ഈ നാലു ജില്ലക്കാര്‍ കുടയെടുത്തോളൂ; കടുത്ത ചൂടിന് ആശ്വസമായി മഴ വരുന്നു; മുന്നറിയിപ്പ് ഇങ്ങനെ
കൊച്ചി: പുതുവര്‍ഷം പിറന്ന ശേഷം കേരളത്തില്‍ കാര്യമായ മഴ പെയ്തിട്ടില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. പകല്‍ 33 ഡിഗ്രിയിലേറെ ചൂടാണ് അനുഭവപ്പെടുന്നത്. വേനല്‍ കടുത്തു നില്‍ക്കുന്നതിനാല്‍ സമാനതകളില്ലാത്ത പ്രതിസന്ധിയാണ് കര്‍ഷകരും നേരിടുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജലക്ഷാമവും നേരിട്ടു തുടങ്ങി.
എന്നാല്‍ ഇപ്പോള്‍ വേനല്‍ച്ചൂടിന് ആശ്വാസമായി മഴ പെയ്യുമെന്ന പ്രവചനം വന്നിരിക്കുകയാണ്. സംസ്ഥാനത്ത് വരുന്ന ദിവസങ്ങളില്‍ മധ്യ, തെക്കന്‍ ജില്ലകളില്‍ മഴ പെയ്യുമെന്നാണ് പ്രവചനം. ഫെബ്രുവരി 19 മുതല്‍ 21 വരെ മഴ പെയ്യാനാണ് സാധ്യത. 19 മുതല്‍ 21 വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും 20, 21 തീയതികളില്‍ ഇടുക്കി ജില്ലയിലും നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

ന്യൂനമര്‍ദവും ചക്രവാതച്ചുഴിയുമാണ് മഴയ്ക്കു കാരണം. ഇന്ത്യന്‍ മഹാസമുദ്രത്തിനും തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്തിനും മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദം തെക്കുപടിഞ്ഞാറന്‍ ഭാഗത്തേക്ക് നീങ്ങാനും കൂടുതല്‍ ശക്തമാകാനും സാധ്യതയുണ്ട്. ഇതുകൂടാതെ തെക്കന്‍ കേരള തീരത്തോട് ചേര്‍ന്നുള്ള തെക്കുകിഴക്കന്‍ അറബിക്കടലിനു മുകളില്‍ സമുദ്രനിരപ്പില്‍ നിന്ന് 0.9 കിലോമീറ്റര്‍ ഉയരത്തില്‍ മറ്റൊരു ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക ജാഗ്രത നിര്‍ദേശവും നല്‍കിയിട്ടുണ്ട്. താഴെ പറയുന്ന ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.
ബുധന്‍: തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ഇന്ത്യന്‍ മഹാസമുദ്രം, ശ്രീലങ്കന്‍ തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
വ്യാഴം, വെള്ളി: തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ഇന്ത്യന്‍ മഹാസമുദ്രം, ശ്രീലങ്കന്‍ തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
ശനി: ശ്രീലങ്കന്‍ തീരം, അതിനോട് ചേര്‍ന്ന തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ഗള്‍ഫ് ഓഫ് മാന്നാര്‍, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.












Click it and Unblock the Notifications