അതിതീവ്ര ന്യൂനമർദ്ദം; 7 ദിവസം വ്യാപക മഴ, രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത..
തിരുവനന്തപുരം: അതിതീവ്ര ന്യൂനമർദ്ദത്തിന്റെ ഫലമായി ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതിചെയ്തിരുന്ന അതിതീവ്ര ന്യുനമർദ്ദം (Deep Depression) ഒഡിഷയിലെ പുരിക്ക് സമീപം കരയിൽ പ്രവേശിച്ചു. ഒഡിഷക്ക് മുകളിലൂടെ നീങ്ങി ഇന്ന് അർദ്ധരാത്രിയോടെ തീവ്രന്യുനമർദ്ദമായി (Depression) ശക്തി കുറയാൻ സാധ്യത.
തുടർന്നുള്ള 24 മണിക്കൂറിൽ ഛത്തിസ്ഗഡ് മേഖയിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. കേരള തീരം മുതൽ കർണാടക തീരം വരെയുള്ള ന്യൂനമർദ്ദപാത്തി ദുർബലമായിട്ടുണ്ട്. ഇതിന്റെ ഫലമായി, കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സെപ്റ്റംബർ 9 മുതൽ 10 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തിങ്കൾ മുതൽ വെള്ളി വരെ തെക്കു പടിഞ്ഞാറൻ അറബിക്കടലിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടലിന്റെ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
ബുധനാഴ്ച വരെ ഗൾഫ് ഓഫ് മാന്നാർ, തമിഴ്നാട് തീരം അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോ മീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു, ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.
നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.












Click it and Unblock the Notifications