഏറ്റെടുത്തു. ഒരു മനുഷ്യനെ എങ്ങനെയാണ് ജന്മം കൊണ്ട് അയാളുടേതല്ലാത്ത ഒരു നാട് ഇത്രമേൽ ആഘോഷിക്കുന്നത്? രാഹുൽ ഗാന്ധിയിൽ തുടങ്ങി രാഹുൽ ഗാന്ധിയിൽ അവസാനിക്കുന്ന ഒരുത്തരമാണത്. രാഹുൽ ഗാന്ധിക്കും വയനാട്ടുകാർക്കും മാത്രമറിയുന്ന ഒരുത്തരം. അത്രമേൽ രാഹുൽ ഗാന്ധിയെ അവർ ഹൃദയത്തോട് ചേർത്തുനിർത്തിക്കഴിഞ്ഞു. ഏതയോഗ്യതയ്ക്കും ആ ഹൃദയബന്ധത്തെ വേർപെടുത്താൻ കഴിയില്ലെന്ന് ഈ നാട് സാക്ഷ്യപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വയനാടൻ മണ്ണിൽ കണ്ട കാഴ്ച സമൂഹത്തിൽ ഭിന്നിപ്പ് സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്ക് ഒരു മുന്നറിയിപ്പ് കൂടിയാണ്. അയോഗ്യതകൾ സൃഷ്ടിക്കുന്ന ഭരണകൂടങ്ങൾക്ക് മേൽ ജനം നിശ്ചയിക്കുന്ന യോഗ്യതകളുണ്ട് എന്നത് കാലം തെളിയിച്ചുകഴിഞ്ഞു. ആ യോഗ്യത ആവോളം ലഭിച്ച മനുഷ്യൻ അയാളുടെ സ്വന്തം വയനാട്ടിലേക്ക് തിരികെവന്നുകഴിഞ്ഞു. അയോഗ്യനായല്ല, യോഗ്യനായിത്തന്നെ.
തിരികെ വയനാട്ടിലെത്തിയ രാഹുൽ ഗാന്ധിയെ ആഹ്ലാദത്തോടെ, ആരവത്തോടെ പതിനായിരക്കണക്കിന് മനുഷ്യരാണ് ഇന്ന് സ്വീകരിച്ചത്. ആ മനുഷ്യരുടെ സ്നേഹത്തോടെ അപ്പാടെ നെഞ്ചിലേറ്റിയാണ് രാഹുൽ സംസാരിച്ചത്. കാലം ആവശ്യപ്പെടുന്ന, ഇന്ത്യ ആഗ്രഹിക്കുന്ന രാഷ്ട്രീയം സംസാരിക്കുന്ന രാഹുൽ ഗാന്ധിയെയും വയനാട് ഒരിക്കൽക്കൂടി കണ്ടു. ഒപ്പം മണ്ഡലത്തിൽ രാഹുൽ ഗാന്ധി വിഭാവനം ചെയ്ത കൈത്താങ് പദ്ധതിയുടെ ഭാഗമായ ഒമ്പത് വീടുകളുടെ താക്കോൽദാനം കൂടി അദ്ദേഹം നിർവഹിച്ചത് ഏറെ മനസ്സ് നിറയുന്ന അനുഭവമായെന്നും കെസി വേണുഗോപാല്‍ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications