മാറാതെ മഴ; ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത, 3 ജില്ലകളിൽ അതിശക്തമായ മഴ, യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത. ഇന്ന് മൂന്ന് ജില്ലകളിൽ ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64. 5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
അതേ സമയം അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേ ,സമയം. ഉയർന്ന തിരമാലജാഗ്രതാ നിർദ്ദേശം ഉണ്ട്.

തമിഴ്നാട് തീരത്ത് ( കന്യാകുമാരി, രാമനാഥപുരം, തൂത്തുക്കൂടി, തിരുമനെൽവേലി, ) ഇന്ന് രാത്രി 11. 30 വരെ 0. 9 മുതൽ 1. 1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി ഗവേഷണ കേന്ദ്രം അറിയിച്ചു. ലക്ഷദ്വീപ് തീരങ്ങളിലും ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം.
ഇന്ന് ഗൾഫ് ഓഫ് മാന്നാർ, തെക്കൻ തമിഴ്നാട് തീരം, അതിനോട് ചേർന്ന കന്യാകുമാരി തീരം, വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങൾ അതിനോട് ചേർന്ന വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോ മീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്.
നാളെ വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങൾ അതിനോട് ചേർന്ന വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോ മീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോ മീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications