മഴ മുന്നറിയിപ്പിൽ മാറ്റം; നാളെ ഒരു ജില്ലയിലും അതീതീവ്ര മഴയില്ല..ചൊവ്വാഴ്ച വരെ മഴ തുടരും
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നാളെ വിവിധ ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ടുകൾ പിൻവലിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലർട്ട് ഉണ്ടായിരുന്നത്. പുതുക്കിയ മുന്നറിയിപ്പ് പ്രകാരം നാളെ ഒരു ജില്ലയിലും റെഡ് അലർട്ട് ഇല്ല.ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് തുടരും. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഉണ്ട്.
തെക്കു-പടിഞ്ഞാറൻ കാലവർഷം മധ്യ-പടിഞ്ഞാറൻ, മധ്യ-കിഴക്കൻ അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിച്ചതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടാതെ ഗോവ പൂർണ്ണമായും കർണാടകയുടെ കൂടുതൽ ഭാഗങ്ങളിലേക്കും മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നിവയുടെ ചില ഭാഗങ്ങളിലേക്കും മൺസൂൺ വ്യാപിച്ചിട്ടുണ്ട്. തമിഴ്‌നാടിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കാലവർഷം എത്തിയതായി വകുപ്പ് പറഞ്ഞു.

വടക്കൻ കേരളത്തിന് മുകളിൽ നിലവിൽ ചക്രവാതചുഴി സ്ഥിതിചെയ്യുന്നുണ്ട്.
ഈ സാഹചര്യത്തിൽ ഇന്ന് കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു..
9 വരെ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 10 വരെ ഇടിമിന്നലോടും ശക്തമായ കാറ്റോടും (മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയുള്ള) കൂടി വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മണിമല നദിയിൽ ജലനിരപ്പ് ഉയരുന്നു; പത്തനംതിട്ടയിൽ മഞ്ഞ അലർട്ട്
സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നതിനിടെ നദികളിലെ ജലനിരപ്പ് ഉയരുന്നതായി കേന്ദ്ര ജല കമ്മിഷൻ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ട ജില്ലയിലെ മണിമല നദിയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കല്ലൂപ്പാറ സ്റ്റേഷനിലെ നിരീക്ഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നദീതീര പ്രദേശങ്ങളിൽ താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
യാതൊരു കാരണവശാലും നദിയിൽ ഇറങ്ങുകയോ നദി മുറിച്ചുകടക്കുകയോ ചെയ്യരുതെന്നും മുന്നറിയിപ്പുണ്ട്. നദീതീരങ്ങളിൽ താമസിക്കുന്നവർ സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിക്കുകയും അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കുകയും വേണം.
പ്രളയസാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും സാഹചര്യം ആവശ്യപ്പെടുന്ന പക്ഷം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കാൻ തയ്യാറാകണമെന്നും അധികൃതർ അറിയിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ നദികളിലെ ജലനിരപ്പിൽ കൂടുതൽ വർധനവുണ്ടാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.












Click it and Unblock the Notifications