മഴമുന്നറിയിപ്പിൽ മാറ്റം; 12 ജില്ലകളിൽ തീവ്രമഴ..തമിഴ്നാടിന് മുകളിൽ പുതിയ ചക്രവാതച്ചുഴി
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് അലർട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും 6 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂർ, കാസറഗോഡ്, 7ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും മഞ്ഞ അലർട്ടാണ്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

ചക്രവാതച്ചുഴി; ഓഗസ്റ്റ് 7 വരെ മഴ
തെക്കൻ ഗുജറാത്ത് തീരം മുതൽ മുതൽ വടക്കൻ കേരള തീരം വരെ തീരദേശ ന്യൂന മർദ്ദ പാത്തി ദുർബലമായെങ്കിലും തെക്കൻ തമിഴ്നാടിന് മുകളിൽ ഇന്ന് ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിൻ്റെ പശ്ചാത്തലത്തിൽ 7 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇന്നും നാളേയും കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും വകുപ്പ് മുന്നറിയിപ്പ് നൽകി.
സംസ്ഥാനത്ത് കാലവർഷ സാഹചര്യം നിയന്ത്രണവിധേയം: മുഖ്യമന്ത്രി
സംസ്ഥാനത്തെ മിക്ക ജില്ലകളിലും കാലവർഷ സാഹചര്യം നിലവിൽ നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സംസ്ഥാനത്തൊട്ടാകെ പ്രവർത്തിക്കുന്ന 316 ദുരിതാശ്വാസ ക്യാമ്പുകളിലായി 11,018 പേരാണ് കഴിയുന്നത്. കനത്ത മഴയെ തുടർന്നുണ്ടായ ദുരന്തത്തിൽ ഇതുവരെ 15 പേർ മരണപ്പെട്ടു. 7 പേരെ കാണാതായതായും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
മരിച്ചവരുടെ സംസ്‌കാര ചടങ്ങുകൾക്കായി പതിനായിരം രൂപ അടിയന്തരമായി അനുവദിച്ചു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് എസ്.ഡി.ആർ.എഫ്, സി.എം.ഡി.ആർ.എഫ്, പി.എം.എൻ.ആർ.എഫ് എന്നിവയിൽ നിന്നായി ആകെ 8 ലക്ഷം രൂപ ധനസഹായം ലഭിക്കും. വീട് ശുചീകരണത്തിനായി ക്യാമ്പുകളിൽ നിന്ന് മടങ്ങുന്നവർക്ക് അടിയന്തര സഹായമായി 10,000 രൂപ നൽകും. ഉപജീവനമാർഗം നഷ്ടപ്പെട്ടവർക്ക് ഒരു റേഷൻ കാർഡിലെ രണ്ടുപേർക്ക് 300 രൂപ വീതം സഹായം നൽകാൻ തീരുമാനിച്ചിട്ടുണ്ട്. പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി സ്ഥലം വാങ്ങി വീട് വയ്ക്കാനുള്ള സഹായം 10 ലക്ഷത്തിൽ നിന്ന് 12 ലക്ഷം രൂപയായും വീട് പൂർണമായും നഷ്ടപ്പെട്ടവർക്കുള്ള സഹായം 4 ലക്ഷത്തിൽ നിന്ന് 6 ലക്ഷം രൂപയായും വർധിപ്പിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.


Click it and Unblock the Notifications