റെയിൽവേ സ്റ്റേഷന് കൊച്ചി രാജാവിന്റെ പേര്; എതിർക്കുന്നത് ചരിത്രനിഷേധവും നന്ദികേടുമെന്ന് കുമ്മനം
എറണാകുളം റെയിൽവെ സ്റ്റേഷന് കൊച്ചി രാജാവിന്റെ പേരിടുന്നതിനെതിരെ ഹൈബി ഈഡൻ എം പിയും പുരോഗമന കലാ സാഹിത്യ സംഘവും രംഗത്തിറങ്ങിയത് ചരിത്രനിഷേധവും നന്ദികേടുമാണെന്ന് ബി ജെ പി നേതാവ് കുമ്മനം രാജശേഖരൻ. റെയിൽവേ സ്റ്റേഷന് പേരിട്ടുന്നതിൽ കോർപറേഷന് റോളൊന്നുമില്ലെന്ന് പറഞ്ഞ് എതിർക്കുന്ന ഹൈബി എന്തു റോളാണ് എംപിക്ക് ഉള്ളതെന്ന മറുചോദ്യത്തിന് ഉത്തരം പറയേണ്ടി വരുമെന്ന് കുമ്മനം പറഞ്ഞു.
'ഒരാൾ ചെയ്യുന്ന നല്ലകാര്യങ്ങളെ പച്ചനുണ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയും തമസ്കരിക്കുകയും അയാളെ കല്ലെറിഞ്ഞ് അപമാനിതനാക്കുകയും ചെയ്യുന്നതാണ് കമ്മ്യൂണിസ്റ് ശൈലി. സുരേഷ് ഗോപിക്കു പുരസ്‌കാരം കൊടുക്കുന്നതിൽ നിന്നും എം കെ സാനുമാഷെ വിലക്കിയതും ഇതേ വികലകാഴ്ചപ്പാടിന്റെ പരിണിത ഫലമാണ്', കുമ്മനം ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

എറണാകുളം റെയിൽവെ സ്റ്റേഷന് കൊച്ചി രാജാവിന്റെ പേരിടുന്നതിനെതിരെ ഹൈബി ഈഡൻ എം പിയും പുരോഗമന കലാ സാഹിത്യ സംഘവും രംഗത്തിറങ്ങിയിട്ടുള്ളത് ചരിത്രനിഷേധവും നന്ദികേടുമാണ്. കൊച്ചി രാജാവ് വൈദേശിക ശക്തികളിൽ നിന്ന് ഒറ്റുകാശു വാങ്ങിഎന്നും ജാതിമേധാവിത്വം അടിച്ചേൽപ്പിച്ചുവെന്നുമാണ് പുകസയുടെ പക്ഷം. റെയിൽവേസ്റ്റേഷന് പേരിട്ടുന്നതിൽ കോര്പറേഷന് റോളൊന്നുമില്ലെന്ന് പറഞ്ഞ് എതിർക്കുന്ന ഹൈബി എന്തു റോളാണ് എം പിക്ക് ഉള്ളതെന്ന മറുചോദ്യത്തിനും സ്വാഭാവികമായും മറുപടി പറയേണ്ടിവരും.
കൊച്ചി മഹാരാജാവായിരുന്ന രാജർഷി രാമവർമ എറണാകുളം റെയിൽപാതയുടെ വികസനത്തിന് ചെയ്ത സേവനങ്ങൾ ഒരിക്കലും മറക്കാനാവില്ല. പൂർണത്രയീശ ക്ഷേത്രത്തിലെ 14 സ്വർണ നെറ്റിപ്പട്ടം വിറ്റു കിട്ടിയ പണം കൊണ്ടാണ് ഷൊർണൂർ - എറണാകുളം റെയിൽപാത പണിതത്. ജനങ്ങൾക്ക് യാത്രസൗകര്യമൊരുക്കുന്നതിന് വലിയൊരു ത്യാഗം സഹിക്കാൻ തയ്യാറായ മഹാനുഭാവനെയാണ് പു ക സ പരസ്യമായി അവഹേളിക്കുകയും നിന്ദിക്കുകയും ചെയ്യുന്നത്.
ഒരാൾ ചെയ്യുന്ന നല്ലകാര്യങ്ങളെ പച്ചനുണ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയും തമസ്കരിക്കുകയും അയാളെ കല്ലെറിഞ്ഞ് അപമാനിതനാക്കുകയും ചെയ്യുന്നതാണ് കമ്മ്യൂണിസ്റ് ശൈലി. സുരേഷ് ഗോപിക്കു പുരസ്‌കാരം കൊടുക്കുന്നതിൽ നിന്നും എം കെ സാനുമാഷെ വിലക്കിയതും ഇതേ വികലകാഴ്ചപ്പാടിന്റെ പരിണിത ഫലമാണ്. ഇഷ്ടമില്ലാത്തവരെയെല്ലാം തിരസ്കരിക്കുകയും ചരിത്രത്തെ വളച്ചൊടിച് സ്വാർത്ഥ ലാഭങ്ങൾക്ക് വേണ്ടി വക്രീകരിക്കുകയും ചെയ്യുന്ന പതിവ് രീതി ഇനിയെങ്കിലും പുരോഗമനത്തിന്റെ കുത്തകാവകാശികൾ ഉപേക്ഷിക്കാൻ തയ്യാറാകണം', പോസ്റ്റിൽ പറഞ്ഞു.












Click it and Unblock the Notifications